Sections

പാർക്കിൻസൺസ് രോഗം നേരത്തെ കണ്ടെത്താം; നാനോപോർ സെൻസറുകൾ വികസിപ്പിച്ച് ബ്രിക്-ആർ.ജി.സി.ബി ഗവേഷകർ

Saturday, Aug 29, 2026
Reported By Admin
RGCB Develops Nanopore Sensor for Early Disease Detection

തിരുവനന്തപുരം: പാർക്കിൻസൺസ്, എ.എൽ.എസ് (അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ്) തുടങ്ങി നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട ജൈവ സൂചകങ്ങളെ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും സഹായിക്കുന്ന നൂതന നാനോപോർ സെൻസിങ് സാങ്കേതികവിദ്യ ബയോടെക്നോളജി റിസർച്ച് ആൻഡ് ഇന്നോവേഷൻ കൗൺസിൽ-രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ (ബ്രിക്-ആർ.ജി.സി.ബി) ഗവേഷകർ വികസിപ്പിച്ചു.

രോഗലക്ഷണങ്ങൾ പ്രാരംഭത്തിലേ തിരിച്ചറിയാൻ സഹായിക്കുന്ന ജൈവ സൂചകങ്ങളാണ് ബയോമാർക്കറുകൾ. സൂക്ഷ്മമായ പൊള്ളയായ ഘടനകളാണ് നാനോപോറുകൾ. രോഗങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നതിന് പരമ്പരാഗത രീതികൾ ഉപയോഗിക്കുമ്പോൾ ജൈവ സൂചകങ്ങളുടെ അളവ് ശരീരത്തിൽ വളരെ കുറവായിരിക്കുന്നത് വലിയൊരു വെല്ലുവിളിയാണ്. ഇതിന് പരിഹാരമായി ഉയർന്ന കൃത്യതയോടെ ബയോമാർക്കറുകളെ തിരിച്ചറിയാൻ സാധിക്കുന്ന 'സെൽഫ് അസംബ്ലിംഗ് ഡ്യുവൽ-ഡയമീറ്റർ' നാനോപോർ സെൻസറുകളാണ് ആർ.ജി.സി.ബി ഗവേഷക സംഘം രൂപകൽപ്പന ചെയ്തത്.

ഡോ. മഹേന്ദ്രൻ കെ.ആറിൻറെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിൽ പിഎച്ച്.ഡി വിദ്യാർത്ഥി വർഷ ഷാജി, പോസ്റ്റ് ഡോക്ടറൽ ഗവേഷക ഡോ. നീതു പുതുമഠത്തിൽ എന്നിവർ പങ്കുചേർന്നു.

പ്രമുഖ ശാസ്ത്ര ജേണലായ 'നേച്ചർ നാനോടെക്നോളജി'യിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ നാനോ സയൻസിലും ബയോമോളിക്യുലാർ സെൻസിങ്ങിലും വലിയ മുന്നേറ്റമാണ് അടയാളപ്പെടുത്തുന്നത്. വിവിധ വലുപ്പത്തിലുള്ള സുഷിരങ്ങൾ രൂപപ്പെടുത്തുന്ന തരത്തിൽ ഹ്രസ്വ പെപ്റ്റൈഡുകൾ നിർമ്മിച്ചാണ് വ്യത്യസ്ത ആകൃതിയിലും അളവിലുമുള്ള തന്മാത്രകളെ കണ്ടെത്താനുള്ള വേദിയൊരുക്കിയത്. സങ്കീർണ്ണമായ പ്രോട്ടീൻ മിശ്രിതങ്ങളിൽ വളരെ നേർത്ത അളവിൽ കാണപ്പെടുമ്പോൾ പോലും രോഗബാധിതവും അല്ലാത്തതുമായ ബയോമാർക്കറുകളെ വേർതിരിച്ചറിയാൻ ഈ സെൻസറുകൾക്ക് കഴിയും.

രക്തം ഉൾപ്പെടെയുള്ള ശരീരദ്രവങ്ങളിൽ നിന്ന് കാൻസർ അടക്കമുള്ള വിവിധ രോഗങ്ങളുടെ സൂചകങ്ങളെ നേരിട്ട് കണ്ടെത്താൻ കഴിയുന്ന പോയിൻറ്-ഓഫ്-കെയർ ഉപകരണങ്ങൾ നിർമ്മിക്കാൻ ഭാവിയിൽ ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താം. നൊബേൽ സമ്മാന ജേതാവ് പ്രൊഫ. ഡേവിഡ് ബേക്കർ തുടക്കമിട്ട കമ്പ്യൂട്ടേഷണൽ നാനോപോർ രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമാണ് പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ഈ നാനോപോർ ഘടന. പ്രകൃതിദത്ത രീതികളെ കമ്പ്യൂട്ടേഷണൽ ഡിസൈനുമായി സംയോജിപ്പിക്കുന്നത് ഭാവിയിൽ കൂടുതൽ കൃത്യതയുള്ള സെൻസറുകൾ വികസിപ്പിക്കാൻ വഴിയൊരുക്കും.

പാർക്കിൻസൺസ്, എ.എൽ.എസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് അവ നേരത്തെയും കൃത്യതയോടെയും കണ്ടെത്തുക എന്നത് പ്രധാന വെല്ലുവിളിയാണെന്ന് ബ്രിക്-ആർ.ജി.സി.ബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു. ആരോഗ്യമേഖലയിലെ വിവിധ വെല്ലുവിളികൾ പരിഹരിക്കുന്നതിന് നാനോ ടെക്നോളജിയുടെയും ബയോടെക്നോളജിയുടെയും മുന്നേറ്റങ്ങൾ എങ്ങനെ ഒത്തുചേരുന്നു എന്നതിൻറെ തെളിവാണ് ഈ നാനോപോർ സെൻസർ പ്ലാറ്റ് ഫോമെന്നും അവർ കൂട്ടിച്ചേർത്തു.

ജർമ്മനിയിലെ കൺസ്ട്രക്ടർ യൂണിവേഴ്സിറ്റിയിലെ ഡോ. ഉൾറിച്ച് ക്ലീൻകത്തോഫറിൻറെ നേതൃത്വത്തിലുള്ള സംഘവുമായും, കൊൽക്കത്തയിലെ സി.എസ്.ഐ.ആർ - ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ബയോളജിയിലെ ഡോ. കൃഷ്ണാനന്ദ ചതോപാധ്യായയുടെ സംഘവുമായും സഹകരിച്ചാണ് ഈ ഗവേഷണം നടത്തിയത്. കേന്ദ്ര സർക്കാരിൻറെ ബയോടെക്നോളജി വകുപ്പ്, ശാസ്ത്ര സാങ്കേതിക വകുപ്പ്, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് എന്നിവയുടെ ധനസഹായത്തോടെയാണ് പഠനം പൂർത്തിയാക്കിയത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.