- Trending Now:
കൊച്ചി: കല എന്നത് കേവലം പരിശീലനത്തിലൂടെ മാത്രം ലഭിക്കുന്ന ഒന്നല്ലെന്നും അത് ഓരോ കലാകാരനിലും ജന്മനാ ഉണ്ടാകേണ്ട ഒന്നാണെന്നും സമകാലിക കലാലോകത്തെ മുത്തശ്ശിയെന്നറിയപ്പെടുന്ന വിശ്വപ്രസിദ്ധ സെർബിയൻ പെർഫോമൻസ് ആർട്ടിസ്റ്റ് മറീന അബ്രമോവിച്ച് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിനോടനുബന്ധിച്ച് 'പെർഫോമൻസ് ആർട്ടിന്റെ ഭൂതവും വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക കൺവെൻഷൻ സെന്ററിൽ നടത്തിയ പ്രഭാഷണത്തിൽ അവർ അഭിപ്രായപ്പെട്ടു.
പെർഫോമൻസ് ആർട്ടിന്റെ പിന്നിലെ ദർശനം, അച്ചടക്കം, വൈകാരികത എന്നിവയെക്കുറിച്ച് സന്ദർശകർക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച നൽകുന്നതായിരുന്നു പ്രഭാഷണം. വിദ്യാഭ്യാസത്തിലൂടെ കഴിവിനെ തേച്ചുമിനുക്കാൻ സാധിക്കുമെങ്കിലും യഥാർത്ഥ സർഗ്ഗാത്മകത സ്വാഭാവികമായി ഉള്ളിൽ നിന്ന് തന്നെ ഉണ്ടാകണം. മൊസാർട്ട്, മൈക്കലാഞ്ചലോ എന്നിവർക്കൊപ്പം മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്ലോയെയും അവർ ഉദാഹരണമായി ചൂണ്ടിക്കാട്ടി. കടുത്ത ശാരീരിക വേദനകളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ചിട്ടും ഫ്രിഡ കഹ്ലോ തന്റെ ഉൾക്കാഴ്ചകളെ കലയിലൂടെ ആവിഷ്കരിച്ചത് അവർ അനുസ്മരിച്ചു.
ഓരോ കലാകാരനും ആശയങ്ങൾ പ്രകടിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാധ്യമം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആവിഷ്കാര മാധ്യമങ്ങൾ ഇടയ്ക്കിടെ മാറുന്നത് കലാകാരന്റെ വ്യക്തിത്വം നഷ്ടപ്പെടാൻ കാരണമാകുമെന്ന് അവർ ഓർമ്മിപ്പിച്ചു. കിഴക്കൻ രാജ്യങ്ങളിലെ ആത്മീയതയും ഏകാഗ്രതയും 79 വയസ്സുുള്ള തന്റെ കലയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. ധ്യാനത്തിലൂടെ ഈ സംസ്ക്കാരം താൻ സ്വന്തം പ്രക്രിയയുടെ ഭാഗമാക്കിയിട്ടുണ്ട്. പെർഫോമൻസ് ആർട്ടിന് ശരീരത്തെയും മനസ്സിനെയും കുറിച്ചുള്ള പൂർണ്ണമായ അറിവ് ആവശ്യമാണ്, കാരണം ഇവിടെ കലാകാരൻ തന്നെയാണ് സൃഷ്ടിയും അതിനുള്ള മാധ്യമവുമെന്നും അവർ പറഞ്ഞു. മഹാനായ കലാകാരൻ ലോകത്തിന്റെ കാഴ്ചപ്പാടുകളെ പുനർനിർവ്വചിക്കുന്നതിനായി സ്വന്തം സൗകര്യങ്ങൾ പോലും ത്യജിക്കുന്നു. കാസിമിർ മലേവിച്ച്, മാർക്ക് റോത്കോ, മാർസെൽ ഡുഷാംപ്, വിൻസെന്റ് വാൻ ഗോഗ് തുടങ്ങിയവർ കലാലോകത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കലാകാരന്മാരാണെന്ന് അവർ ചൂണ്ടിക്കാട്ടി.
പ്രകടനകലയിൽ തന്നേക്കാൾ മികച്ച സംഭാവനകൾ നൽകിയത് അമേരിക്കയിലുള്ള തായ്വാനീസ് ആർട്ടിസ്റ്റ് തെച്ചിംഗ് ഹീഷ് ആണെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രകടനകലയിൽ ശാരീരികവും മാനസികവുമായ അദ്ദേഹത്തിന്റെ സ്ഥൈര്യം മികച്ചതാണ്. ശരീരം ഉപയോഗിച്ച് വ്യക്തിത്വം, ഫാഷൻ, കാഴ്ച എന്നിവയെ പുനർനിർവചിച്ച ആസ്ത്രേലിയൻ ആർട്ടിസ്റ്റ് ലീ ബോവെറിയുടെ സ്വാധീനത്തെക്കുറിച്ചും അവർ എടുത്തു പറഞ്ഞു.
ചിത്രകലയിൽ നിന്ന് പെർഫോമൻസ് ആർട്ടിലേക്കുള്ള തന്റെ മാറ്റത്തെക്കുറിച്ചും ആദ്യ പ്രകടനത്തിൽ അനുഭവിച്ച ആഴത്തിലുള്ള ആത്മബന്ധത്തെക്കുറിച്ചും അബ്രമോവിച്ച് വിവരിച്ചു. കലാകാരനും പ്രേക്ഷകനും തമ്മിലുള്ള ഊർജ്ജ കൈമാറ്റമാണ് പ്രകടനകലയുടെ കാതൽ. ഒരു നിമിഷത്തിൽ മാത്രം നിലനിൽക്കുന്ന പ്രകടനം പ്രേക്ഷകനിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.