Sections

കഷ്ടപ്പാടിന്റെ ഫലം എപ്പോഴാണെങ്കിലും തിരിച്ചു കിട്ടും, അതിന് എന്തും ചെയ്യാനുള്ള മനസുണ്ടാകണം

Friday, Jun 10, 2022
Reported By Aswathi Nurichan
unni raj

മറിമായം ഉണ്ണിയെന്ന ഉണ്ണിരാജ് കലാമേഖലയില്‍ എന്തും കാണിക്കും. തന്നിലെ പ്രതിഭയെ വളര്‍ത്തുന്നതിനായി അയാള്‍ എന്തും ചെയ്യാന്‍ തയ്യാറാകും. അത് വൃദ്ധനാണെങ്കിലും, ചളിയനാണെങ്കിലും, ഫ്രീക്കനാണെങ്കിലും ഒക്കെ

 

ചലച്ചിത്ര മേഖല പ്രേക്ഷകരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതുപോലെ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ മിനി സ്‌ക്രീനിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്ത് പറയേണ്ട ആവശ്യവുമില്ല. മിനിസ്‌ക്രീനിലെ കലാകാരമാരെ സ്വന്തം വീട്ടിലെ ആളുകളെ പോലെയാണ് പ്രേക്ഷകര്‍ കാണുന്നത്. ജീവിതത്തില്‍ ഉണ്ടാകുന്ന പല പല പ്രശ്‌നങ്ങള്‍ക്കിടയില്‍ സന്തോഷിക്കാനായി ടിവി കാണുന്ന പ്രേക്ഷകരെ നിറുത്താതെ ചിരിപ്പിച്ച് അവരുടെ മനസ് കീഴടക്കുന്ന അഭിനേതാക്കള്‍ നിരവധിയുണ്ട്. അതിനാല്‍ തന്നെ പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന ഹാസ്യതാരങ്ങളെ അവര്‍ ഒരിക്കലും മറക്കാന്‍ ഇടയില്ല. അത്തരത്തില്‍ ആളുകളെ ചിരിപ്പിച്ച് കൊണ്ട് പ്രേക്ഷകരുടെ മനസിലേക്ക് ഇടിച്ച് കയറിയ അഭിനേതാവാണ് ഉണ്ണിരാജ്. നമ്മുടെ സ്വന്തം മറിമായം ഉണ്ണി തന്നെ.

മറിമായം എന്ന പ്രശ്‌സ്ത ടെലിവിഷന്‍ സീരിയലിലൂടെ പ്രതിഭ തെളിയിച്ച മറിമായം ഉണ്ണിയെ ഓര്‍ക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. 25 വര്‍ഷത്തോളമായി കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണിരാജിന്റെ അഭിനയം കണ്ട് ഇയാള്‍ ഇത് എന്തൊക്കെയാണ് കാണിക്കുന്നത് എന്ന് പ്രേക്ഷകര്‍ കുടുകുടെ ചിരിക്കുന്നതിനിടയില്‍ ചോദിച്ചാല്‍ ഒരു തെറ്റുമില്ല. മറിമായം ഉണ്ണിയെന്ന ഉണ്ണിരാജ് കലാമേഖലയില്‍ എന്തും കാണിക്കും. തന്നിലെ പ്രതിഭയെ വളര്‍ത്തുന്നതിനായി അയാള്‍ എന്തും ചെയ്യാന്‍ തയ്യാറാകും. അത് വൃദ്ധനാണെങ്കിലും, ചളിയനാണെങ്കിലും, ഫ്രീക്കനാണെങ്കിലും ഒക്കെ. ജീവിതത്തില്‍ മടിയില്ലാതെ എന്തും ചെയ്യാനുള്ള ധൈര്യം പകര്‍ന്നു നല്‍കിയത് സാഹചര്യങ്ങള്‍ തന്നെയാണെന്ന് ഉണ്ണിരാജ് പറയുന്നു.

25 വര്‍ഷത്തോളമായി കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉണ്ണിരാജ്, സെലിബ്രിറ്റി ഇമേജും ജീവിതവും വേറെ വേറെ കാണുന്നയാളാണ്. അതിന്റെ ഭാഗമായാണ് അദ്ദേഹം ഈയടുത്ത് പുതിയ ജോലിയില്‍ പ്രവേശിച്ചത്. സെലിബ്രിറ്റിയായ ഒരാള്‍ എങ്ങനെയാണ് ഇത്തരത്തില്‍ ചിന്തിക്കുന്നതെന്ന് മറിമായം ഉണ്ണിയോട് തന്നെ നമുക്ക് ചോദിക്കാം. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങുന്ന മികച്ച കലാകാരന്‍ ഉണ്ണിരാജുമായി ദി ലോക്കല്‍ ഇക്കണോമി സബ്എഡിറ്റര്‍ അശ്വതി നുരിച്ചന്‍ നടത്തിയ അഭിമുഖം. 

നാടകം മുതല്‍ സിനിമ വരെ...

