Sections

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിൻറിംഗുമായി അല്ലുമോളുണ്ടിവിടെ

Saturday, Aug 29, 2026
Reported By Admin
Allumol’s Face Painting Wins Hearts at Kanakakkunnu Onam

തിരുവനന്തപുരം: കനകക്കുന്നിലെത്തുന്നവരുടെ മുഖം കാൻവാസാക്കി മാറ്റുന്ന അല്ലുമോളാണ് ഇത്തവണത്തെ ഓണം വാരാഘോഷത്തിൻറെ താരം. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർ വരെ അല്ലുവിൻറെ 'ഫേസ് പെയിൻറിംഗി' നായി കാത്തുനില്ക്കുന്ന കാഴ്ചയാണ് കനകക്കുന്നിലിപ്പോൾ.

ഓണാഘോഷത്തിനെത്തുന്നവരുടെ മുഖത്തും കണ്ണിൻറെ വശങ്ങളിലും ഇഷ്ടചിത്രം വരയ്ക്കാൻ അല്ലുമോൾ തയ്യാർ. അലങ്കാരവിളക്കുകൾ തെളിയുന്നതോടെ കനകക്കുന്നിൽ എത്തുന്ന അല്ലുമോളെ ടൂറിസം മന്ത്രി പി സി വിഷ്ണുനാഥ് സന്ദർശിച്ചിരുന്നു. ഫേസ് പെയിൻറിഗിംനു പുറമെ കാരിക്കേച്ചറും ലൈവ് പെയിൻറിംഗും അല്ലുവിന് വഴങ്ങും.

ഒന്നാം വയസ്സിൽ കേൾവിയും സംസാരശേഷിയും ഭാഗികമായി നഷ്ടപ്പെട്ട അല്ലുമോളുടെ മനസ്സിലെ നിറങ്ങൾക്ക് ഏഴഴകെന്ന് മറ്റുള്ളവരുടെ മുഖത്ത് വരയുന്ന ചിത്രങ്ങൾ തെളിവ്. ചിത്രശലഭങ്ങൾ, ഓണത്തുമ്പി, പൂക്കൾ എന്നിവയുടെ ചിത്രങ്ങൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് അല്ലുമോൾ പറയുന്നു. 5-10 മിനിറ്റുകൾക്കുള്ളിൽ മുഖത്ത് വരയ്ക്കുന്ന ചിത്രങ്ങൾക്ക് ചെറിയ തുകമാത്രമാണ് ഈടാക്കുന്നത്. ഇതിൽ നിന്ന് ലഭിക്കുന്ന തുക സന്നദ്ധ സംഘടനകൾക്ക് നൽകുമെന്നും അല്ലുമോൾ പറഞ്ഞു.

ചെറുപ്പം മുതലേ ചിത്രരചനയിലുള്ള അല്ലുമോളുടെ അസാധാരണ താല്പര്യം തിരിച്ചറിഞ്ഞ അച്ഛൻ വി. മധുവും അമ്മ ലെനിയുമാണ് കൂടുതൽ ചിത്രം വരയ്ക്കാൻ പ്രേരണയായത്. നാലാം ക്ലാസ് മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. എട്ടാം ക്ലാസ് വരെ സാധാരണ സ്കൂളിൽ പഠിച്ച അല്ലുമോൾ പിന്നീട് സ്പെഷ്യൽ സ്കൂളിലാണ് പഠിച്ചത്.

ചിത്രരചനയിൽ മാത്രമല്ല അക്കാദമിക് പഠനത്തിലും അല്ലുമോൾ മിടുക്കിയാണ്. പത്താംക്ലാസ്, പ്ലസ്ടു, ബാച്ചിലർ ഓഫ് ഫൈൻ ആർട്സിലും മികച്ച മാർക്ക് നേടി. കുച്ചിപ്പുടി, ഭരതനാട്യം, നാടോടിനൃത്തം തുടങ്ങിയ നൃത്തയിനങ്ങളിലും മികവ് തെളിയിച്ച അല്ലുമോൾ മേതിൽ ദേവികയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

പത്തനംതിട്ട ഇടയാറൻമുള സ്വദേശിയായ അല്ലുമോൾ ജില്ലാ കലോത്സവത്തിലും പഞ്ചായത്ത്- ബ്ലോക്ക് തലങ്ങളിലെ കേരളോത്സവത്തിലും പലതവണ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.