Sections

പലചരക്ക് വ്യാപാരികള്‍ക്ക് പണികിട്ടും, വിപണി പിടിക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി സര്‍ക്കാര്‍

Tuesday, Dec 07, 2021
Reported By Ambu Senan
supplyco

ഓണ്‍ലൈന്‍ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാര്‍ഥം ഈ മാസം 11ന് തൃശൂരില്‍ നടക്കും
 

തൃശൂര്‍: വിപണി പിടിച്ചടക്കാന്‍ ഓണ്‍ലൈന്‍ വ്യാപാരവുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) രംഗത്ത്. വില പിടിച്ചുനിര്‍ത്താന്‍ മൊബൈല്‍ മാവേലി സ്റ്റോറുകള്‍ തുടങ്ങിയതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വ്യാപാരവുമായി വിപണിയില്‍ ഇടപെടുന്നത്. പലചരക്ക് വ്യാപാരികള്‍ക്ക് കടുത്ത വെല്ലുവിളിയായിരിക്കും ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.  

ഓണ്‍ലൈന്‍ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം പരീക്ഷണാര്‍ഥം ഈ മാസം 11ന് തൃശൂരില്‍ നടക്കും. തൃശൂര്‍ പീപ്പിള്‍ ബസാറിലും ഒല്ലൂരിലെയും മണ്ണുത്തിയിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലും റവന്യൂ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വലിയ വിജയം കണ്ടില്ലെങ്കിലും ലോക്ഡൗണ്‍ കാലത്ത് നടത്തിയ ഓണ്‍ലൈന്‍ വ്യാപാരം ശാസ്ത്രീയമായി പുനര്‍വിന്യസിക്കുകയാണ് ചെയ്യുന്നത്. കൊഴിഞ്ഞുപോയ ഉപഭോക്താക്കളെ തിരിച്ചുകൊണ്ടുവരികയാണ് പ്രധാന ലക്ഷ്യം. കാലഘട്ടത്തിന് അനുസരിച്ച വില്‍പന തന്ത്രത്തിനൊപ്പം പുതുതലമുറയെ ആകര്‍ഷിക്കാന്‍ കൂടിയുള്ള പദ്ധതിയാണിത്. വില്‍പന ശാലകളിലുണ്ടായ നഷ്ടം കുറക്കുക കൂടി ലക്ഷ്യമുണ്ട്. സപ്ലൈ കേരള എന്ന ആപ്പ് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുക. മില്‍മ, മത്സ്യഫെഡ്, ഹോട്ടികോര്‍പ്പ് അടക്കം വിവിധ സ്ഥാപനങ്ങളുടെ ഉല്‍പന്നങ്ങളും ഇതിലൂടെ വാങ്ങാനാവും.

സപ്ലൈകോയുടെ സ്വന്തം ബ്രാന്‍ഡായ ശബരി സാധനങ്ങളും നോണ്‍ സബ്സിഡി സാധനങ്ങളും ജനങ്ങള്‍ക്ക് ഇതിലൂടെ വാങ്ങാനാവും. അതേസമയം, സബ്സിഡി സാധനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കില്ല. സബ്സിഡി വില്‍പനയിലുള്ള നിബന്ധനകളാണ് ഇതിന് സാധ്യമാവാത്ത സാഹചര്യം സൃഷ്ടിക്കുന്നത്. ഇത് മറികടക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ പിന്നാലെ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഓര്‍ഡര്‍ ലഭിക്കുന്ന സാധനങ്ങള്‍ ബിഗ് സോഫ്റ്റ് കമ്പനിയുമായി ചേര്‍ന്നാണ് വീട്ടില്‍ എത്തിക്കുന്നത്. നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 35 രൂപ നിരക്കിലാണ് ഇതിന് തുക ഈടാക്കുന്നത്. കൂടുതല്‍ കിലോമീറ്ററിന് 100 രൂപയില്‍ കൂടാത്ത തുകയും വീട്ടീല്‍ എത്തിക്കാന്‍ വാങ്ങും. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഉദ്ഘാടന ഓഫറായി അഞ്ച് ശതമാനം കിഴിവ് ലഭിക്കും. 1000 രൂപക്ക് സാധനം വാങ്ങുന്നവര്‍ക്ക് ഒരു പാക്കറ്റ് ആട്ടയും 2000 രൂപക്ക് വാങ്ങുന്നവര്‍ക്ക് 250 ഗ്രാം ശബരി ചായപ്പൊടിയും 5000 രൂപക്ക് ശബരി വെളിച്ചെണ്ണയും സൗജന്യമായി നല്‍കും. മൂന്ന് വില്‍പനശാലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയതിന് പിന്നാലെ ഇതര ജില്ലകളിലും ഓണ്‍ലൈന്‍ വ്യാപാരത്തിന് തുടക്കമിടും.

വ്യാപാരികള്‍ എന്ത് ചെയ്യണം?

ഇതിന് ബദലായി ഒരു ഓണ്‍ലൈന്‍ ഡെലിവറി ആപ്പ് ഇറക്കി കച്ചവടം നിലനിര്‍ത്താനാണു വ്യാപാരികള്‍ ശ്രമിക്കേണ്ടത്. ഒരു വ്യാപാരിയോ അല്ലെങ്കില്‍ കടയോ തനിച്ചു ഒരു ആപ്പ് പുറത്തിറക്കുക എന്നത് പ്രായോഗികമല്ല. എന്നാല്‍ ഒരു ആപ്പില്‍ ഒരു സ്ഥലത്തെ പത്ത് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കടകളിലുള്ള സാധനങ്ങളും തുകയും ഉള്‍പ്പെടുത്തി അവതരിപ്പിച്ചാല്‍ ഉപയോക്താവിന് സാധനങ്ങള്‍ വാങ്ങാനും വില താരതമ്യം ചെയ്യാനും എളുപ്പമുണ്ടാകും. ഒറ്റയ്ക്ക് ഒരു ആപ്പ് എന്നതിലുപരി അഗ്രിഗേറ്റര്‍ ആപ്പാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്ന് ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ ആപ്പുകള്‍ പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും. ഈ രീതിയില്‍ ആപ്പ് നിര്‍മിച്ച് ഇറക്കുമ്പോള്‍ ചെലവും കുറയും. ഒരു ഡെലിവറി കമ്പനിയുമായി കരാര്‍ ആയാല്‍ ഡെലിവറി അവര്‍ നോക്കിക്കൊള്ളും. പിന്നെ കഴിയുന്ന രീതിയില്‍ ഓഫറുകള്‍ മറ്റും കൊടുത്താല്‍ നിലവിലുള്ള ഉപഭോക്താക്കളെ കൂടാതെ കൂടുതല്‍ ഉപയോക്താക്കളെ ലഭിക്കുകയും ചെയ്യും.     


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.