- Trending Now:
തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻറെ ആരവം പുറത്ത് തകർക്കുമ്പോൾ കനകക്കുന്ന് കൊട്ടാരത്തിനുള്ളിലെ അരങ്ങ് കേരളീയ കലകളാൽ പ്രൗഡം . യുനെസ്കോ അംഗീകരിച്ച കൂടിയാട്ടത്തിൽ തുടങ്ങി കഥകളി, നങ്ങ്യാർകൂത്ത്, ചാക്യാർക്കൂത്ത്, അക്ഷരശ്ലോക സദസ് വരെ കനകക്കുന്ന് കൊട്ടാരത്തിൻറെ അകത്തളത്തിൽ സജീവം.
പതിവു ബഹളങ്ങളിൽ നിന്ന് മാറി കേരളീയ കലകളിലേക്ക് ആകാംഷയോടെ നോക്കിയിരിക്കുന്ന ജെൻസിക്കാരെ കൗതുകത്തോടെ നോക്കുന്ന മുതിർന്ന തലമുറ ഇവിടുത്തെ ഓണാഘോഷങ്ങളിലെ വേറിട്ട കാഴ്ചയാണ്. എല്ലാ ദിവസവും വൈകുന്നേരം നാല് മണി മുതലാണ് ഇത്തരം കേരളീയ കലകൾ കനകക്കുന്ന് കൊട്ടാരത്തിൻറെ അകത്തളത്തിൽ അരങ്ങേറുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മാർഗിയിലെ കൂടിയാട്ടം-നങ്ങ്യാർക്കൂത്ത് അധ്യാപികയും കലാകാരിയുമായ മാർഗി ഉഷ അവതരിപ്പിച്ച വാമനാവതാരം നങ്ങ്യാർക്കൂത്ത് ആസ്വദിക്കുന്ന നിറഞ്ഞ സദസ്സിൽ വിദേശികളുമുണ്ടായിരുന്നു. അഞ്ച് വയസുകാരിയിൽ തുടങ്ങി 90 കളിൽ വരെ എത്തി നില്ക്കുന്ന കാണികളെ കേരളത്തിൻറെ തനത് കലാരൂപങ്ങൾ ഒരുപോലെ തൃപ്തിപ്പെടുത്തുന്ന അനുഭവം.
ലോകപൈതൃക അനുഷ്ഠാനകലയായി യുനെസ്കോ അംഗീകാരിച്ച കൂടിയാട്ടം ഉൾപ്പെടെയുള്ള കേരളത്തിൻറെ സ്വന്തം കലകളെ പ്രോത്സാഹിപ്പിക്കാൻ ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി സി. വിഷ്ണുനാഥ് പറഞ്ഞു.
ദീർഘകാലത്തെ പരിശ്രമവും പരിശീലനവും അവശ്യമുള്ള അനുഷ്ഠാനകലകൾ അവതരിപ്പിക്കുന്ന കലാകാരന്മാരുടെ ഉന്നമനം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഓണാഘോഷ പരിപാടികളുടെ ഭാഗമായി കേരളത്തിൻറെ സ്വന്തം കലകളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളീയ കലകളുടെ തായ് വേര് കൂടിയാട്ടമാണെന്നും അതിനെ പ്രോത്സാഹിപ്പിക്കുന്ന ടൂറിസം വകുപ്പിൻറെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും മാർഗി ഉഷ പറഞ്ഞു. കൂത്തമ്പലങ്ങളിൽ മാത്രം നടന്നിരുന്ന ഇത്തരം കലാരൂപങ്ങൾക്ക് കൊട്ടാരത്തിനുള്ളിൽ വേദി നല്കിയത് കലയോടുള്ള ആദരവായി കണക്കാക്കുന്നു.
മുൻകാലത്തെ അപേക്ഷിച്ച് അനുഷ്ഠാനകലകൾക്ക് സമൂഹത്തിൻറെ അംഗീകാരം ലഭിക്കുന്നത് ആനന്ദകരമാണ്. നാരായണീയത്തെ ആസ്പദമാക്കി ബലിതർപ്പണം എന്ന ദശകത്തിലെ ഒരു ശ്ലോകമാണ് കഴിഞ്ഞദിവസം അവതരിപ്പിച്ചത്. മഹാബലിയുടേയും വാമനൻറേയും കഥ പറയുന്ന 'വാമനാവതാരം' അവതരിപ്പിക്കാൻ ഇതിനേക്കാൾ മികച്ച വേദിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അറുപതു വർഷത്തോളമായി തുടരുന്ന ജീവിതത്തിൻറെ ഏറിയ പങ്കും കലയ്ക്കായി മാറ്റിവെച്ചയാളാണ് മാർഗി ഉഷ. വിദേശത്തും സ്വദേശത്തുമായി വിവിധ അരങ്ങുകളിൽ കൂടിയാട്ടം അവതരിപ്പിക്കുന്ന മാർഗി ഉഷയ്ക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.