- Trending Now:
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിൻറെ ഓണം വാരാഘോഷത്തിൻറെ ഭാഗമായി കനകക്കുന്ന് കൊട്ടാര വളപ്പിൽ ഒരുക്കിയിട്ടുള്ള 'ഫ്യൂച്ചർ സോൺ' സന്ദർശകരുടെ ശ്രദ്ധ നേടുന്നു. പ്രാദേശിക പ്രതിഭകൾ വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക ആശയങ്ങളും നിർമ്മിത ബുദ്ധി (എഐ) അധിഷ്ഠിത ഓണക്കൂട്ടായ്മ ഗെയിമുകളുമാണ് ഇവിടെ പ്രധാനമായും പ്രദർശിപ്പിച്ചിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും എഐ, റോബോട്ടിക്സ്, മറ്റ് സാങ്കേതിക വിദ്യകളുടെ സാധ്യതകൾ നേരിട്ട് അനുഭവിച്ചറിയാനുള്ള വേദി കൂടിയാണിതെന്ന് ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു. ഡ്രോൺ സാങ്കേതികവിദ്യ, ഇൻററാക്ടീവ് ഗെയിമുകൾ, ഭാവികാല ആപ്പ് ആശയങ്ങൾ എന്നിവ ഫ്യൂച്ചർ സോണിലെ വിവിധ സ്റ്റാളുകളിൽ സജ്ജീകരിച്ചിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിഗത കഴിവുകളും അഭിരുചികളും വിപണനം ചെയ്യാനും മികച്ച പ്രൊഫൈൽ നിർമ്മിക്കാനും സഹായിക്കുന്ന 'ബസ്ലർ' (Bustler) എന്ന ആപ്പാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. സാജിദ് സാജിയും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ഈ പ്ലാറ്റ്ഫോമിൽ ഇതിനോടകം മെഹന്ദി ഡിസൈനർമാർ, ലോഗോ ഡിസൈനർമാർ, ബേക്കർമാർ, അധ്യാപകർ, സംഗീതജ്ഞർ തുടങ്ങി ആയിരത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റ് തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തങ്ങളുടെ അഭിരുചികൾ വഴി വരുമാനം കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നു. രജിസ്റ്റർ ചെയ്യുന്ന ഉപഭോക്താക്കളുടെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാൻ കർശനമായ എഐ നിരീക്ഷണ സംവിധാനവും ഈ ആപ്പിലുണ്ട്.
അജു എഡ് സൊല്യൂഷൻസ് (AJU ED Solutions), വൺ വൈബ് (One Vibe) എന്നീ സ്ഥാപനങ്ങൾ ഒരുക്കിയിട്ടുള്ള ഓണം പ്രമേയമാക്കിയുള്ള ഗെയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. റിമോട്ട് കൺട്രോൾ വഴി നിയന്ത്രിക്കുന്ന 'വാമനൻ വേഴ്സസ് മാവേലി' റോബോട്ടിക് ഫുട്ബോൾ മത്സരവും മൈക്രോഫോണിലൂടെ ശബ്ദമുണ്ടാക്കി ഡിജിറ്റൽ മാവേലിയെ ഉണർത്തുന്ന കളിയുമാണ് അജു എഡ് സൊല്യൂഷൻസ് സ്റ്റാളിലുള്ളത്.
വൺ വൈബ് ഒരുക്കിയിട്ടുള്ള സ്റ്റാളിൽ ആർക്കേഡ് ഗെയിമുകൾക്ക് സമാനമായ ഡിജിറ്റൽ വള്ളംകളിയും ചാക്കിലോട്ടവും സൗജന്യമായി കളിക്കാൻ അവസരമുണ്ട്.
ചുവരെഴുത്തുകൾ കൃത്യതയോടും വേഗത്തോടും കൂടി നിർവഹിക്കാൻ തെവനോവ ടെക്ട്രേഡ് വികസിപ്പിച്ചെടുത്ത 'ചുവർബോട്ട്' (Chuvarbot) എന്ന റോബോട്ടും ഫ്യൂച്ചർ സോണിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
കൂടാതെ, 2024-ലെ വയനാട് ഉരുൾപൊട്ടൽ, മലമ്പുഴ ബാബുവിൻറെ രക്ഷാപ്രവർത്തനം എന്നിവയിൽ പങ്കാളികളായ 'ഡ്രോണിമാജിനേഷൻ പ്രൈവറ്റ് ലിമിറ്റഡ്' ഒരുക്കിയ സ്റ്റാൾ ഡ്രോൺ സാങ്കേതികവിദ്യ, ജിയോസ്പേഷ്യൽ ഇൻറലിജൻസ്, ഡ്രോൺ-ജിഐഎസ് മേഖലകളിലെ തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു.
കേരളത്തിൻറെ തനത്, നാടോടി, ശാസ്ത്രീയ കലാരൂപങ്ങളുടെ ചാരുത വിളിച്ചോതുന്ന ആഘോഷ പരിപാടികൾ ഓഗസ്റ്റ് 30 വരെ നീണ്ടുനിൽക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.