- Trending Now:
തിരുവനന്തപുരം: സമൂഹത്തിൻറെ ഉന്നമനത്തിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാൻ അധികൃതർക്ക് സ്റ്റാർട്ടപ്പുകൾ പ്രേരകമാകണമെന്ന് ദുബായ് സെൻറർ ഓഫ് എഐ ആൻഡ് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ ഫലാസി പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബൽ 2025 ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനും അത് സമൂഹത്തിൻറെ പ്രയോജനത്തിനായി ഉപയോഗിക്കാനും സർക്കാരുകളെ പ്രേരിപ്പിക്കുന്നില്ലെങ്കിൽ സ്വകാര്യ മേഖലയിൽ ബിസിനസ്സ് സൃഷ്ടിക്കാനാവില്ലെന്നും സയീദ് അൽ ഫലാസി പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള വിടവ് നികത്തുന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വെല്ലുവിളി നേരിട്ടപ്പോൾ സ്വകാര്യ മൊബിലിറ്റി ടെക്നോളജി സ്ഥാപനമായ ഊബറിൻറെ മാതൃകയിൽ ബസ് സർവീസ് ആരംഭിച്ചു. സ്വകാര്യ കമ്പനികളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് അത് സാധ്യമായത്. മൂന്നു മാസംകൊണ്ടു നിരവധി സ്ഥാപനങ്ങൾ രംഗത്തെത്തി. നഗരത്തിലെവിടെയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തേക്കു യാത്ര സാധ്യമാക്കി. ആവശ്യാനുസരണം സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ടുകളും തീരുമാനിക്കാൻ കഴിഞ്ഞു. ഇതോടെ വലിയ പ്രശ്നത്തിനാണ് പരിഹാരമായത്.
കഴിഞ്ഞ വർഷം ഏകദേശം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാർ ഈ സൗകര്യം പ്രയോജനപ്പെടുത്തി. സർക്കാരുമായി സഹകരിച്ചു കൊണ്ടുള്ള 780 ദശലക്ഷം ദിർഹത്തിൻറെ കരാറുകളിലൂടെ സ്വകാര്യ കമ്പനികൾക്ക് വരുമാനം നേടാനായി. നൂതനാശയങ്ങളും മികച്ച സാങ്കേതികവിദ്യയുമുള്ള കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കെഎസ്യുഎം സിഇഒ അനൂപ് അംബികയും സയീദ് അൽ ഫലാസിയ്ക്കൊപ്പം സെഷനിൽ പങ്കെടുത്തു. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനുമായി സഹകരിക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് അവസരമൊരുക്കുമെന്ന് അനൂപ് അംബിക പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.