Sections

സംസ്ഥാന ക്ഷീര സംഗമം പടവ് 2023ന് ഔദ്യോഗിക തുടക്കം

Monday, Feb 13, 2023
Reported By Admin
Padav 2023

അതിർത്തി ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധന കർശനമാക്കും: മുഖ്യമന്ത്രി


  • റീജ്യണൽ ലബോറട്ടറികളുടെ വികസനത്തിനായി കൂടുതൽ ഫണ്ട് വിലയിരുത്തും
  • കാലിത്തീറ്റ ആക്ട് അന്തിമഘട്ടത്തിൽ

സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപഭോക്താക്കൾക്ക് വിപണിയിൽ ലഭ്യമാക്കുന്ന പാലിന്റെ ഭൗതിക-രാസ ഗുണനിലവാരം ഉറപ്പാക്കുന്നതിന് വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ക്ഷീര സംഗമം പടവ് 2022-23 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഉൽപ്പാദിപ്പിക്കുന്നതും വിൽപ്പന നടത്തുന്നതുമായ കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വില നിയന്ത്രണം നടപ്പിലാക്കുന്നതിനുമായുള്ള കാലിത്തീറ്റ ആക്ട് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം, ആലത്തൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന റീജ്യണൽ ലാബുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി കൂടുതൽ തുക കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്താക്കൾക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാൽ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻഎബിഎൽ (NABL) അക്രഡിറ്റേഷനോടുകൂടിയ സംസ്ഥാന ഡയറി ലാബിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനായി. പാൽ, പാലുൽപന്നങ്ങൾ, കാലിത്തീറ്റ എന്നിവയുടെ ഭൗതിക, രാസ, അണു ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള രാജ്യാന്തരസൗകര്യങ്ങൾ ലാബിൽ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022 - 23 വാർഷിക ഫണ്ടിൽ നിന്ന് 130 കോടി ക്ഷീരമേഖലയുടെ വികസനത്തിനായി നീക്കിവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതയുടെ അടുത്തെത്തി നിൽക്കുകയാണ് നമ്മുടെ സംസ്ഥാനം. അനേകായിരം കുടുംബങ്ങളുടെ വരുമാനമാർഗമാവാൻ ക്ഷീരമേഖലയ്ക്ക് സാധിച്ചു. നമ്മുടെ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ വലിയ പങ്കാണ് ക്ഷീരമേഖലയ്ക്കുള്ളത്. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് അതിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള നടപടികളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ലിറ്ററിന് അഞ്ച് രൂപയിലധികം കർഷകർക്ക് നേരിട്ട് ലഭിക്കുന്ന രീതിയിലാണ് അടുത്തകാലത്തായി പാൽവില വർധിപ്പിച്ചത്. ക്ഷീര സംഘങ്ങൾക്ക് 35 പൈസയും ക്ഷേമ നിധിയിലേക്ക് 21 പൈസയും ഒരോ ലിറ്ററിൽ നിന്ന് ലഭ്യമാക്കും. വർധിപ്പിച്ച തുകയുടെ 85 ശതമാനത്തോളം ക്ഷീര കർഷകർക്ക് ഇതുവഴി ലഭിക്കും. ഇതിനൊക്കെ ഇടയിലും, ക്ഷീരമേഖലയ്ക്കുള്ള സബ്സിഡി കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുന്നത് മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പരിഷ്ക്കരിച്ച നികുതിഘടന കാരണം കാലിത്തീറ്റ ഉൾപ്പെടെയുള്ളവയ്ക്ക് വലിയ വില നൽകേണ്ടിവരുന്നു. കാലാവസ്ഥാ വ്യതിയാനം കന്നുകാലികളിലുണ്ടാക്കുന്ന രോഗങ്ങളും പ്രശ്നങ്ങളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. എന്നാൽ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ടുപോവാനുള്ള വഴികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.

പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതയാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ അതിനിടയിലുണ്ടായ പ്രളയവും കാലവർഷക്കെടുതിയും കോവിഡും ഉൽപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും അതിന്റെ അടുത്തെത്താൻ നമുക്ക് സാധിച്ചു.

