Sections

'ഇ സമൃദ്ധ' ക്ഷീരകർഷകർക്ക് സേവനം വിരൽത്തുമ്പിൽ ലഭ്യമാകും: മന്ത്രി ജെ. ചിഞ്ചു റാണി

Monday, Sep 01, 2025
Reported By Admin
Kerala Launches E-Samruddha for Dairy Farmers

'ഇ സമൃദ്ധ' സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു


മൃഗങ്ങളുടെ ആരോഗ്യ പരിപാലനം, രോഗപ്രതിരോധം, കർഷകരെ ശാക്തീകരിക്കുക എന്നിവ ലക്ഷ്യമിട്ട് വകുപ്പ് ആരംഭിച്ച ഇ സമൃദ്ധയിലൂടെ ക്ഷീരകർഷകർക്ക് ആവശ്യമായ സേവനം വിരൽത്തുമ്പിൽ ലഭ്യമാകുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ഇ-സമൃദ്ധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടൂർ ഓൾ സെയിന്റ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കർഷകർക്ക് മൊബൈൽ ഫോണിലൂടെ പശുക്കളുടെ എല്ലാ വിവരങ്ങളും അറിയാനാകും. ഇ സമൃദ്ധയിലൂടെ വളർത്തുമൃഗങ്ങൾക്കും ഹെൽത്ത് കാർഡാണ് ലഭ്യമാക്കുന്നത്. പശുക്കൾക്ക് കൂടുതൽ പരിചരണം നൽകുന്നതിലൂടെ ഉൽപാദനം വർധിപ്പിക്കുവനാകും. പാലുൽപാദനത്തിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്. സംസ്ഥാനത്തെ 95 ശതമാനം പശുക്കളും സങ്കരയിനമായതിനാൽ ആഭ്യന്തര ഉൽപാദനം മികച്ച രീതിയിൽ നടക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള ഫാമുകളിലൂടെ പ്രതിദിനം 2000 ലിറ്ററിനു പുറത്താണ് പാലുൽപാദനം. പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

വിവിധ പദ്ധതികളിലൂടെ ക്ഷീരകർഷകരുടെ ഉന്നമനമാണു വകുപ്പിന്റെ ലക്ഷ്യം. അപകടങ്ങളിൽ പെട്ട് മരിക്കുന്ന ക്ഷീര കർഷകന് 7 ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതികൾ വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. അതിദാരിദ്ര്യ പട്ടികയിലുൾപെട്ടവർക്ക് വകുപ്പ് സബ്സിഡിയോടെ ഒരു ലക്ഷം രൂപ നൽകും. ക്ഷീരകർഷകർക്ക് 85 ശതമാനം പണം ക്ഷീര സംഘങ്ങൾ വഴിയാണു വിതരണം ചെയ്യുന്നത്. ക്ഷീരകർഷകരുടെ മക്കൾക്കായി സ്കോളർഷിപ്പ്, വിവാഹ ധനസഹായം, ഓണം മധുരം പദ്ധതിയിലൂടെ 500 രൂപ വീതം നൽകുന്നു. ചൂടുകൂടി മരണപ്പെട്ട ഇൻഷുറൻസ് ഇല്ലാത്ത പശുക്കൾക്ക് 37,500 രൂപ കഴിഞ്ഞ ഒരു വർഷം നൽകിയിരുന്നു. നിലവിൽ ഇടത്തരം പശുക്കൾക്ക് 20,000 രൂപയും ചെറിയ പശുക്കൾക്ക് 10000 രൂപയും നൽകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ സമഗ്ര ഇൻഷുറൻസ് പദ്ധതിയിലൂടെ ആദ്യ ഗഡുവായി 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

പശുക്കളുടെ വന്ധ്യത മാറ്റാനുള്ള ചികിത്സ കേന്ദ്രങ്ങൾ കോഴിക്കോട്, വൈക്കം, കൊല്ലം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. മൃഗചികിത്സയുമായി ബന്ധപെട്ട് 1962 ഹെൽപ് ലൈനിലൂടെ ഡോക്ടറുടെ സേവനവും ആവശ്യമുള്ള മരുന്നുകളും വീട്ടുമുറ്റത്ത് എത്തിക്കുന്നു. വൈകിട്ട് നാല് മുതൽ രാത്രി 12 വരെ ഈ സേവനം ലഭ്യമാണ്. ഓപ്പറേഷൻ ഉൾപ്പെടെ നടത്തുന്നതിനുള്ള ആംബുലൻസ് സൗകര്യവും വകുപ്പ് ഒരുക്കിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിനുള്ള പ്രവർത്തനം നടക്കുന്നതായും മന്ത്രി പറഞ്ഞു. ഇ-സമൃദ്ധ വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു

