- Trending Now:
കൊച്ചി: വിനോദസഞ്ചാര മേഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനപ്പുറം, ജന്മനായോ അല്ലാതെയോ ശാരീരിക പരിമിതികൾ നേരിടുന്നവർക്കും ആസ്വാദ്യകരമായ രീതിയിൽ ടൂറിസത്തെ മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. കേരള ടൂറിസം വകുപ്പും 'ദി ഹിന്ദു' ദിനപ്പത്രവും സംയുക്തമായി സംഘടിപ്പിച്ച 'കേരള ഫോർ ഓൾ: ടൂറിസം വിത്തൗട്ട് ബാരിയേഴ്സ്' ഉച്ചകോടിയുടെ ഭാഗമായി നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
വിവിധ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കാഴ്ചാ-കേൾവി പരിമിതികളുള്ളവർക്കും നാഡീസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും വിനോദസഞ്ചാര അനുഭവങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്ന ഒരു ആവാസവ്യവസ്ഥ സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസിപ്പിക്കുമെന്ന് അവർ വ്യക്തമാക്കി.
ലിംഗ സമത്വ ഓഡിറ്റും സുരക്ഷാ ഓഡിറ്റും നടത്തി ലിംഗസമത്വ നയം പ്രഖ്യാപിക്കാനുള്ള അവസാന ഘട്ടത്തിലാണ് കേരള ടൂറിസമെന്ന് ഡയറക്ടർ പറഞ്ഞു. വിനോദസഞ്ചാര മേഖലയിലെ സുരക്ഷിതത്വവും പ്രൊഫഷണലിസവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകിത്തുടങ്ങിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കടുത്ത് വീടുകളുള്ള സ്ത്രീകൾക്ക് അവിടെത്തന്നെ ശുചിമുറുകൾ നിർമ്മിക്കാൻ അനുമതി പദ്ധതിക്ക് തുടക്കമായി. ഇതിൽ ആദ്യത്തേത് മൂന്നാറിനടുത്തുള്ള കാന്തല്ലൂരിൽ ഉടൻ പ്രവർത്തനസജ്ജമാകും. ഇതിനായി സ്ത്രീകൾക്ക് ധനസഹായം നൽകും. വനിതാ വികസന കോർപറേഷനുമായി ചേർന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകുന്ന പദ്ധതിയും ടൂറിസം വകുപ്പ് മുന്നോട്ടു വച്ചിട്ടുണ്ട്. സാമ്പത്തികമായി ശാക്തീകരിക്കുന്നതിനൊപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം ഉയർത്താനും ഇതിലൂടെ സഹായിക്കും.
സ്ത്രീ സൗഹൃദ ടൂറിസത്തെക്കുറിച്ച് സംസാരിക്കുമ്പോൾ കുട്ടികൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരുടെ ആവശ്യങ്ങൾ കൂടി പരിഗണിക്കണമെന്ന് യു.എൻ വിമൻ കേരള സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പീജ രാജൻ പറഞ്ഞു. ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിക്കുന്നത് സുരക്ഷിതബോധം വർദ്ധിപ്പിക്കുമെന്നും പ്രാദേശിക പങ്കാളിത്തവും പരിശീലനവും ഈ മേഖലയിൽ അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമ്പോൾ വിദഗ്ധരുടെ ഉപദേശം തേടണമെന്നും നഗരരൂപകൽപ്പനയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ പോലും ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നും ആർക്കിടെക്റ്റ് മോണോലിത ചാറ്റർജി അഭിപ്രായപ്പെട്ടു. ഫുട്പാത്തുകളുടെ ഉയരം, ശുചിമുറി സൗകര്യങ്ങൾ തുടങ്ങിയവയുടെ നിർമാണത്തിൽ പുലർത്തുന്ന ശ്രദ്ധ സ്ത്രീകളുടെ യാത്രാനുഭവങ്ങളെ മാറ്റിമറിക്കും.
സ്ത്രീകളുടെ സുരക്ഷയ്ക്കായി എല്ലാ സംസ്ഥാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ഒരു ഹെൽപ്പ്ലൈൻ സംവിധാനം ആവശ്യമാണെന്ന് ട്രാവൽ ജേണലിസ്റ്റ് സോയിറ്റി ബാനർജി പറഞ്ഞു. വയോജനങ്ങളെ ടൂറിസം ആവാസവ്യവസ്ഥയുടെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ സംസാരിച്ചു.
'ദി ഹിന്ദു' മുൻ സീനിയർ ഡെപ്യൂട്ടി എഡിറ്റർ സരസ്വതി നാഗരാജൻ ചർച്ചകൾ നിയന്ത്രിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.