Sections

അങ്കമാലി - ശബരി റെയില്‍വേയ്ക്ക് ഫണ്ട് അനുവദിക്കണം

Saturday, Dec 10, 2022
Reported By MANU KILIMANOOR

ഗതി ശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തണം എന്ന്  ഡിന്‍ കുര്യാക്കോസ് എം.പി

അങ്കമാലി-ശബരി റെയില്‍വേയ്ക്ക് ബജറ്റില്‍ ഫണ്ട് അനുവദിക്കണമെന്നും പ്രധാനമന്ത്രിയുടെ ഗതിശക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വന്ദേഭാരത് ട്രെയിന്‍ ഓടിക്കാവുന്ന സൗകര്യത്തോടെ നിര്‍മ്മിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ശബരിപാത തിരുവനന്തപുരത്തിനുള്ള സമാന്തര റെയില്‍പാതയുടെ ആദ്യ ഘട്ടമാണെന്നും എരുമേലിയില്‍ നിന്ന് പത്തനംതിട്ട, പുനലൂര്‍, നെടുമങ്ങാട് വഴി ദീര്‍ഘിപ്പിക്കാന്‍ സര്‍വ്വേയ്ക്ക് അനുമതി നല്‍കണമെന്നും എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയെയും മറ്റ് തീര്‍ത്ഥാടന കേന്ദ്രങ്ങളായ കാലടി, രാമപുരം, ഭരണങ്ങാനം, കന്നി അയ്യപ്പന്‍മാര്‍ പേട്ട തുള്ളുന്ന മതസാഹോദര്യത്തിന്റെ കേന്ദ്രമായ എരുമേലി എന്നിവയെ റെയില്‍ മാര്‍ഗം ബന്ധിപ്പിക്കുന്നതിനും എറണാകുളം, കോട്ടയം,പത്തനംതിട്ട ജില്ലകളിലെ പ്രധാന വ്യവസായ വാണിജ്യ കേന്ദ്രങ്ങളുടെ വികസനത്തിനും ശബരി റെയില്‍വേ അനിവാര്യമാണെന്നും എം.പി. പറഞ്ഞു.

ഇടുക്കി ജില്ലയ്ക്ക് റെയില്‍വേ സൗകര്യം ലഭ്യമാക്കുന്ന അങ്കമാലി-ശബരി റെയില്‍വേ പ്രധാനമന്ത്രി നേരിട്ട് മോണിറ്റര്‍ ചെയ്യുന്ന പ്രഗതി പ്ലാറ്റ് ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പദ്ധതിയാണ്. കേരള സര്‍ക്കാര്‍ പകുതി ചെലവ് വഹിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതും കിഫ്ബിയില്‍ നിന്ന് 2000 കോടി അനുവദിച്ചിട്ടുള്ളതുമായ നിര്‍ദ്ദിഷ്ട ശബരി റെയില്‍വേയുടെ 3745 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ച് പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.