Sections

ഇനി ലാഭം നോക്കി വാങ്ങാം...ഉത്പന്നങ്ങളുടെ പാക്കേജിംഗ് ചട്ടങ്ങളിലെ ഈ പുതിയ മാറ്റങ്ങള്‍ അറിയേണ്ടേ?

Tuesday, Dec 07, 2021
Reported By Admin
super market

ലാഭം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ ഏതു ബ്രാന്‍ഡ് വാങ്ങണമെന്ന് കണ്‍ഫ്യൂഷനായിരിക്കും


സൂപ്പര്‍ മാര്‍ക്കറ്റില്‍ നിരവധികള്‍ ബ്രാന്‍ഡിന്റെ സാധനങ്ങള്‍ ഉണ്ടാകാറുണ്ടല്ലേ? ഒരേ സാധനത്തിന് തന്നെ വില കൂടിയതും കുറഞ്ഞുതമായ ബ്രാന്‍ഡുകള്‍ ഉണ്ടാകും. എല്ലാവരും ലാഭം നോക്കിയാണ് സാധനം വാങ്ങുന്നത്. എന്നാല്‍ ലാഭം എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്തതിനാല്‍ ഏതു ബ്രാന്‍ഡ് വാങ്ങണമെന്ന് കണ്‍ഫ്യൂഷനായിരിക്കും എല്ലാവര്‍ക്കും. എന്നാല്‍ ഇനി അങ്ങനെ ഉണ്ടാകില്ല.

ഉപഭോക്ത താത്പര്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി പായ്ക്കറ്റുകളിലുള്ള ഉത്പന്നങ്ങളുടെ വിപണന ചട്ടങ്ങളില്‍ പരിഷ്‌കാരം വരുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പായ്ക്കറ്റുകളില്‍ നിര്‍മാതാക്കള്‍, പരമാവധി ചില്ലറവിലയോടൊപ്പം (MRP-Maximum Retail Price) ഉത്പന്നത്തിന്റെ അടിസ്ഥാന യൂണിറ്റിനുള്ള വിലകൂടി രേഖപ്പെടുത്തണമെന്നു പുതിയ ലീഗല്‍ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) ഭേദഗതി ചട്ടത്തില്‍ പറയുന്നു. 

ഇതുപ്രകാരം, ഒരു കിലോയില്‍ കൂടുതലുളള ഉത്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ MRP-ക്കൊപ്പം ആ ഉത്പന്നത്തിന്റെ ഒരു കിലോയ്ക്കുള്ള വിലകൂടിയാണു പ്രത്യേകമായി രേഖപ്പെടുത്തേണ്ടത്. ഉദാഹരണമായി,അഞ്ചു കിലോ അരിയുടെ പായ്ക്കറ്റില്‍ അഞ്ചു കിലോ അരിയുടെ എംആര്‍പിക്കൊപ്പം ഒരു കിലോ അരിയുടെ വിലകൂടി നിര്‍മാതാക്കള്‍ കാണിക്കേണ്ടിവരും. ഒരു കിലോയില്‍ താഴെ ഭാരമുള്ള ഉത്പന്നമാണെങ്കില്‍ ഒരു ഗ്രാമിന്റെ വിലയാണു രേഖപ്പെടുത്തേണ്ടത്.

സമാനമായി, ഒരു ലിറ്ററില്‍ കൂടുതലുള്ളവയുടെ പായ്ക്കറ്റുകളില്‍ ഒരു ലിറ്ററിന്റെ വിലയും ഒരു ലിറ്ററില്‍ താഴെയുള്ള ഉത്പന്നമാണെങ്കില്‍ ഒരു മില്ലിലിറ്ററിനുള്ള വിലയും രേഖപ്പെടുത്തണം. മീറ്ററിലും സെന്റിമീറ്ററിലും അളക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തിലും ഇതേ രീതി നടപ്പിലാക്കും.

വിവിധ ബാന്‍ഡുകള്‍, ഒരേ ഉത്പന്നം പല അളവില്‍ വില്‍ക്കുമ്പോള്‍ വില താരതമ്യം ചെയ്ത് ലാഭകരമായത് വാങ്ങാനുള്ള ഉപഭോക്താവിന്റെ പ്രയാസം ഇതോടെ മാറിക്കിട്ടുമെന്നാണു വിലയിരുത്തല്‍. പാല്‍, ബിസ്‌കറ്റ്, ഭക്ഷ്യ എണ്ണ, ആട്ട, കുടിവെള്ളം, ബേബി ഫുഡ് തുടങ്ങിയ 19 ഇനങ്ങളുടെ അളവ് സംബന്ധിച്ച നിയന്ത്രണം എടുത്തുകളഞ്ഞതാണ് മറ്റൊരു പരിക്ഷ്‌കരണം. ഇതോടെ ഈ ഉത്പന്നങ്ങള്‍ ഏത് അളവിലും ഇനി വില്‍ക്കുവാന്‍ സാധിക്കും.

ഇറക്കുമതി ചെയ്ത പാക്കേജ്ഡ് ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളില്‍ അവയുടെ നിര്‍മാണമാസവും വര്‍ഷവും രേഖപ്പെടുത്തുന്നതും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍, ഇറക്കുമതിചെയ്ത പാക്കേജ്ഡ് ഉത്പന്നങ്ങളില്‍ നിര്‍മാണ തീയതിക്കു പകരമായി ഇറക്കുമതി ചെയ്ത തീയതി രേഖപ്പെടുത്താന്‍ അനുവാദമുണ്ട്. പുതിയ മാറ്റങ്ങള്‍ 2022 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.