- Trending Now:
കൊച്ചി: ആഗോള കലാലോകത്തിന്റെ അസാധാരണമായ ആഘോഷമാണ് കൊച്ചി-മുസിരിസ് ബിനാലെയെന്ന് നെതർലൻഡ്സിലെ മുൻ ഇന്ത്യൻ അംബാസഡറും മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന വേണു രാജാമണി അഭിപ്രായപ്പെട്ടു. ബിനാലെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിംഗഭേദം, മതം, പൗരത്വം എന്നിവ ബിനാലെ പങ്കാളിത്തത്തിൽ തടസ്സമാകുന്നില്ല. പാകിസ്ഥാനിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള കലാകാരന്മാർക്ക് ബിനാലെ ഇടം നൽകുന്നു എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയ്ക്ക് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാവുന്നതല്ല ഈ പ്രദർശനമെന്നും, അതിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കാൻ ഒന്നിലധികം തവണ സന്ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായ കലാകാരന്മാരുടെ വൈവിധ്യമാർന്ന ശബ്ദങ്ങൾ ഇവിടെ മുഴങ്ങുന്നുണ്ട്. പ്രതിഷേധങ്ങളുടെയും വിയോജിപ്പുകളുടെയും വേദിയായും, ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ശബ്ദമായും ബിനാലെ മാറിക്കഴിഞ്ഞു. സത്യം തുറന്നു പറയാനും നിലവിലുള്ള വ്യവസ്ഥിതികളെ ചോദ്യം ചെയ്യാനും കലാകാരന്മാർക്ക് ഇവിടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഴ്ചക്കാരനിൽ വേഗത്തിൽ സ്വാധീനം ചെലുത്തുന്ന തരത്തിലാണ് ഓരോ പ്രദർശനവും ഒരുക്കിയിരിക്കുന്നത്. കൊച്ചിക്കാരൻ എന്ന നിലയിൽ അന്താരാഷ്ട്ര പ്രദർശനം തനിക്ക് ഇരട്ടിമധുരമാണന്നും വേണു രാജാമണി അറിയിച്ചു.
മുൻ നാവികസേനാ ഉപമേധാവി വൈസ് അഡ്മിറൽ ജി. അശോക് കുമാറും ബിനാലെ സന്ദർശിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ കെട്ടിടങ്ങൾക്കുള്ളിൽ കൊളോണിയാനന്തര ചിന്തകൾ അവതരിപ്പിക്കുന്നത് സാമൂഹിക മാറ്റത്തിന്റെ ശക്തമായ സൂചനയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ടവർ ഇന്ന് മുഖ്യധാരയിലേക്ക് വരുന്നതും ലിംഗസമത്വം സ്വാഭാവിക നിയമമായി മാറുന്നതും ബിനാലെയിലെ സൃഷ്ടികൾ വരച്ചുകാട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.