Sections

കരുതിയിരിക്കാം വേനൽക്കാല രോഗങ്ങൾക്കെതിരെ

Saturday, Apr 20, 2024
Reported By Soumya
Summer Diseases

വേനൽക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. അന്തരീക്ഷ ഊഷ്മാവ് വർധിക്കുക മാത്രമല്ല ഇക്കാലയളവിൽ ഉണ്ടാകുന്നത്. വരൾച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കിൽത്തന്നെ ഒട്ടുമിക്ക വേനൽക്കാല രോഗങ്ങളേയും അകറ്റി നിർത്താം. മഞ്ഞപ്പിത്തം, ചിക്കൻപോക്സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനൽക്കാലത്ത് പടർന്നുപിടിക്കാൻ സാധ്യത കൂടുതലാണ്.

മഞ്ഞപിത്തം

ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് കൂടുതൽ ബാധിക്കുന്നത്. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ആദ്യലക്ഷണം മഞ്ഞപ്പിത്തമാണ്. മഞ്ഞപ്പിത്തം പ്രധാനമായും പകരുന്നത് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ്.

ലക്ഷണങ്ങൾ

പനി, ഛർദ്ദി, ക്ഷീണം, വിശപ്പില്ലായ്മ, തലക്കറക്കം, മൂത്രത്തിന് മഞ്ഞനിറം ഇതൊക്കെയാണ് പൊതുവായ ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടവ

തുറസ്സായ സ്ഥലങ്ങളിലെ മൂത്രവിസർജനം ഒഴിവാക്കുക, വീടും പരിസരവും വൃത്തിയാക്കുക, കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക, സെപ്റ്റിക് ടാങ്കിനോട് ചേർന്നല്ല കിണർ എന്ന് ഉറപ്പുവരുത്തുക, ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ശരീര ശുചിത്വം എന്നീ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മഞ്ഞപ്പിത്തം വരുന്നത് തടയാം.

ചിക്കൻപോക്സ്

വേനൽക്കാലത്ത് ചിക്കൻപോക്സ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അപകടകാരിയല്ലെങ്കിലും രോഗം കൂടിയാൽ പ്രശ്നമാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കിൽ ചിക്കൻ പോക്സ് ന്യൂമോണിയയായി മാറാൻ സാധ്യതയുണ്ട്. ചിക്കൻ പോക്സ് ഒരു തവണ വന്നാൽ പിന്നീട് രോഗം വരാനുള്ള സാധ്യത കുറവാണ്. കുഞ്ഞുങ്ങളിലും പ്രമേഹ രോഗികളിലും ചിക്കൻ പോക്സ് വന്നാൽ കൂടുതൽ കരുതൽ വേണം.വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സിന് കാരണം. വായുവിലൂടെ ശരീരത്തിൽ കടക്കുന്ന ഈ വൈറസിന്റെ പ്രവർത്തന ഫലമായാണ് ശരീരത്തിൽ കരുക്കൾ പ്രത്യക്ഷപ്പെടുകയും ഇത് പിന്നീട് ദ്രവം നിറഞ്ഞ കുമിളകളായി മാറുകയും ചെയ്യുന്നത്. ഈ കുമിളകൾ ഉണങ്ങി ഒടുവിൽ തൊലിപ്പുറത്ത് പാടു മാത്രമായി അവിശേഷിക്കുകയും ചെയ്യുന്നു. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ രോഗം ബാധിച്ചവരുമായുള്ള സമ്പർക്കത്തിൽ നിന്നു മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

ദേഹത്ത് ചുമന്ന കുമിളകളായാണ് ചിക്കൻ പോക്സ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പനിക്കൊപ്പം ഛർദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയ ചൊറിച്ചിൽ, വിശപ്പില്ലായ്മ തുടങ്ങിയവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടവ

രോഗം പിടിപെട്ടാലുടൻ ചികിത്സ ചെയ്യുക, ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികൾ, എണ്ണ എന്നിവ വർജ്ജിക്കുക, തണുത്ത ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക, ശരീരത്തിലെ കുമിളകൾ പൊട്ടിക്കാതിരിക്കുക, കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.

ചെങ്കണ്ണ്

വേനൽക്കാലത്ത് സർവ സാധരണയായി പടർന്നുപിടിക്കുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചൂടും പൊടിയുമേൽക്കുമ്പോഴാണ് ചെങ്കണ്ണ് ഉണ്ടാകുന്നത്. വൈറസുകൾ കൊണ്ടാണ് സാധാരണ ചെങ്കണ്ണ് ഉണ്ടാകുന്നത്. രോഗികളിൽ ഒന്ന് രണ്ട് ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങും. സാധാരണ ഒരാഴ്ച്ച വരെ അസുഖം നീണ്ടുനിൽക്കാറുണ്ട്.

ലക്ഷണങ്ങൾ

കണ്ണിനു ചുവപ്പുനിറം ഉണ്ടാവുക, ചൊറിച്ചിൽ, കൺപോളകൾ തടിക്കുക, കണ്ണിൽ നിന്നും വെള്ളം വരിക എന്നിവയാണ് പൊതുവായ ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടവ

കണ്ണും കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക, പുറത്ത് പോകുമ്പോൾ കുട ചൂടുക, കണ്ണുകൾ ശുദ്ധവെള്ളം കൊണ്ട് കഴുക, പുറത്തുപോകുമ്പോൾ സൺ ഗ്ലാസ്സുകൾ ഉപയോഗിക്കുക, ചെങ്കണ്ണ് ഉള്ളവരുടെ അടുത്ത് പോകാതിരിക്കുക എന്നിവയാണ് മുൻ കരുതലുകൾ.

കോളറ

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റിരിയയാണ് രോഗം പരത്തുന്നത്. വൃത്തിയില്ലാത്ത വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗം പിടിപെടുന്നത്. ഈച്ചയും ഈ രോഗത്തിന് കാരണമാകുന്നു. ആരോഗ്യമുള്ള ഏതൊരാളെയും മണിക്കൂറുകൾക്കകം തീർത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും കോളറ കാരണമാകുന്നു.

ലക്ഷണങ്ങൾ

വയറിളക്കം, ഛർദ്ദി, പനി, മലത്തിൽ രക്തത്തിന്റെ അംശം കാണുക എന്നിവയാണ് രോഗ ലക്ഷണങ്ങൾ.

ശ്രദ്ധിക്കേണ്ടവ

തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക, ഭക്ഷണസാധനങ്ങൾ വേവിച്ചുമാത്രം കഴിക്കുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, ആഹാര സാധനങ്ങൾ അടച്ചുവയ്ക്കുക എന്നിവയാണ് മുൻകരുതലുകൾ.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.