- Trending Now:
കൊച്ചി: എല്ലാവരെയും ഉൾക്കൊള്ളുന്നതും വികസനോന്മുഖവുമായ നടപടികളിലൂടെ കേരള ടൂറിസത്തെ ആഗോളമാതൃകയാക്കാനുള്ള ചട്ടക്കൂട് ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ടൂറിസവും ദി ഹിന്ദു ദിനപ്പത്രവും ചേർന്ന് സംഘടിപ്പിച്ച കേരള ഫോർ ഓൾ, ടൂറിസം വിത്തൗട്ട് ബാരിയേഴ്സ് എന്ന ദ്വിദിന ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര തലത്തിൽ സഞ്ചാരികളുടെ മാറുന്ന അഭിരുചിയ്ക്കനുസരിച്ച് പുതിയ ടൂറിസം ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ കേരളത്തിനായി എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹെലി ടൂറിസം, കാരവാൻ ടൂറിസം, സീപ്ലെയിൻ എന്നിവ ഈ ദിശയിലുള്ള പ്രവർത്തനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ടൂറിസം മേഖലയിൽ നിന്ന് 2024 ൽ മാത്രം 49,053 കോടി രൂപയാണ് സംസ്ഥാനത്തിന് വരുമാനം ലഭിച്ചത്. കൊവിഡിനു മുമ്പുള്ള കാലത്തിനേക്കാൾ അധികമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും ഉൾക്കൊള്ളുന്ന ടൂറിസം സംസ്ക്കാരത്തിന് കേരളം എന്നും മുൻകയ്യെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയിലെ ടൂറിസം ലിംഗസമത്വ ശാക്തീകരണത്തിനായി ആഗോള വനിതാ ഉച്ചകോടി സംസ്ഥാനം സംഘടിപ്പിച്ചിരുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന, പ്രാപ്യമായ ടൂറിസം സംസ്ക്കാരമാണ് വിഭാവനം ചെയ്യുന്നത്. ചെറുതും വലുതുമായ എല്ലാ ടൂറിസം കേന്ദ്രങ്ങളും എല്ലാ സഞ്ചാരികൾക്കും ഒരു പോലെ ആസ്വദിക്കാനാവണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. കേരള ഫോർ ഓൾ എന്നത് കേവലം ഒരു ഉച്ചകോടിയുടെ ആശയം മാത്രമല്ല, വികസനമാതൃകയുടെ ആപ്തവാക്യമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന കേരളത്തിന്റെ സമീപനത്തിന്റെ സാക്ഷ്യപത്രമായിരുന്നു കൊവിഡ് കാലത്ത് ലോകം കണ്ടതെന്ന് ദി ഹിന്ദു ഗ്രൂപ്പ് ഡയറക്ടർ എൻ റാം പറഞ്ഞു. അതിഥി തൊഴിലാളികൾക്കുൾപ്പെടെ ആരോഗ്യ സേവനങ്ങളും സുരക്ഷാസംവിധാനങ്ങളും കേരളം പ്രദാനം ചെയ്തു. പുരോഗമന സമൂഹം കേരളത്തെ പ്രതീക്ഷാ നിർഭരമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുകമ്പയിൽ നിന്നോ സഹാനുഭൂതിയിൽ നിന്നോ അല്ല എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന നടപടികൾ വരേണ്ടതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയ ഡയറക്ടർ ജനറലും അഡി. സെക്രട്ടറിയുമായ സുമൻ ബില്ല പറഞ്ഞു. ഭാവിയിലെ എല്ലാ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയിലും ഈ നയം പ്രാവർത്തികമാക്കണം. ഇന്ത്യയിൽ ഇത് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്ന സംസ്ഥാനങ്ങളിൽ മുൻനിരയിലാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ, മേയർ വി കെ മിനിമോൾ, കേരള ടൂറിസം സെക്രട്ടറി കെ ബിജു, ഡയറക്ടർ ശിഖാ സുരേന്ദ്രൻ, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാർ, കേരള ട്രാവൽ മാർട്ട് പ്രസിഡന്റ് ജോസ് പ്രദീപ്, ദി ഹിന്ദു ഗ്രൂപ്പ് എഡിറ്റർ സുരേഷ് നമ്പത്ത്, ചീഫ് റവന്യു ഓഫീസർ സുരേഷ് ബാലകൃഷ്ണ, മാർക്കറ്റിംഗ് മേധാവി അപരാജിത ബിശ്വാസ്, എൻജിഒ 'സ്വയം' സ്ഥാപക മിനു ജിൻഡാൽ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.