Sections

ദേശീയ ക്ഷീര ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു

Thursday, Nov 27, 2025
Reported By Admin
Kerala Marks National Milk Day with Milma-led Celebration

  • രാജ്യത്തിൻറെ സഹകരണ ക്ഷീരമേഖലയെ പരിവർത്തനം ചെയ്തതിന് വർഗീസ് കുര്യന് ഭാരതരത്നം നൽകണം: പ്രൊഫ. വി.കെ രാമചന്ദ്രൻ

കൊല്ലം: ദേശീയ ക്ഷീര ദിനാചരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.

ധവളവിപ്ലവത്തിന് നേതൃത്വം വഹിക്കുകയും ആനന്ദ് മാതൃകാ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലൂടെ പാൽ ഉൽപാദനത്തിൽ ഇന്ത്യയെ ഒന്നാമത് എത്തിക്കുകയും ചെയ്ത ഡോ. വർഗീസ് കുര്യൻറെ ജന്മദിനമാണ് ദേശീയ ക്ഷീരദിനമായി ആചരിക്കുന്നത്.

ക്ഷീരകർഷകർക്ക് ജീവിതമാർഗവും സ്ഥിരവരുമാനവും ഒരുക്കുന്നതിൽ വർഗീസ് കുര്യൻ വഹിച്ച പങ്ക് ഏറെ വലുതാണെന്ന് മന്ത്രി പറഞ്ഞു. ഓപ്പറേഷൻ ഫ്ളഡിൻറെ രണ്ടാം ഘട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ സഹകരണ മേഖലയിൽ ക്ഷീരവ്യവസായ പ്രസ്ഥാനം ആരംഭിച്ചത്. പാലിന് സ്ഥിരമായ വിലയും വിപണിയും ഉറപ്പാക്കുന്ന മിൽമ 45 വർഷത്തെ പ്രവർത്തനത്തിലൂടെ സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ വ്യവസായ സ്ഥാപനങ്ങളിലൊന്നാണ്.

സംസ്ഥാനത്തെ ക്ഷീരമേഖലയുടെ ശാക്തീകരണത്തിൽ മിൽമ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അധിക പാൽവില നൽകിയും കാലിത്തീറ്റ സബ്സിഡിയിലൂടെയും മറ്റ് ക്ഷേമ പ്രവർത്തനങ്ങളിലൂടെയും മിൽമ ക്ഷീരകർഷകരെ ചേർത്തുനിർത്തി അവരോടുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തെ മിൽമയുടെ ലാഭവിഹിതത്തിൽ 92.5 ശതമാനം ക്ഷീരകർഷകർക്ക് നൽകി. പ്രതിദിനം 1.25 ദശലക്ഷം ലിറ്റർ പാൽ സംഭരണവും 1.65 ദശലക്ഷം ലിറ്റർ പാൽ വിപണനവും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങളുമായി വിപണിയിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ മിൽമയ്ക്കായിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിൻറെ ആദ്യപകുതി പാൽ സംഭരണത്തിൽ 14 ശതമാനത്തിൻറെ വർധനവുണ്ടാക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ എം. നൗഷാദ് എം.എൽ.എ സംബന്ധിച്ചു.

