Sections

മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട  പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കും- മന്ത്രി സജി ചെറിയാൻ

Monday, May 15, 2023
Reported By Admin
Fisheries

ബേപ്പൂർ മണ്ഡലം തീരസദസ്സ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു


മത്സ്യത്തൊഴിലാളി മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. സംസ്ഥാനത്ത് തീരസദസ്സ് സമാപിക്കുമ്പോഴേക്കും കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ 20,000 ത്തോളം അപേക്ഷകൾ പരിഗണിച്ച് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂർ മണ്ഡലം തീരസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുനർഗേഹം പദ്ധതിയിലൂടെ ഭവനനിർമ്മാണ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സർക്കാരിന് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 12,558 പേർക്ക് വീട് നിർമ്മിച്ച് നൽകാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

മാതാപിതാക്കൾ മരണപ്പെട്ട കുട്ടികളെ സൗജന്യമായി പഠിപ്പിക്കുകയാണ് സർക്കാർ. മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന ഇടപെടൽ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. ചാലിയം ഫിഷ്ലാന്റിങ് സെന്റർ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ബേപ്പൂർ തുറമുഖം വികസനവുമായി ബന്ധപ്പെട്ട് ഡി.പി.ആർ അടിയന്തരമായി സമർപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. മാറാട് അഡീഷണൽ ഫിഷ് ലാന്റിങ് സെന്റർ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിൽ മനസ്സിലാക്കുന്നതിനും തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമപ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിനുമായാണ് തീരസദസ്സുകൾ സംഘടിപ്പിക്കുന്നത്. തീരദേശ മേഖലയിലെയും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കണ്ടെത്താനുമുള്ള ഒരു സമഗ്രമായ വേദിയാവുകയാണ് തീരസദസ്സ്.

228 പരാതികളാണ് ബേപ്പൂർ തീരസദസ്സിൽ ലഭിച്ചത്. മുതിർന്ന മത്സ്യത്തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെയും ഉന്നതവിദ്യാഭ്യാസം നേടിയവരെയും ഉപഹാരം നൽകി അനുമോദിച്ചു.

മേയർ ഡോ.ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കൃഷ്ണകുമാരി, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ, ജില്ലാ പഞ്ചായത്ത് അം?ഗം പി ഗവാസ്, കൗൺസിലർമാരായ ഗിരിജ ടീച്ചർ, കെ രാജീവ്, വാടിയിൽ നവാസ്, രജനി തോട്ടുങ്ങൽ, കൊല്ലരത്ത് സുരേഷ്, ഫിഷറീസ് ഡയറക്ടർ അദീല അബ്ദുള്ള, ഫിഷറീസ് ജോയിന്റ് ഡയറക്ടർ ആർ അമ്പിളി, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.