അമച്ച്വര്‍ നാടകങ്ങളിലൂടെയാണ് കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയായ ഉണ്ണി രാജന്‍ കലാ മേഖലയിലേക്ക് കാലെടുത്ത വച്ചത്. തുടര്‍ന്ന് നാടകം, മൈം പരിശീലകനായി പ്രവര്‍ത്തിച്ചു തുടങ്ങി. തന്നിലെ കലാവാസനയെ മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളിലേക്ക് പകരുന്ന ഉണ്ണി 25 വര്‍ഷമായി പരിശീലകനായി ജോലി ചെയ്യുന്നു. സൂഹൃത്ത് വഴിയാണ് മറിമായത്തില്‍ ചെറിയ വേഷം ചെയ്യാന്‍ പോയതെന്നും പിന്നീട് അതില്‍ സജീവമായെന്നും ഈ കലാകാരന്‍ പറയുന്നു. തുടര്‍ന്നാണ് ഉണ്ണി രാജന്‍ മറിമായം ഉണ്ണിയായി മാറിയതും ബിഗ് സ്‌ക്രീനില്‍ നിന്നടക്കം മികച്ച വേഷങ്ങള്‍ ലഭിക്കുകയും ചെയ്തതും.

കലാകാരന് പരിധികളില്ല

മറിമായം എന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പരിപാടി ഈ കലാകാരനെ മികച്ച രീതിയില്‍ വളര്‍ത്തി. മറിമായത്തിലൂടെ നിരവധി വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ സാധിച്ചുവെന്ന് ഉണ്ണി പറഞ്ഞു. വ്യത്യസ്തമായ അനവധി വേഷങ്ങള്‍ കൈകാര്യം ചെയ്ത ഈ കലാകാരന്‍ പ്രേക്ഷകരെ നിറുത്താതെ ചിരിപ്പിക്കുന്നതിലും പ്രഗത്ഭനാണ്. അതിനാല്‍ തന്നെ കുട്ടികളും പ്രായമായവരുമടക്കം വലിയൊരു ആരാധക വലയം തന്നെ മറിമായം ഉണ്ണിയ്ക്കുണ്ട്.

കഷ്ടപ്പാടിന്റെ ഫലം എപ്പോഴാണെങ്കിലും തിരിച്ചു കിട്ടും

കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടിന്റെയും രുചി ആവോളം നുണഞ്ഞിട്ടുള്ളയാളാണ് ഉണ്ണി രാജ്. അത് ജീവിതത്തിലാണെങ്കിലും കലാ മേഖലയിലാണെങ്കിലും. വര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായാണ് ഓരോ മാറ്റങ്ങളും ഉയര്‍ച്ചകളും ജീവിതത്തില്‍ ഉണ്ടായത്, അതിനാല്‍ കഷ്ടപ്പാടിന് എപ്പോഴാണെങ്കിലും ഫലം ലഭിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. തന്റെ അച്ഛന്‍ കണ്ണന്‍നായറും അമ്മ ഓമനയും സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. അതിനാല്‍ ജീവിതത്തില്‍ കുറേയധികം കഷ്ടപ്പെട്ടിട്ടുണ്ട്.അമ്മ പണിയെടുത്ത പാടം അമ്മയുടെ പേരില്‍ തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിച്ചത് ആ ആത്മവിശ്വാസം കൊണ്ടാണെന്നും ഉണ്ണി രാജ് പറയുന്നു.

മലബാര്‍ ഭാഷയുടെ തോഴന്‍

മലബാര്‍ ഭാഷ പ്രേക്ഷകര്‍ക്കിടയില്‍ പ്രചാരം നല്‍കിയതില്‍ കലാ മേഖലയ്ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. നിലവില്‍ കുറേയധികം സിനിമകളില്‍ വടക്കന്‍ കേരളത്തിന്റെ ശൈലിയും, ഭാഷാരീതിയും ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തന്നെ എല്ലാ ഭാഷാ വൈവിധ്യങ്ങളും ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായി തുടങ്ങി എന്നു തന്നെ പറയാം. മലബാര്‍ ഭാഷയുടെ തോഴനായ മറിമായം ഉണ്ണി ആ മാറ്റങ്ങള്‍ മികച്ച രീതിയില്‍ മനസിലാക്കുകയും പ്രയോഗിക്കുകയും ചെയ്തയാളാണ്. അതുകൊണ്ട് തന്നെയാണ് മറിമായം എന്ന സീരിയലില്‍ തന്റെ സ്വന്തം കാസര്‍ഗോഡ്, കണ്ണൂര്‍ ഭാഷ ഉപയോഗിക്കാന്‍ ഉണ്ണി രാജിന് സാധിച്ചത്.

മറിമായം തന്ന ധൈര്യം

യാദൃശ്ചികമായി മറിമായത്തിലേക്ക് എത്തിയയാളാണ് ഉണ്ണിരാജ്. പിന്നീട് കഴിവു കൊണ്ടംു സഹപ്രവര്‍ത്തകരുടെ പിന്തുണ കൊണ്ടും അദ്ദേഹത്തിന് അതില്‍ തന്നെ നിലനില്‍ക്കാന്‍ സാധിച്ചു. സ്വന്തം പേര് തന്നെ കഥാപാത്രത്തിന് ലഭിച്ചതും മറിമായം ഉണ്ണി എന്ന പേരില്‍ തന്നെ അറിയപ്പെടാന്‍ സാധിച്ചതും വലിയ ഭാഗ്യമായി ഉണ്ണി കരുതുന്നു. തുടക്കം മറിമായമായത് കൊണ്ട് തന്നെ വളര്‍ച്ചയുടെ എല്ലാ ഘടകങ്ങളും മറിമായവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രേക്ഷകരുടെ സ്വന്തം മറിമായം ഉണ്ണി പറയുന്നു.

