Sections

സ്റ്റാർട്ടപ്പുകൾക്ക് കാർഷിക മേഖലയിൽ സുസ്ഥിരത ഉറപ്പുവരുത്താനാകും: വിദഗ്ധർ

Monday, Dec 15, 2025
Reported By Admin
Startups Key to Sustainable Future of Kerala Agriculture

തിരുവനന്തപുരം: കേരളത്തിൻറെ കാർഷിക മേഖലയ്ക്ക് സുസ്ഥിരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ഭാവി കെട്ടിപ്പടുക്കാൻ നൂതനാശയങ്ങളും ഉത്പന്നങ്ങളുമുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളിലൂടെ സാധ്യമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബൽ 2025 ലെ പാനൽ ചർച്ചയിൽ ലോകബാങ്ക് സീനിയർ എക്കണോമിസ്റ്റ് അമാദോ ദേം, ഡിജിറ്റൽ എക്കോണമി ആന്റ് സൊസൈറ്റി ഗ്ലോബൽ പ്രാക്ടീസ് മാനേജർ രവി ശങ്കർ ചതുർവേദി, നബാർഡ് സിജിഎം നാഗേഷ് കുമാർ അനുമല, കേര പ്രോജക്ട് ഡയറക്ടറും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറുമായ ഡോ. ബി. അശോക് എന്നിവർ പങ്കെടുത്തു. കെപിഎംജി പാർട്ണർ ആനന്ദ് ശർമ മോഡറേറ്ററായി. സർക്കാർ സംവിധാനങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ഉപയോഗിക്കാനാകണമെന്നും അവർ പറഞ്ഞു.

ലോകബാങ്ക് പോലുള്ള സൗകര്യങ്ങൾ കാർഷിക സ്റ്റാർട്ടപ്പുകൾക്ക് സഹായകമാകുമെന്ന് ലോകബാങ്ക് സീനിയർ എക്കണോമിസ്റ്റ് അമാദോ ദേം പറഞ്ഞു. നൂതന ഉത്പന്നങ്ങളുമായെത്തുന്ന സ്റ്റാർട്ടപ്പുകൾക്ക് ഗ്രാൻഡിൻറെ ആവശ്യകതയുണ്ട്. ആനുകൂല്യങ്ങൾ നൽകുന്നതിന് കേരളത്തിൽ വ്യക്തമായ നിയമ ചട്ടക്കൂടും നയങ്ങളുമുള്ളത് ഗുണകരമാണ്. സ്റ്റാർട്ടപ്പ് ഗ്രാൻഡ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു സ്റ്റാർട്ടപ്പിനെ വ്യക്തമായി നിർവചിക്കാൻ സ്റ്റാർട്ടപ്പ് ആക്റ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കതിർ ആപ്പിലൂടെ കാർഷിക മേഖലയിൽ ഉന്നമനമുണ്ടായതായി ഡിജിറ്റൽ എക്കോണമി ആന്റ് സൊസൈറ്റി ഗ്ലോബൽ പ്രാക്ടീസ് മാനേജർ രവി ശങ്കർ ചതുർവേദി പറഞ്ഞു. കർഷക സമൂഹത്തിലേക്ക് ഡിജിറ്റൽ സംവിധാനങ്ങളുമായി കടന്നുചെല്ലുന്നതിനുള്ള ഒരു നൂതന ആശയമാണിത്. കതിർ ആപ്പിൻറെ ഉപയോഗം വർധിപ്പിക്കാനാകണം. കർഷകർക്ക് അനുയോജ്യമായ രീതിയിൽ ആപ്പിൽ മാറ്റം വരുത്താൻ കാർഷിക സർവകലാശാലയുമായി സഹകരിച്ച് ഉള്ളടക്കം നിർമ്മിക്കാനാകും. കർഷകർക്ക് കൂടുതൽ വിപണി ലിങ്കേജ് ലഭ്യമാക്കുന്ന കതിർ 2.0 വരുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാമീണ ബിസിനസ് ഇൻകുബേഷൻ കേന്ദ്രങ്ങൾ കർഷക സമൂഹത്തിന് ഉപയോഗപ്രദമാണെന്ന് നബാർഡ് സിജിഎം നാഗേഷ് കുമാർ അനുമല പറഞ്ഞു. ഗ്രാമീണ മേഖലയിലെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഇത്തരം സംവിധാനങ്ങൾ സഹായകമാകും. കാർഷിക സർവകലാശാലകളിൽ നിലവിൽ 1500-ലധികം ഇൻകുബേറ്റുകളും 471 സ്റ്റാർട്ടപ്പുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രോട്ടോടൈപ്പുകളേയും ലാഭകരമായ സ്റ്റാർട്ടപ്പുകളേയും പിന്തുണയ്ക്കാൻ ഇത്തരം കേന്ദ്രങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാർഷിക മേഖലയ്ക്കാവശ്യമായ നൂതന സംവിധാനങ്ങളുമായെത്തുന്ന സ്റ്റാർട്ടപ്പുകൾക്കായി വിവിധ പദ്ധതികളിലാണ് സർക്കാർ നടപ്പിലാക്കുന്നതെന്ന് കേര പ്രോജക്ട് ഡയറക്ടറും അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണറുമായ ഡോ. ബി. അശോക് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.