- Trending Now:
തിരുവനന്തപുരം: ഡിജിറ്റൽ വിനോദ രംഗത്ത് ചുവടുറപ്പിച്ച് കെഫോൺ ഒ.ടി.ടി. സേവനം ആരംഭിച്ച് പത്ത് മാസം പൂർത്തിയാകുമ്പോൾ പ്ലാറ്റ്ഫോമിലെ ഉപഭോക്താക്കളുടെ എണ്ണം 5,028 ആയി. നിരവധി പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളും ഡിജിറ്റൽ ടിവി ചാനലുകളും ഒരൊറ്റ സേവനത്തിലൂടെ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ് കെഫോൺ ഒ.ടി.ടിയെ ശ്രദ്ധേയമാക്കുന്നത്.
പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളായ ആമസോൺ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാർ, സോണി ലിവ്, ഫാൻകോഡ്, സീ5, ജിയോ സാവൻ, ട്രാവൽ എക്സ്പി തുടങ്ങിയവ ഉൾപ്പെടെ 29 ഒ.ടി.ടി പ്ലാറ്റ്ഫോമുകളാണ് കെഫോൺ ഒ.ടി.ടിയിലൂടെ ലഭ്യമാകുന്നത്. ഇതിന് പുറമെ 350-ലധികം ഡിജിറ്റൽ ടിവി ചാനലുകളും സിനിമകൾ, വെബ് സീരീസുകൾ, വിനോദ പരിപാടികൾ, കുട്ടികൾക്കായുള്ള ഉള്ളടക്കങ്ങൾ, സംഗീതം, കായിക പരിപാടികൾ തുടങ്ങിയവയും പ്ലാറ്റ്ഫോമിലുണ്ട്. വിവിധ പ്രായക്കാരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വൈവിധ്യമാർന്ന ഉള്ളടക്കമാണ് കെഫോൺ ഒ.ടി.ടിയുടെ പ്രധാന സവിശേഷത.
ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ മാത്രം ഒതുങ്ങാതെ ഡിജിറ്റൽ വിനോദ സേവന മേഖലയിലേക്കും കെഫോണിന്റെ സേവനശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒ.ടി.ടി പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. കെഫോണിന്റെ അതിവേഗ ബ്രോഡ്ബാൻഡ് ശൃംഖലയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേവനം , വിവിധ ഡിജിറ്റൽ ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. കണക്റ്റിവിറ്റിയും വിനോദവും ഒരുമിച്ച് നൽകുന്ന സേവനമെന്ന നിലയിൽ സംസ്ഥാനത്തെ ഡിജിറ്റൽ സേവനരംഗത്ത് കെഫോൺ ഒ.ടി.ടി ശ്രദ്ധേയമായ ഇടം നേടുകയാണ്.
ഒ.ടി.ടി രംഗത്തെ മാറുന്ന പ്രവണതകൾക്കനുസരിച്ച് കൂടുതൽ ഉള്ളടക്കങ്ങളും സേവനങ്ങളും ഉൾപ്പെടുത്തി പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കാനാണ് കെഫോൺ ലക്ഷ്യമിടുന്നത്. 5,000ത്തിലധികം ഉപഭോക്താക്കളിലേക്ക് സേവനം എത്തിക്കാനായതിലൂടെ കെഫോൺ ഒ.ടി.ടിക്ക് ലഭിക്കുന്ന സ്വീകാര്യത കൂടുതൽ ശക്തമാകുന്നതായും കൂടുതൽ ഉപഭോക്താക്കളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.