Sections

കേരളത്തിലേക്ക് പ്രൊഫഷണലുകളെ ആകർഷിക്കാൻ 'തിരികെ' കാമ്പയിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

Tuesday, Jan 13, 2026
Reported By Admin
KSUM Launches ‘Thirike’ Campaign to Bring Professionals Back

തിരുവനന്തപുരം: മികച്ച ഭൗതിക സാഹചര്യങ്ങളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുള്ള കേരളത്തിലേക്ക് ഭാവിയിൽ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് തൊഴിലവസരങ്ങൾ സാധ്യമാക്കുന്ന കാമ്പയിനുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം). കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവരും നാട്ടിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നവരുമായ ഐടി, ഐടി ഇതര പ്രൊഫഷണലുകൾക്ക് മികച്ച തൊഴിലവസരം കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതാണ് കെഎസ്യുഎമ്മിൻറെ 'തിരികെ' എന്ന കാമ്പയിൻ.

സാങ്കേതികമായി ഏറെ പുരോഗതി പ്രാപിച്ച കേരളത്തിൽ നാളിതു വരെയുള്ള ഏറ്റവും അനുകൂലമായ വ്യാവസായിക അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. മികച്ച നൈപുണ്യശേഷി പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ സാന്നിധ്യവും കരുത്തുറ്റ ഐടി ഇൻഫ്രാസ്ട്രക്ചറുമാണ് കേരളത്തിൻറെ അനുകൂല ഘടകങ്ങൾ. ഇത് പ്രൊഫഷണലുകളെയും വൻകിട കമ്പനികളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുന്നു. ഈ സാഹചര്യത്തിൽ ഐടി, ഐടി ഇതര ജീവനക്കാർക്ക് ഭാവിയിൽ കേരളത്തിൽ തിരിച്ചെത്തി ജോലി ചെയ്യാനുള്ള അവസരം സൃഷ്ടിക്കാനാണ് കെഎസ്യുഎം ലക്ഷ്യമിടുന്നത്.

ഡിജിറ്റൽ സർവേയിലൂടെ വിവരശേഖരണം നടത്തിയാണ് കേരളത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രൊഫഷണലുകളുടെ ഡാറ്റാബേസ് തയ്യാറാക്കുക. ഇതിനായുള്ള 'തിരികെ' വെബ്സൈറ്റ് ഹഡിൽ ഗ്ലോബൽ 2025 വേദിയിൽ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പ്രകാശനം ചെയ്തു.

മികച്ച മനുഷ്യവിഭവ ശേഷി ആവശ്യമുള്ള കമ്പനികൾക്കും സംരംഭകർക്കും അനുയോജ്യരായ പ്രൊഫഷണലുകളെ ഈ ഡാറ്റാബേസിലൂടെ തിരഞ്ഞെടുക്കാനാകും. പ്രൊഫഷണലുകളെ കണ്ടെത്താനുള്ള സമയം ലാഭിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് ലളിതവും കാര്യക്ഷമവുമാക്കാനും ഇതിലൂടെ സാധിക്കും. കേരളത്തിലേക്കെത്തുന്ന കമ്പനികളിലെ തൊഴിലവസരങ്ങളെക്കുറിച്ച് പ്രൊഫഷണലുകൾക്ക് വിവരം ലഭ്യമാക്കാനും ഇത് വഴിയൊരുക്കും.

പുതിയ കാലത്തെ സാധ്യതകൾ തിരിച്ചറിഞ്ഞ് നൂതനപദ്ധതികൾ രൂപപ്പെടുത്തുകയും നടപ്പാക്കുകയുമാണ് കെഎസ്യുഎം ചെയ്യുന്നതെന്ന് സിഇഒ അനൂപ് അംബിക പറഞ്ഞു. മികച്ച അവസരങ്ങൾ തേടി കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും കുടിയേറിയ നിരവധി സാങ്കേതിക പ്രൊഫഷണലുകളാണുള്ളത്. ഇന്ത്യയിലെ 50 ലക്ഷം ഐടി പ്രൊഫഷണലുകളിലെ 20 ശതമാനവും മലയാളികളാണെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ നവീകരിക്കപ്പെട്ട ഭൗതിക സാഹചര്യങ്ങളുടെയും തൊഴിൽ സാധ്യതകളുടെയും പശ്ചാത്തലത്തിൽ തിരികെവരാനും നാട്ടിൽതന്നെ തൊഴിലെടുക്കാനും ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതാണ് 'തിരികെ' കാമ്പയിൻ.

പ്രൊഫഷണലുകൾക്ക് വളരാൻ അവസരമൊരുക്കുന്നതാണ് കേരളത്തിൽ നിലവിലുള്ള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെന്ന് അനൂപ് അംബിക ചൂണ്ടിക്കാട്ടി. കേരളത്തിലെത്തുന്ന ഒരു അന്താരാഷ്ട്ര കമ്പനിക്ക് പരിചയ സമ്പന്നരും തൊഴിൽ വൈദഗ്ധ്യവുമുള്ളവരുമായ പ്രൊഫഷണലുകളെ കാമ്പയിനിൻറെ ഭാഗമായി തയ്യാറാക്കുന്ന ഡാറ്റാബേസിൽ നിന്ന് കണ്ടെത്താനാകും. കേരളത്തിൽ നിക്ഷേപത്തിന് തയ്യാറാകുന്ന കമ്പനികൾക്ക് മാത്രമാണ് ഡാറ്റാബേസ് നൽകുക. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വലിയൊരു കുതിപ്പിന് കേരളം തയ്യാറെടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബഹുരാഷ്ട്ര കമ്പനികൾക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഗ്ലോബൽ കേപ്പബിലിറ്റി സെൻററു (ജിസിസി കേന്ദ്രങ്ങൾ) കളിലൂടെ വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. നാൽപതിൽപ്പരം പ്രമുഖ കമ്പനികൾ ഇതിനകം കേരളത്തിൽ ജിസിസികൾ സ്ഥാപിച്ചിട്ടുണ്ട്. നിരവധി ആഗോള കമ്പനികൾ കേരളത്തിൽ ജിസിസി സെൻററുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. കേരളത്തിലേക്ക് തിരികെയെത്തുന്ന പ്രൊഫഷണലുകൾക്ക് ജിസിസികൾ വഴിയുള്ള തൊഴിലവസരത്തിനും സാധ്യതയേറെയാണ്.

2030 ആകുമ്പോഴേക്കും ജിസിസികൾ ഇന്ത്യയിൽ 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് ഫസ്റ്റ് മെറിഡിയൻ ബിസിനസ് സർവീസസ് റിപ്പോർട്ടിൽ പറയുന്നത്. 2026 ൽ മാത്രം 1.5 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്കുള്ള വളർച്ച, പ്രതിഭാധനരായ പ്രൊഫഷണലുകൾ, മെച്ചപ്പെട്ട ജീവിതനിലവാരം, ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, ശക്തവും മികവുറ്റതുമായ സ്റ്റാർട്ടപ്പ് സംവിധാനം, അക്കാദമിക്-വ്യാവസായിക ബന്ധം എന്നിവ ബിസിനസുകളെ കേരളത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.

രജിസ്ട്രേഷന്: https://thirike.startupmission.in/


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.