സമാനതകളില്ലാത്ത വികസനമാണ് അടൂർ മണ്ഡലത്തിൽ നടക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ിറ്റയം ഗോപകുമാർ പറഞ്ഞു. സംസ്ഥാന മൃഗസംരംക്ഷണ വകുപ്പ് ആധുനിക സംവിധാനത്തിലേക്ക് ഉയർന്നു. ഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കിലൂടെ മൃഗ ചികിത്സ വേഗത്തിലായതായും അധ്യക്ഷവഹിച്ചു അദേഹം പറഞ്ഞു.

കർഷകർക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ അടൂർ മുനിസിപ്പൽ ചെയർപേഴ്സൺ കെ.മഹേഷ് കുമാർ നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.സി റെജിൽ പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു.

കന്നുകാലികളുടെ ജിഐഎസ് മാപ്പിംഗും ആർഎഫ്ഐഡി ടാഗിംഗും നടത്തുന്നതിന് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് (ആർകെഐ) 7.525 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ഇ-സമൃദ്ധ (ഡിജിറ്റൽ ഹെൽത്ത് മാനേജ്മെന്റ് സിസ്റ്റം). മൃഗസംരക്ഷണ വകുപ്പിന്റെ വെറ്ററിനറി ആശുപത്രികൾ ആധുനികവൽക്കരിക്കുക, സൈബർ സംവിധാനത്തിലൂടെ മൃഗചികിത്സ ഏകോപിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയിൽ ഉരുക്കൾക്ക് ആർഎഫ്ഐഡി ടാഗിംഗ് നടപ്പാക്കി. സോഫ്റ്റ്വെയർ മൊഡ്യൂളുകളുടെ ഭാഗമായി അനിമൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പൂർത്തീകരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കി. പത്തനംതിട്ട ജില്ലയിലെ എല്ലാ മൃഗചികിത്സ കേന്ദ്രങ്ങളിലും മറ്റു ജില്ലകളിലെ സ്ഥാപനങ്ങളിലും ഉൾപ്പടെ 130 കേന്ദ്രങ്ങളിൽ ഇ സമൃദ്ധ അനിമൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി സംസ്ഥാന വ്യാപകമായി നടപ്പാക്കും. പത്തനംതിട്ട ജില്ലയിൽ എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങൾക്കും പദ്ധതി നടത്തിപ്പിനാവശ്യമായ ഹാർഡ്വെയർ വാങ്ങി. പദ്ധതിയുടെ ഭാഗമായി ലബോറട്ടറി മാനേജ്മെന്റ് സിസ്റ്റം, നവീകരിച്ച പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ നടത്തിപ്പിന് സോഫ്വെയർ ആപ്ലിക്കേഷൻ എന്നിവ ഒക്ടോബറിൽ സജ്ജമാകും. ഇ സ്റ്റോക്ക് മാനേജ്മെന്റ് സിസ്റ്റം അടുത്ത ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും.

'സൈബർയുഗം- മാറുന്ന മൃഗസംരക്ഷണ മേഖല' വിഷയത്തിൽ എഎച്ച്ഡി റിട്ട. ജോയിന്റ് ഡയറക്ടർ ഡോ. ബി. അജിത്ത് ബാബു, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി സിഡിഐപിആർഡി ഡയറക്ടർ ഡോ. അജിത് കുമാർ, കെഎൽഡിബി അസിസ്റ്റന്റ് മാനേജർ ഡോ.അവിനാശ് കുമാർ എന്നിവർ സെമിനാർ നയിച്ചു.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ് അനീഷ് മോൻ, അടൂർ നഗരസഭ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, അംഗങ്ങളായ ശോഭ തോമസ് എം സലിം, ഡി.സജി, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിത, മിൽമ ഡയറക്ടർ ബോർഡ് അംഗം മുണ്ടപ്പള്ളി തോമസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.സന്തോഷ്, അടൂർ സിഡിഎസ് ചെയർപേഴ്സൺ വത്സല പ്രസന്നൻ, ഫാ:പോൾ നിലയ്ക്കൽ, രാഷ്ട്രീയ പ്രതിനിധികളായ അഡ്വ.വർഗീസ് മാമ്മൻ, ബി.ഷാഹുൽ ഹമദ്, കെ.എസ് ശിവകുമാർ, രാജൻ സുലൈമാൻ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.