Sections

തലവേദന നേരിടാൻ ചില ലളിത മാർഗങ്ങൾ

Thursday, Apr 18, 2024
Reported By Soumya
Headache

ഓഫീസിൽ, വീട്ടിൽ, യാത്രയ്ക്കിടയിൽ, പാർട്ടിയിൽ എന്നു വേണ്ട എവിടെയും കടന്നു വന്ന് ശല്യപ്പെടുത്തുന്ന ഒന്നാണ് തലവേദന. പലതരം ലേപനങ്ങൾ നെറ്റിയിൽ വാരിപ്പൂശിയും തല അമർത്തിപ്പിടിച്ചും മരുന്നു കഴിച്ചുമൊക്കെ തലവേദനയോട് യുദ്ധം ചെയ്യുന്നവരുമുണ്ട്. പിരിമുറുക്കം, വിശ്രമമില്ലാതെ ജോലിചെയ്യൽ, സൈനസ് പ്രശ്നങ്ങൾ, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്കു പിന്നിലെ സാധാരണ കാരണങ്ങൾ. ഒരുപാട് ജോലി എടുത്തു തളർന്ന തലച്ചോർ ''എനിക്ക് വിശ്രമം വേണേ...'' എന്നു നിലവിളിക്കുന്നതാണ് മിക്കപ്പോഴും തലവേദനയായി അനുഭവപ്പെടുന്നത്. മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമം കൊടുത്താൽ ഇത്തരം തലവേദന മാറിക്കിട്ടും. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തിൽ തലവേദന വരുമ്പോൾ നേരിടാൻ ചില ലളിത മാർഗങ്ങളിതാ.

  • ഓഫീസിലിരുന്ന് ജോലി ചെയ്ത് മുഷിഞ്ഞ് തലവേദന വരുമ്പോൾ ഒന്ന് കെട്ടിടത്തിനു പുറത്തിറങ്ങി കാറ്റുകൊണ്ട് ശുദ്ധവായു ശ്വസിക്കൂ. ആശ്വാസം ലഭിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നതും തലവേദനയെ അകറ്റി നിർത്താൻ സഹായിക്കും.
  • വെളിച്ചം കുറഞ്ഞ മുറിയിൽ സുഖമായി ഒന്ന് മയങ്ങുന്നതും ഉറങ്ങുന്നതുമൊക്കെ തലവേദനയ്ക്കുളള ഏറ്റവും നല്ല മരുന്നായി മാറാറുണ്ട്. ഒന്നുറങ്ങിയെഴുന്നേൽക്കുമ്പോളേക്കും തലവേദന മാറും.
  • ഡീഹൈഡ്രേഷൻ അഥവാ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥ തലവേദയ്ക്ക് കാരണമാകും. ആവശ്യത്തിന് വെളളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങൾ കഴിക്കുന്നതും നല്ലതാണ്.
  • തലവേദനയുളളപ്പോൾ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങൾ കൂടുതൽ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ.
  • ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയിൽ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാർഗം.
  • ഒരു പെൻസിൽ പല്ലുകൾക്കിടയിൽ വച്ച് അധികം അമർത്താതെ കടിച്ചു പിടിച്ച് അല്പനേരം നിൽക്കൂ. ടെൻഷനും അതുവഴിയുണ്ടാകുന്ന തലവേദനയും മാറ്റാൻ സഹായിക്കു.
  • ചൂടുവെളളത്തിൽ മൂന്ന് നാല് ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർക്കുക. എന്നിട്ട് ആവി പിടിക്കുക. തലവേദനയ്ക്ക് ശമനം ഉണ്ടാകും.
  • യൂക്കാലിപ്റ്റസ് ഓയിൽ വേദന മാറ്റാൻ ഏറെ സഹായകരമാണ്. പേശികൾക്ക് വേണ്ടത്ര റിലാക്സേഷനിലൂടെയാണ് ഇതു വേദന കുറയ്ക്കുന്നത്. ഈ രൂക്ഷഗന്ധമുളള എണ്ണ നെറ്റിയിൽ സാവധാനം തടവിയാൽ മതി. യൂക്കാലിപ്റ്റസ് ഓയിൽ പുരട്ടി ശക്തമായി തിരുമ്മരുത്. അത് ചർമത്തിൽ തകരാറുണ്ടാക്കും.
  • ഇഞ്ചി ചേർത്ത ചായ ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. തലവേദന തുടങ്ങുമ്പോൾ തന്നെ ഈ പ്രതിവിധി സ്വീകരിച്ചാൽ ഫലവും പെട്ടെന്ന് ലഭിക്കും. പാൽ ചേർക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതൽ നന്ന്.
  • ചിലർക്ക് ചില പ്രത്യേക ഭക്ഷണം തലവേദനയുണ്ടാക്കും. ഏത് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞാൽ പിന്നെ കാര്യം എളുപ്പമാണ്. അതങ്ങ് ഒഴിവാക്കിയാൽ മാത്രം മതി.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.