ക്ഷീരമേഖല ഇന്ന് എത്തിനിൽക്കുന്ന വളർച്ചയുടെ പിന്നിൽ വർഗീസ് കുര്യൻറെ ഭാവനാപൂർണമായ പ്രവർത്തനമാണുള്ളതെന്ന് അധ്യക്ഷത വഹിച്ച മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. പാൽസംഭരണത്തിലും വിപണനത്തിലും വർധനവ് രേഖപ്പെടുത്താൻ മിൽമയ്ക്ക് സാധിച്ചിട്ടുണ്ട്. പാൽസംഭരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ സംസ്ഥാനത്തിനാകും. സഹകരണ സംഘങ്ങളിലൂടെ മിൽമ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള പദ്ധതികൾ മേഖലാ യൂണിയനുകൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നു. വിദേശ രാജ്യങ്ങളിൽ മിൽമ ഉൽപന്നങ്ങൾ വിപണനം ചെയ്യാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. ഗുണനിലവാരമുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളിലൂടെ ഏതു സ്വകാര്യ ബ്രാൻഡുകളുമായും മത്സരിക്കാൻ മിൽമയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി.കെ രാമചന്ദ്രൻ ഡോ. വർഗീസ് കുര്യൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജ്യത്തിൻറെ സഹകരണ മേഖലയെ പരിവർത്തനം ചെയ്യുന്നതിൽ ആധുനിക ഇന്ത്യയുടെ നായകനാണ് ഡോ. വർഗീസ് കുര്യൻ എന്ന് പ്രൊഫ. വി. കെ. രാമചന്ദ്രൻ പറഞ്ഞു. രാജ്യത്തിൻറെ സഹകരണ ക്ഷീരമേഖലയെ പരിവർത്തനം ചെയ്തതിന് ഡോ. വർഗീസ് കുര്യന് ഭാരതരത്നം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രാരംഭ മൂലധനമോ ഭൂമിയോ ഇല്ലാത്ത ആളുകളെ പോലും ക്ഷീരമേഖലയിലേക്ക് പ്രവേശിക്കാൻ പ്രാപ്തരാക്കുന്ന സഹകരണ വായ്പാ സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു വർഗീസ് കുര്യൻറെ ദർശനം എന്ന് പ്രൊഫ. വി.കെ. രാമചന്ദ്രൻ പറഞ്ഞു. സ്വകാര്യ, കോർപ്പറേറ്റ് കമ്പനികളുമായി മത്സരിക്കുന്നതിന് സഹകരണ മേഖലയ്ക്ക് നൂതന സാങ്കേതികവിദ്യയോടൊപ്പം പ്രൊഫഷണൽ മാനേജ്മെൻറിനും വർഗീസ് കുര്യൻ മുൻഗണന നൽകി.

സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിലും ക്ഷീരമേഖലയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിലും, ഉൽപ്പാദിപ്പിക്കുന്ന വരുമാനത്തിൽ സ്ത്രീകൾക്ക് മെച്ചപ്പെട്ട നിയന്ത്രണം നേടാൻ പ്രാപ്തരാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. വൈവിധ്യമാർന്നതും മൂല്യവർധിതവുമായ ഉൽപന്നങ്ങളിലൂടെ വിപണനശൃംഖല മെച്ചപ്പെടുത്താൻ മിൽമയ്ക്ക് സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മിൽമയും മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പും ക്ഷീരകർഷകർക്ക് നൽകുന്ന ആനൂകൂല്യങ്ങളിലൂടെയാണ് സംസ്ഥാനത്ത് പാൽ സംഭരണം വർധിപ്പിക്കാനായതെന്ന് സ്വാഗതം ആശംസിച്ച മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് പറഞ്ഞു. ക്ഷീരകർഷകരെ ചേർത്തുനിർത്തുന്ന നിലപാടാണ് മിൽമ എക്കാലത്തും സ്വീകരിച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ക്ഷീരമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ ഓരോ പ്രദേശത്തിനും കാർഷിക ലഭ്യതയ്ക്കും അനുസൃതമായി ആസൂത്രണം ചെയ്യണമെന്ന് മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി.എൻ വത്സലൻ പിള്ള പറഞ്ഞു. അതിലൂടെ ക്ഷീരമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കൂടുതൽ ഫലപ്രാപ്തിയിലെത്തിക്കാനാകുമെന്നും ചെറുകിട ഫാമുകളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ഫെഡറേഷൻ ബോർഡ് അംഗങ്ങൾ, ഭരണസമിതി അംഗങ്ങൾ, മിൽമ മലബാർ മേഖല യൂണിയൻ എം.ഡി കെ.സി ജെയിംസ്, എറണാകുളം മേഖല യൂണിയൻ എം.ഡി വിൽസൻ ജെ പുറവക്കാട്ട്, തിരുവനന്തപുരം മേഖല യൂണിയൻ എം.ഡി രാരാരാജ് എന്നിവർ സംബന്ധിച്ചു. ടിആർസിഎംപിയു ഭരണസമിതി അംഗം കെ.ആർ മോഹനൻ പിള്ള ചടങ്ങിന് നന്ദി പറഞ്ഞു.

സംസ്ഥാനത്തെ വിവിധ പ്രാഥമിക ക്ഷീര സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികളും ക്ഷീരകർഷകരും പരിപാടിയിൽ സംബന്ധിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.