Sections

സംസ്ഥാനത്ത് റാഗി പാക്കറ്റുകളാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യും

Thursday, Jan 12, 2023
Reported By admin
kerala

നിർത്തലാക്കിയ ഗോതമ്പ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്


സംസ്ഥാനത്തിനുള്ള ഗോതമ്പ് വിഹിതം നിർത്തലാക്കിയ കേന്ദ്രം പകരം നൽകാമെന്നേറ്റ റാഗി സംസ്ഥാനത്ത് എത്തിച്ച്, മില്ലുകളിൽ ശുദ്ധീകരിച്ച് ഒരു കിലോ വീതമുള്ള പാക്കറ്റുകളാക്കി റേഷൻകടകൾ മുഖേന വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല വിജിലൻസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിർത്തലാക്കിയ ഗോതമ്പ് പുന:സ്ഥാപിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗോതമ്പിന് പകരം അനുവദിച്ച റാഗി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) കർണാടകയിലെ ഗോഡൗണിൽ നിന്നാണ് എത്തിക്കേണ്ടത്. എന്നാൽ ആദ്യ തവണ കർണാടകയിൽ പോയി റാഗിയുടെ ഗുണനിലവാരം പരിശോധിച്ച സപ്ലൈകോ ഉദ്യോഗസ്ഥർ തൃപ്തി പ്രകടിപ്പിച്ചില്ല. രണ്ടാമതും പോയി പരിശോധന നടത്തി ഗുണനിലവാരം ബോധ്യപ്പെട്ട 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക.

സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും ഒരു റേഷൻ കടയിലൂടെ റാഗി ആദ്യഘട്ടത്തിൽ വിതരണം ചെയ്യാനാണ് പദ്ധതിയെന്ന് ഭക്ഷ്യമന്ത്രി വിശദീകരിച്ചു. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗി ജനങ്ങൾ എങ്ങനെ സ്വീകരിക്കും എന്നറിഞ്ഞശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിൽ കൂടുതൽ റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യും.

ഗോതമ്പ് സംസ്ഥാനത്തിന് അനുവദിച്ച അതേ നിരക്കിൽ തന്നെയായിരിക്കും റാഗിയും കേന്ദ്ര സർക്കാർ നൽകുക. ആദിവാസി മേഖലയിൽ നേരത്തെ വളരെ വ്യാപകമായിരുന്ന റാഗി, ചാമ ഭക്ഷ്യവിളകൾ പുന:സ്ഥാപിക്കാൻ റാഗി വിതരണം വഴിയൊരുക്കുമെന്ന് യോഗത്തിൽ സംസാരിച്ച സമിതി അംഗം ചൂണ്ടിക്കാട്ടി.

ഗോത്രവർഗ്ഗക്കാരുടെ ആരോഗ്യ മികവിന്റെ പ്രധാനകാരണം അവരുടെ തനത് റാഗി വിഭവങ്ങൾ ആയിരുന്നു. റേഷൻ കടകളിലൂടെ റാഗി വിതരണം ചെയ്യാനുള്ള പദ്ധതി ഗോത്ര മേഖലയിലെ തനത് ഭക്ഷണ പാരമ്പര്യം തിരികെ പിടിക്കാനും അതുവഴി ഗോത്ര മേഖലയുടെ ശാക്തീകരണത്തിനും വഴിയൊരുക്കുമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഒപ്പം പോഷകദായകമായ റാഗി ഭക്ഷണക്രമം പൊതുജനങ്ങളുടെ താൽപ്പര്യമനുസരിച്ച് എല്ലാവർക്കും ലഭ്യമാക്കാൻ സാധിക്കും.