2016ൽ സംസ്ഥാനത്തെ ക്ഷീര സഹകരണ സംഘങ്ങൾ വഴി 16 ലക്ഷം പാൽ ദിനം പ്രതി സംഭരിച്ചരുന്ന സ്ഥാനത്ത് നിലവിൽ 21 ലക്ഷം ലിറ്ററിലധികം പാൽ സംഭരിക്കാൻ സാധിക്കുന്നുണ്ട്. ദേശീയതലത്തിലെ പാൽസംഭരണ വളർച്ചാ ശരാശരി 6.4 ശതമാനമാണെങ്കിൽ 12.5 ശതമാനമാണ് കേരളത്തിലേത്. ക്ഷീര മേഖലയുടെ നട്ടെല്ലായ ക്ഷീര സഹകരണ സംഘങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികൾക്ക് മെച്ചപ്പെട്ട തൊഴിൽ ഉറപ്പാക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾ കൂടുതൽ വിപുലമാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 2021-22, 2022-23 എന്നീ വർഷങ്ങളിലായി 15.20 കോടി രൂപ സംസ്ഥാന ബജറ്റിൽ നിന്ന് തീറ്റപ്പുൽ വികസന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. 11883 ഹെക്ടർസ്ഥലത്ത് അധികമായി തീറ്റപ്പുൽകൃഷി വ്യാപിപ്പിക്കാൻ സാധിച്ചത് വഴി 19.01 ലക്ഷം മെട്രിക് ടൺ അധിക തീറ്റപ്പുൽ ഉത്പാദനം സാധ്യമായി. അതിദരിദ്ര കുടുംബങ്ങളുടെ നിലവാരം മെച്ചപ്പെടുക്കുന്നതിന് 2022 - 23 വർഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട 140 വനിതകൾക്ക് ഒരു പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 2 വർഷങ്ങളിലായി 159 ഹെക്ടർ തരിശു ഭൂമിയിൽ സർക്കാർ ധനസഹായത്തോടെ തീറ്റപ്പുൽകൃഷി പദ്ധതി നടപ്പിലാക്കി. ഉത്പാദന ചെലവ് കുറച്ച് ക്ഷീരമേഖല ആദായകരമാക്കുന്നതിന്റെ ഭാഗമായി ക്ഷീരസംഘങ്ങൾ മുഖേന ക്ഷീരകർഷകർക്ക് പച്ചപ്പുൽ/ വെയ്ക്കോൽ ലഭ്യമാക്കി വരുന്നു. 2021-22 വർഷം 3.14 കോടി രൂപയും 2022-23 വർഷം 2.57 കോടി രൂപയും സർക്കാർ ധനസഹായത്തോടെ ക്ഷീരസംഘങ്ങളിലൂടെ പച്ചപ്പുൽ/ വെയ്ക്കോൽ എന്നിവ ക്ഷീരകർഷകർക്ക് വിതരണം ചെയ്യുന്നതിന് അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

സാധാരണ ജനങ്ങളുടെ ഉപജീവനമാർഗമായ ക്ഷീരമേഖലയെ ശക്തിപ്പെടുത്തി സ്വയം പര്യാപ്തമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.

പാൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണി സാധ്യതകൾ കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.

മികച്ച രീതിയിലുള്ള മുന്നേറ്റ പ്രവർത്തനങ്ങളാണ് സംസ്ഥാന ക്ഷീരമേഖല കാഴ്ച്ചവയ്ക്കുന്നതെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് അഭിപ്രായപ്പെട്ടു.

ക്ഷീര കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ അണിനിരന്ന വിപുലമായ ഘോഷയാത്രയോടെയാണ് സംസ്ഥാന ക്ഷീരസംഗമം പടവ് 2023ന് തുടക്കമായത്.

വെറ്ററിനറി കോളേജ് ക്യാമ്പസിൽ നടന്ന പരിപാടിയിൽ മേയർ എം കെ വർഗ്ഗീസ്, എംഎൽഎമാരായ പി ബാലചന്ദ്രൻ, ടൈസൺ മാസ്റ്റർ, ജില്ലാ കലക്ടർ ഹരിത വി കുമാർ, മിൽമ ചെയർമാൻ കെ എസ് മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് ഡയറക്ടർ ഡോ.എ കൗശിഗൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇന്ദിരാ മോഹൻ, പി പി രവിന്ദ്രൻ, മിനി ഉണ്ണികൃഷ്ണൻ, ശ്രീവിദ്യ രാജേഷ്, മിൽമ ബോർഡ് മെമ്പർ ഭാസ്കരൻ ആദം കാവിൽ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.