എന്ത് പണിയെടുക്കാനും മടിയില്ല

ഞാന്‍ സാധാരണക്കാരനാണ്, മുന്‍പ് നിരവധി നാടന്‍ പണികളൊക്കെ ചെയ്തിരുന്നു, അതിനാല്‍ എന്ത് പണിയെടുക്കാനും മടിയില്ലെന്ന് ഈ എളിയ കലാകാരന്‍ പറയുന്നു. അതിന്റെ ഭാഗമായാണ് കാസര്‍ഗോഡ് ജില്ലയിലെ സ്വീപര്‍ ജോലിയ്ക്കായി ഉണ്ണിരാജ് അപേക്ഷിച്ചത്. അതിന് ഭാര്യ സിന്ധുവും മക്കളായ ആതിദ്യ രാജും, ദന്‍വിന്‍ രാജും ഉള്‍പ്പെടുന്ന കുടുംബം ഉണ്ണിയ്ക്ക് പിന്തുണ നല്‍കി

കഴിവ് നല്‍കിയ അവസരങ്ങള്‍

കോമഡി വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഉണ്ണിരാജ് സിനിമകളിലും ചെറിയ വേഷങ്ങളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമാ മേഖലയിലും ഉണ്ണി രാജിന്റെ മികച്ച കഴിവ് തെളിയിക്കുന്നതിനായുള്ള  മുഴുനീളം വേഷങ്ങളും പുറത്ത് വരാനുണ്ട്.  ജയിലര്‍, അപ്പന്‍, പടച്ചോനേ കാത്തോളീന്‍ തുടങ്ങിയ ഉണ്ണിരാജ് അഭിനയിച്ച കുറച്ചധികം സിനിമകള്‍ റിലീസിനായി കാത്തിരിക്കുകയാണ്.

ലോകത്തിലെ മികച്ച സിനിമകളും അഭിനേതാക്കളെയും വാര്‍ത്തെടുക്കുന്ന ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. മലയാള സിനിമ നൂതന മാറ്റങ്ങള്‍ക്ക് ശ്രമിച്ചു കൊണ്ടേയിരിക്കുകയാണ്. അതിന് പ്രേക്ഷകര്‍ പൂര്‍ണ പിന്തുണ നല്‍കി കൂടെ തന്നെയുണ്ട്. സിനിമാ മേഖല ഇപ്പോള്‍ പരീക്ഷണത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പരീക്ഷണങ്ങള്‍ നടത്താനും വിജയിപ്പിക്കാനും കഴിവുള്ള നിരവധി സാങ്കേതിക വിദഗ്ധരും കലാകാരന്മാരും ഇപ്പോള്‍ നമ്മുക്ക് സ്വന്തമായുണ്ട്. അതിനാല്‍ തന്നെ ടൈപ്പ്കാസ്റ്റിംഗിനെ പൊളിച്ചടുക്കുന്ന പ്രകടനമാണ് സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ഇപ്പോള്‍ നടക്കുന്നത്. 

വ്യത്യസ്തകളെ ഉള്‍ക്കൊള്ളുന്നവരും പരീക്ഷിക്കുന്നവരും കഴിവ് തെളിയിക്കുന്നവരും നിരവധിയാണ് മലയാള സിനിമയില്‍. അത്തരത്തില്‍ ട്രാക്ക് മാറ്റി തന്റെ കഴിവിനെ കൂടുതല്‍ മികച്ചതാക്കാനൊരുങ്ങുകയാണ് ഉണ്ണിരാജും. അക്കാര്യത്തില്‍ തന്നിലെ കഴിവിനെ മനസിലാക്കിയ സഹപ്രവര്‍ത്തകരെയും സാങ്കേതിക പ്രവര്‍ത്തകരെയും അദ്ദേഹം സ്‌നേഹത്തോടെ ഓര്‍ക്കുന്നു. അതെ, ഉണ്ണിരാജ് എന്ന പരിചയ സമ്പന്നനായ കലാകാരന്‍ പറയുന്നത് നമ്മുക്ക് മനസിലേറ്റാം...ശ്രമിക്കുക, ശ്രമിച്ചു കൊണ്ടേയിരിക്കുക, രീതിയും തരവും മാറിയേക്കാം, എന്നാല്‍ കഴിവുള്ള കലാകാരന്റെ കഷ്ടപ്പാട് ഒരിക്കല്‍ വിജയിക്കുക തന്നെ ചെയ്യും. ഉണ്ണിരാജിന് ലഭിച്ച മറിമായം പോലെ നിങ്ങള്‍ക്ക് വേറൊന്ന്...
 

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.