ഇക്കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഭക്ഷ്യ, കൃഷി, പട്ടികജാതി-പട്ടിക വർഗ്ഗ വകുപ്പുകൾ സംയോജിപ്പിച്ച് ഗോത്ര മേഖലയുടെ തനത് ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്ന രീതിയിലേക്ക് ചർച്ചകൾ നടക്കുന്നതായി മന്ത്രി മറുപടി നൽകി. റാഗി ഭക്ഷണത്തിന്റെ പോഷകവശങ്ങളെ കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാനായി മില്ലറ്റ് ഫുഡ് ഫെസ്റ്റിവൽ നടത്തുന്നത് ആലോചിക്കും, സപ്ലൈകോയ്ക്ക് സാധനങ്ങൾ എത്തിക്കുന്ന എഫ്.സി.ഐയുടെ പാക്കിംഗ് മോശമാകുന്നത് കാരണം കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നതായി സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് പട്ജോഷി ചൂണ്ടിക്കാട്ടി. ബാഗ് പൊട്ടുന്നതിനെ തുടർന്ന് റീബാഗിംഗ് ചെയ്തു വരുമ്പോൾ തൂക്കത്തിൽ കുറവ് വരുന്നുണ്ട്. തൊഴിലാളികൾ ഹുക്ക് ഉപയോഗിച്ച് ചാക്ക് കൈകാര്യം ചെയ്യുന്നത് വഴി തുളകൾ വീണും ധാന്യ നഷ്ടം സംഭവിക്കുന്നു. ബാഗുകളുടെ കാര്യത്തിൽ പണ്ടത്തേതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട് എന്നും എഫ്.സി.ഐയുടെ സ്മാർട്ട് ബാഗുകൾ ഉടൻ ലഭ്യമാകുമെന്നും എഫ്.സി.ഐ പ്രതിനിധി യോഗത്തെ അറിയിച്ചു.

സപ്ലൈകോ സാധനങ്ങൾ എത്തിക്കുന്ന ലോറികളിൽ 579 എണ്ണത്തിൽ ജി.പി.എസ് സംവിധാനം ഘടിപ്പിച്ചതായി മാനേജിങ് ഡയറക്ടർ അറിയിച്ചു. ഇനി നൂറിൽപരം ലോറികൾ മാത്രമേ ജി.പി.എസ് ഘടിപ്പിക്കാനായി ബാക്കിയുള്ളൂ. സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നിന്നും സബ്സിഡി ഇനങ്ങൾ വാങ്ങുമ്പോൾ മാനുവലായി ബിൽ എന്റർ ചെയ്യുന്നതിനു പകരം റേഷൻ കാർഡ് സ്കാൻ ചെയ്ത് ആയിരിക്കും ഇനി സബ്സിഡി ലഭ്യമാക്കുക. ചില കേന്ദ്രങ്ങളിൽ നിന്ന് സബ്സിഡി ദുരുപയോഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണിത്.

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രേഡിംഗ് ചെയ്യുന്ന നടപടി പരിഗണനയിലാണെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. ഇ-പോസ് മെഷീൻ സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഈ മാസം 17 ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന ഐ.ടി മിഷൻ, നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി) ഹൈദരാബാദ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സൗജന്യ അരി വിതരണം ചെയ്യുന്ന ക്ഷേമകാര്യ സ്ഥാപനങ്ങളിൽ എത്ര അന്തേവാസികൾ ഉണ്ട് എന്നതിനെക്കുറിച്ച കൃത്യമായ വിവരങ്ങൾ 15 ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകളും സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. കൃത്യമായ കണക്ക് കേന്ദ്രത്തിൽ ധരിപ്പിച്ച് അർഹമായ ഭക്ഷ്യധാന്യം നേടിയെടുക്കാനാണിത്.

സംസ്ഥാനത്ത് വേണ്ടത്ര പുഴുക്കലരി വിതരണം ചെയ്യാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. പച്ചരിയും സമ്പുഷ്ടീകരിച്ച പുഴുക്കലരിയും മാത്രമാണ് സ്റ്റോക്ക് ഉള്ളത് എന്നാണ് എഫ്.സി.ഐയിൽ നിന്ന് ലഭിച്ച മറുപടി. 2023 മുതൽ ക്രമാനുഗതമായി സമ്പുഷ്ടീകരിച്ച അരി മാത്രം വിതരണം ചെയ്താൽ മതി എന്ന കേന്ദ്ര നയത്തിന്റെ ഭാഗമായാണ് സമ്പുഷ്ടീകരിച്ച പുഴുക്കലരി ലഭ്യമാകുന്നത് എന്ന് എഫ്.സി.ഐ പ്രതിനിധി വക്തമാക്കി. ഇക്കാര്യത്തിൽ നയപരമായ തീരുമാനം സർക്കാർ തലത്തിൽ എടുക്കുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.