Sections

ഓണത്തിൻറെ നിറക്കാഴ്ചകൾക്ക് കലയുടെ ചാരുത; കനകക്കുന്നിൽ ആഘോഷത്തിൻറെ പൂക്കാലം

Thursday, Aug 27, 2026
Reported By Admin
Kanakakkunnu Onam Fest Showcases Art, Culture and Technology

തിരുവനന്തപുരം: പാരമ്പര്യത്തിൻറെ താളത്തിലും പുതുമയുടെ നിറത്തിലും കനകക്കുന്നിൽ ഓണനിറങ്ങൾ തിളങ്ങുകയാണ്. വർണവെളിച്ചങ്ങൾ പൂത്തുനിൽക്കുന്ന വഴികളും ചെണ്ടമേളത്തിൻറെ താളവും കലയുടെ നിറച്ചാർത്തുകളും ചേർന്ന് ഇവിടെ നിറയുന്നത് ഉത്സവക്കാഴ്ചകൾ മാത്രമല്ല, എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹരമായ അനുഭവം കൂടിയാണ്. കലയും സംസ്കാരവും സാങ്കേതികവിദ്യയും കൈകോർക്കുന്ന കനകക്കുന്ന് ഇത്തവണ ഓണാഘോഷത്തിൻറെ വേറിട്ട വേദിയായി മാറുകയാണ്.

സായാഹ്നങ്ങളിൽ ഇരുൾ വീഴുമ്പോൾ ഇവിടെ ഓണനിലാവിൻറെ വർണവസന്തം വിരിയും. കലയുടെ വിസ്മയലോകത്തേക്കുള്ള കവാടം സന്ദർശകരെ കാത്തിരിക്കുന്നു. ചിത്രം വരയ്ക്കാൻ ഇഷ്ടമുള്ളവരെങ്കിലും അതിന് ശ്രമം നടത്തിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഇവിടെയെത്തി ഇഷ്ടമുള്ള നിറങ്ങൾ ചാലിച്ച് ചിത്രം വരയ്ക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുമിച്ചിരുന്ന് തീർത്തും സൗജന്യമായി തന്നെ മനസിലുള്ള ഭാവനകൾ ക്യാൻവാസിലേക്ക് പകർത്താം.

അൽപം അകലെയായി കേരളത്തിൻറെ തനത് വാദ്യകലയായ ചെണ്ടമേളത്തിൻറെ താളം ആസ്വദിക്കാം, ഇനി അതിനൊപ്പം ചേരണം എന്നുണ്ടെങ്കിൽ അതിനും അവസരമുണ്ട്. ഇവിടെ ആർക്കും ചെണ്ടയേന്തി മേളത്തിൻറെ ഭാഗമാകാം.

സന്ദർശകർ കേവലം കണ്ടുമടങ്ങുന്ന കാഴ്ചകൾക്കപ്പുറം പങ്കെടുത്തും അനുഭവിച്ചും കൂടെക്കൂട്ടാവുന്ന ഓർമ്മകളാണ് ടൂറിസം വകുപ്പ് കനകക്കുന്നിൽ സമ്മാനിക്കുന്നത്. പ്രായഭേദമന്യേ ഏവർക്കും ആസ്വദിക്കാവുന്ന കലാ-സാംസ്കാരിക അനുഭവങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

സംസ്കാരത്തെ വെറുമൊരു വേദിയിലെ പ്രകടനമായി കാണാതെ, എല്ലാവർക്കും പങ്കുചേരാവുന്ന ജീവസുറ്റ അനുഭവമാക്കി മാറ്റുകയാണ് സർക്കാരിൻറെ ലക്ഷ്യമെന്ന് ടൂറിസം, സാംസ്കാരിക മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

കേരളത്തിൻറെ തനത് കലാപാരമ്പര്യത്തിനും പ്രാദേശിക കലാകാരൻമാർക്കും ഓണാഘോഷങ്ങളിൽ ഇത്തവണ അർഹമായ ഇടം നൽകിയിരിക്കുകയാണ്. കലാകാരൻമാർക്കും പരമ്പരാഗത കരകൗശല വിദഗ്ധർക്കും കഴിവുകൾ അവതരിപ്പിക്കാൻ വേദിയൊരുക്കുന്നതിനൊപ്പം സന്ദർശകർക്ക് അവ നേരിൽ കണ്ട് അനുഭവിക്കാനും അവസരം നൽകുന്നു. കേരളത്തിൻറെ സാംസ്കാരിക പൈതൃകവുമായി ആളുകളെ കൂടുതൽ അടുപ്പിക്കുന്ന ഓണാനുഭവമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇക്കുറി ജനപങ്കാളിത്തത്തിൻറെ വലിയ വേദിയായി കനകക്കുന്നിലെ ഓണാഘോഷം മാറിയിരിക്കുകയാണ്. കലയും സാങ്കേതികവിദ്യയും കൈകോർക്കുന്ന ആഘോഷമാണ് ഇവിടെ നടക്കുന്നത്. കേരളീയ വേഷത്തിൽ കുടുംബങ്ങളും യുവാക്കളും എത്തുന്നതോടെ കനകക്കുന്നതിൽ ഉത്സവത്തിൻറെ ആവേശം വാനോളം ഉയരുകയാണ്.

