Sections

ഓണം വാരാഘോഷം ഇന്ന് (ഞായറാഴ്ച) കൊടിയിറങ്ങും

Sunday, Aug 30, 2026
Reported By Admin
Onam Tourism Week to Conclude With Grand Procession

  • സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും
  • വർണാഭമായ ഘോഷയാത്രയിൽ 69 ഫ്ളോട്ടുകൾ

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം- ടൂറിസം വാരാഘോഷത്തിന് ഞായറാഴ്ചത്തെ (ആഗസ്റ്റ് 30) സമാപന ഘോഷയാത്രയോടെ തിരശ്ശീല വീഴും. ഞായറാഴ്ച വൈകുന്നേരം 5 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ സമാപന ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്യും.

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി വി.ഡി. സതീശൻ, ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്, ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ തുടങ്ങിയവർ പങ്കെടുക്കും. ലോക്ഭവനിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയിൽ സമാപിക്കും.

വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അണിനിരക്കുന്ന നിശ്ചലദൃശ്യങ്ങൾ, ഇതര സംസ്ഥാനക്കാരുടേത് ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ, ട്രാൻസ്ജെൻഡർ വിഭാഗത്തിലെ കലാകാരൻമാരുടെ പ്രകടനങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടും.

കേരളത്തിൻറെ വളർച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്കരിക്കുന്ന 69 ഓളം ഫ്ളോട്ടുകളും ഇൻസ്റ്റലേഷനുകളുമാണ് വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ അണിനിരക്കുന്നത്. നാടൻ കലകളും തനത് രൂപങ്ങളും ഉൾപ്പെടെ 99 ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. പുലിക്കളി, ഗരുഡൻ പറവ, മുത്തപ്പൻ തെയ്യം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങൾ ഘോഷയാത്രയെ വ്യത്യസ്തമാക്കും. തമിഴ്നാട്, ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാസംഘങ്ങളും ഘോഷയാത്രയിൽ പങ്കെടുക്കും. ഘോഷയാത്രയോടനുബന്ധിച്ച് ഞായറാഴ്ച നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷം തലസ്ഥാന നഗരിക്ക് പുറമെ മറ്റ് ജില്ലകളിലും വൻ വിജയമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രം കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം ഉൾപ്പെടെ 35 വേദികളിലായി 3,000 ത്തിലധികം കലാകാരൻമാർ അണിനിരന്നു. സംസ്ഥാനത്തൊട്ടാകെ 100 ലധികം വേദികളിലായി നടന്ന 170 ലേറെ പരിപാടികളിൽ 8,000 ത്തിലേറെ കലാകാരൻമാർ പങ്കെടുത്തു.

പടയണി, തെയ്യം, മുടിയേറ്റ്, തോൽപാവക്കൂത്ത്, അർജുന നൃത്തം, തിറ തുടങ്ങി കേരളത്തിൻറെ പരമ്പരാഗത അനുഷ്ഠാന കലാരൂപങ്ങളുടെ അവതരണവും ജനശ്രദ്ധ നേടി. ഇത്തവണ ആദ്യമായി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളം ഉൾപ്പെടെ കൂടുതൽ വേദികൾ ആഘോഷത്തിനായി ഒരുക്കിയിരുന്നു.

വ്യത്യസ്ത പ്രദേശങ്ങളിലെ തനത് രുചികൾ വിളമ്പുന്ന ഭക്ഷണശാലകളും കനകക്കുന്നിൽ ഒരുക്കിയ വ്യാപാര മേളയും പ്രദർശനവും ഓണാഘോഷങ്ങൾക്ക് പൊലിമ കൂട്ടി. ലഹരിക്കെതിരെയുള്ള സർക്കാരിൻറെ 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള പ്രചാരണങ്ങൾക്കും ബോധവൽക്കരണങ്ങൾക്കും ഓണം വാരാഘോഷം വേദിയായി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.