Sections

സ്റ്റാര്‍ട്ടപ്പ് ഡ്രോണിനും ധോണിയുടെ നിക്ഷേപം; നിക്ഷേപ തുക രഹസ്യം ?

Monday, Jun 27, 2022
Reported By admin

ഗരുഡ എയ്‌റോസ്‌പേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിക്ഷേപിച്ച തുക എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല

 

കേരളത്തിലടക്കം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ വളര്‍ച്ചയാണ് കാണാനാകുന്നത്.കമ്പനിയുടെ വിജയത്തോടെ പല വലിയ കമ്പനികളും ഏറ്റെടുക്കാനും നിക്ഷേപിക്കാനും തയ്യാറുന്നതാണ് സ്റ്റാര്‍ട്ടപ്പുകളുടെ കുതിപ്പിന് കാരണം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ മഹേന്ദ്ര സിംഗ് ധോണിയുടെ നിക്ഷേപങ്ങളില്‍ വലിയ ഭാഗം രാജ്യത്തെ വിവിധ സ്റ്റാര്‍ട്ടപ്പുകളിലാണ്. സ്‌പോര്‍ട്‌സ്, ഫാഷന്‍, ഓട്ടോമൊബൈല്‍, ടെക്‌നോളജി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മേഖലകളാണ് ധോണി തെരഞ്ഞെടുത്തിട്ടുള്ളത്. കുറച്ചുദിവസം മുന്‍പാണ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഡ്രോണ്‍ സര്‍വീസ് സ്റ്റാര്‍ട്ടപ്പായ ഗരുഡ എയ്‌റോസ്‌പേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ നിക്ഷേപം നടത്തിയത്. നിക്ഷേപിച്ച തുക എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ധോണി. കമ്പനിയുടെ കാഴ്ചപാട് മനസിലാക്കി നിക്ഷേപിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ അഗ്‌നിശ്വര്‍ ജയപ്രകാശ് പറഞ്ഞു. കമ്പനിയുടെ വളര്‍ച്ചയില്‍ ഭാഗാമാകാന്‍ സാധിച്ചതില്‍ സന്തോഷം എന്നായിരുന്നു ധോണിയുടെ പ്രതികരണം. 2015 ലാണ് ഡ്രോണ്‍ രംഗത്തെ സ്റ്റാര്‍ട്ടപ്പായി ഗരുഡ എയറോസ്‌പേസ് ആരംഭിച്ചത്. സാനിറ്റൈസേഷന്‍, കാര്‍ഷിക സ്പ്രേിയംഗ്, മാപ്പിംഗ്, സുരക്ഷ, വ്യവസായം തുടങ്ങിയ 38 ആവശ്യങ്ങള്‍ക്കുള്ള ഡ്രോണുകളാണ് കമ്പനി നിര്‍മിക്കുന്നത്. നിലവില്‍ 400 ഡ്രോണുകളും 500 പൈലറ്റുമാരും കമ്പനിക്കുണ്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ ആന്റി ഡ്രോണ്‍ പദ്ധതിയുടെ ഭാഗമായി ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. സ്വിഗ്ഗി, എച്ചഎഎല്‍, ഡിആര്‍ഡിഒ തുടങ്ങി നിലവില്‍ 750 കമ്പനികളുമായി ഗരുഡ എയറോസ്‌പേസ് സഹകരിക്കുന്നുണ്ട്. 

അടുത്തിടെ കാര്‍ഷിക രംഗത്ത് സഹായകമാകുന്ന ഡ്രോണ്‍ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. അഗ്രി ഡ്രോണ്‍ വഴിയുള്ള മരുന്ന് തളി സാധാരണ മരുന്ന തളിയെക്കാള്‍ 80 ശതാനം ഗുണം ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് കൂടാത ദുരന്ത മേഖലയിലെ നിരീക്ഷണങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന മാപ്പിംഗ് ഡ്രോണ്‍, നിരീക്ഷണ ഡ്രോണ്‍, സോളര്‍ ക്ലീനിംഗ് ഡ്രോണ്‍, വിത്ത് വിതയ്ക്കുന്ന ഡ്രോണ്‍, ലൗഡ് സ്പീക്കര്‍ ഡ്രോണ്‍ തുടങ്ങിയവയാണ് കമ്പനി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍. കമ്പനി ഉത്പാദനം കൂട്ടുന്നതിന്റെ ഭാഗമായി മലേഷ്യയില്‍ 115 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട് . 

ഹോക്കി ഇന്ത്യ ലീഗ് ക്ലബ് ഫ്രാഞ്ചൈസിയായ റാഞ്ചി റെയ്സില്‍ ധോണിക്ക് നിക്ഷേപമുണ്ട്. ഇതോടൊപ്പം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫ്രാന്‍ഞ്ചൈസിയായ ചെന്നൈയന്‍ എഫ്‌സിയിലും ധോണിക്ക് നിക്ഷേപമുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.