പ്രദർശനത്തിനായി കനകക്കുന്നിനെ അഞ്ച് തീം അധിഷ്ഠിത മേഖലകളായി തിരിച്ചിട്ടുണ്ട്. പരമ്പരാഗത വ്യാപാര, ഭക്ഷ്യ മേഖലകൾക്കൊപ്പം കല, സംസ്കാരം, സാങ്കേതികവിദ്യ എന്നിവയ്ക്കും പ്രത്യേക ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രവേശന കവാടത്തിന് സമീപം 'ഫ്യൂച്ചർ സോൺ ' എന്ന പേരിൽ സ്റ്റാർട്ടപ്പ് പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻറെ നേതൃത്വത്തിലുള്ള ഈ പ്രദർശനത്തിൽ പുതിയ കാലത്തിൻറെ സാങ്കേതിക ആശയങ്ങളുമായി നിരവധി സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നു. സാങ്കേതികവിദ്യകളെ കുറിച്ച് സന്ദർശകർക്ക് നേരിട്ടറിയാനും അവയുടെ പ്രവർത്തനം മനസിലാക്കാനും അവസരമുണ്ട്.

ഓണത്തെ ആസ്പദമാക്കിയും അല്ലാതെയുമുള്ള ഡിജിറ്റൽ ഗെയിമുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് സൗജന്യമായി ഇവയിൽ പങ്കെടുക്കാം. ഡിജിറ്റൽ വള്ളംകളി പ്രധാന ആകർഷണങ്ങളിലൊന്നാണ്.

ഓണം വാരാഘോഷങ്ങളുടെ ഭാഗമായി ഇത്തരമൊരു പ്രദർശനം സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.

കേരളത്തിൻറെ തനത് കണ്ണാടിയായ വാൽക്കണ്ണാടിയുടെ രൂപത്തിലുള്ള മനോഹരമായ കവാടമാണ് കലാ-സാംസ്കാരിക മേഖലയിലേക്ക് സ്വാഗതമോതുന്നത്. കസവിൻറെയും പൂക്കളുടെയും തോരണങ്ങളുടെയും അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ഈ കവാടം സെൽഫികൾക്കും റീലുകൾക്കും മനോഹരമായ പശ്ചാത്തലമാണ് സമ്മാനിക്കുന്നത്.

കവാടം കടന്നാൽ പഴമയുടെ ഗന്ധമുള്ള കേരളീയ തറവാടിൻറെ ചെറുമാതൃക കാണാം. അകത്തേക്ക് കടക്കുമ്പോൾ പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ ലോകം തുറക്കും. മൺപാത്ര നിർമ്മാണം പോലുളള വസ്തുക്കളുടെ തത്സമയ പ്രദർശനങ്ങൾ സന്ദർശകർക്ക് നേരിൽ കാണാം.

തോൽപ്പാവക്കൂത്ത്, നിഴൽപ്പാവകളി, കഥകളി ചമയം എന്നിവയിൽ ശില്പശാലകളും സംഘടിപ്പിച്ചിട്ടുണ്ട്. കലയുടെ പിന്നിലുള്ള അധ്വാനവും സൗന്ദര്യവും അടുത്തറിയാനുള്ള അവസരമാണിത്.

കനകക്കുന്ന് പുൽത്തകിടിയിൽ ഒരുക്കിയിരിക്കുന്ന താത്കാലിക മിനി തിയേറ്ററിൽ എല്ലാ ദിവസവും വൈകിട്ട് ആറ് മണി മുതൽ ഡോക്യുമെൻററി പ്രദർശനം ഉണ്ടാകും.

കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശത്തിലാക്കുന്ന മേസ് ഗെയിമും ഇവിടുത്തെ പ്രധാന ആകർഷണമാണ്. വഴിതെറ്റാതെ ചുരുളഴിയുന്ന വഴികളിലൂടെ പുറത്തുകടക്കുക എന്നതാണ് ഇതിൻറെ വെല്ലുവിളി.

സൂര്യകാന്തിയിൽ വ്യാപാര-ഭക്ഷണ സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. 15 ഫുഡ് സ്റ്റാളുകളാണ് ഉള്ളത്. ഓണത്തിൻറെ രുചിയും നിറവും ആഘോഷവും ഒരുമിക്കുന്ന ഈ ഇടം കനകക്കുന്നിലെത്തുന്നവർക്ക് മറക്കാനാകാത്ത മനോഹരമായ അനുഭവമാണ് സമ്മാനിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.