Sections

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നിൽ 'പ്ലാസ്റ്റിക് അറസ്റ്റ്'

Saturday, Aug 29, 2026
Reported By Admin
Kanakakkunnu Promotes Green Onam with Plastic Arrest Drive

തിരുവനന്തപുരം: ഓണാഘോഷങ്ങൾക്കൊപ്പം തന്നെ ഹരിത ഓണം ക്യാമ്പയ്നിൻറെ ബോധവത്കരണ പ്രവർത്തനങ്ങളും കനകക്കുന്നിൽ സജീവമാണ്. പൊതുജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമായി നിലനിർത്തുന്നതിനുള്ള സന്നദ്ധപ്രവർത്തകരുടെ ശ്രമങ്ങൾ ഇവിടെ ഊർജ്ജിതമാണ്.

ഓണാഘോഷവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള 13 കമ്മിറ്റികളിൽ ഒന്നായ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയാണ് ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനും ശുചിത്വ മിഷനും സംയുക്തമായി നടപ്പാക്കുന്ന ഗ്രീൻ പ്രോട്ടോക്കോൾ പദ്ധതി 2017 മുതൽ കനകക്കുന്നിൽ സജീവമാണ്.

ആഘോഷവേളകളിൽ പ്ലാസ്റ്റിക് മാലിന്യം കൂടാതിരിക്കാനും പരിസ്ഥിതിക്ക് കരുതലേകുന്ന ഓണാഘോഷം ഉറപ്പാക്കാനും 'പ്ലാസ്റ്റിക് അറസ്റ്റ്' എന്ന വേറിട്ട പ്രവർത്തനം കനകക്കുന്നിൽ സംഘടിപ്പിച്ചിട്ടുണ്ട്.

ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും കേരളം പ്രശസ്തമാണ്. പൊതുവിടങ്ങളിലും ഓണം പോലുള്ള വലിയ ആഘോഷവേളകളിലും ഈ നിലവാരം ഉയർത്തിപ്പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

ഗ്രീൻ പ്രോട്ടോക്കോൾ എന്നത് പ്ലാസ്റ്റിക് മാലിന്യം തടയുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായും സുസ്ഥിരമായും നിലനിർത്താനുളള ഉത്തരവാദിത്തം ഓരോരുത്തരും ഏറ്റെടുക്കണമെന്ന സന്ദേശം കൂടിയാണിത്. സന്നദ്ധ പ്രവർത്തകരുടെ ശ്രമവും പൊതുജനങ്ങളുടെ സഹകരണവും ചേർന്നാൽ ഓണാഘോഷത്തിൻറെ സന്തോഷത്തിനൊപ്പം പരിസ്ഥിതിയോടുള്ള കരുതലും ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് വിമുക്ത ഓണം എന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനായി റാലിയും ഫ്ളാഷ് മോബും നേരത്തെ നടത്തിയിരുന്നു. ഇവിടേക്ക് കൊണ്ടുവരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കണ്ടെത്തി സ്റ്റിക്കർ പതിപ്പിക്കുകയും 10 രൂപ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക് വലിച്ചെറിയുന്ന ശീലം ഒഴിവാക്കുന്നതിനും മാലിന്യ സംസ്കരണ സംസ്കാരം വളർത്തിയെടുക്കലുമാണ് ക്യാമ്പയിൻറെ ലക്ഷ്യം.

2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സംസ്ഥാനത്ത് ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. പിന്നീടത് കേരളത്തിൽ നടക്കുന്ന വിവിധ പൊതുപരിപാടികളിലേക്കും വേദികളിലേക്കും വ്യാപിച്ചു. ദിവസവും 25 സന്നദ്ധ പ്രവർത്തകരാണ് ഇവിടെ ക്യാമ്പയ്നിൻറെ ഭാഗമാകുന്നത്. എൻഎസ്എസ് അംഗങ്ങൾ, എംഎസ് ഡബ്ല്യൂ, ബിഎസ് ഡബ്ല്യു, സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ എന്നിവരാണ് സംഘത്തിലുള്ളത്.

സന്ദർശകരുമായി നേരിട്ട് സംവദിച്ചാണ് ബോധവത്കരണം. മാലിന്യങ്ങൾ തരംതിരിക്കുന്നതിൻറെ പ്രാധാന്യം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കേണ്ടതിൻറെ ആവശ്യകത, ശരിയായ രീതിയിലുള്ള മാലിന്യ സംസ്കരണം എങ്ങനെ നടപ്പാക്കണം എന്നിവയെക്കുറിച്ച് അവർ വിശദീകരിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കാനും സന്ദർശകരെ പ്രേരിപ്പിക്കുന്നു.

പ്രതിദിനം ഏകദേശം 250 പ്ലാസ്റ്റിക് ക്യാരി ബാഗുകളും മറ്റ് വസ്തുക്കളും ഇവിടെ നിന്ന് ശേഖരിക്കുന്നതായി ക്യാമ്പയിൻ സംഘത്തിലുള്ളവർ പറഞ്ഞു. ഇവ ശരിയായ രീതിയിൽ ശേഖരിച്ച് സംസ്കരിക്കാനുളള നടപടികളും സ്വീകരിക്കുന്നുണ്ട്.

പ്ലാസ്റ്റിക് അറസ്റ്റ് എന്നത് ഒരു നിയമം നടപ്പാക്കുന്ന പ്രവർത്തനം മാത്രമല്ല, പരിസ്ഥിതി ഉത്തരവാദിത്തമുള്ള സമീപനം സന്ദർശകർക്ക് ദൈനംദിന ജീവിതത്തിൻറെ ഭാഗമാക്കാനുള്ള അവസരമൊരുക്കൽ കൂടിയാണ്.

ക്യാമ്പയ്നിനോട് സന്ദർശകരുടെ പ്രതികരണം സമ്മിശ്രമാണ്. ഭൂരിഭാഗം പേരും സഹകരിക്കുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ക്യാരി ബാഗുകൾ കൈമാറാനോ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാനോ ആവശ്യപ്പെടുമ്പോൾ ചിലർ പ്രതിഷേധിക്കാറുണ്ട്.

ചിലർ തങ്ങളോട് ദേഷ്യപ്പെടുമെങ്കിലും കൂടുതൽ ആളുകളും സഹകരിക്കുന്നവർ തന്നെയാണ്. ജനങ്ങൾ ക്രമേണ കൂടുതൽ ബോധവാൻമാ രാകുന്നതിൻറെ ഫലങ്ങൾ കാണാൻ സാധിക്കുന്നതായി എംഎസ് ഡബ്ല്യൂ വിദ്യാർത്ഥി അനീഷ് അൻസലം പറഞ്ഞു.

വെള്ളക്കുപ്പികൾ, സ്ട്രോകൾ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ സന്നദ്ധപ്രവർത്തകർക്ക് കൈമാറുന്നതിനും അവ ശരിയായ രീതിയിൽ സംസ്കരിക്കുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും കനകക്കുന്നിൽ സജ്ജമാക്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.