Sections

മിൽമയുടെ പുതുക്കിയ പാൽവില വർധന ഇന്ന് (ജൂൺ 1) പ്രാബല്യത്തിൽ

Monday, Jun 01, 2026
Reported By Admin
Milma Milk Price Hiked by ₹4 Per Litre from June 1

  • വർധനവിൻറെ ഭൂരിഭാഗവും ക്ഷീരകർഷകർക്ക് ലഭിക്കും

തിരുവനന്തപുരം: ഉൽപ്പാദനച്ചെലവ് വർധിച്ചതിനെത്തുടർന്ന് പുതുക്കിയ മിൽമ പാലിൻറെ വില വർധന ഇന്ന് (ജൂൺ 1) പ്രാബല്യത്തിൽ വരും. ലിറ്ററിന് 4 രൂപയാണ് വർധിക്കുക. മേയ് മാസം ആദ്യം ചേർന്ന മിൽമ ഫെഡറേഷൻ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്.

വർധനയിൽ 3 രൂപ 35 പൈസ (83.75 ശതമാനം) ക്ഷീരകർഷകർക്കും 25 പൈസ (6.25 ശതമാനം) ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.

പാൽവില വർധനവ് നിലവിൽ വരുന്നതോടെ ക്ഷീരകർഷകരിൽ നിന്ന് സംഭരിക്കുന്ന ഒരു ലിറ്റർ പാലിന് 43.39 രൂപ നൽകണം. ഇത് നേരത്തെ 40.04 രൂപയായിരുന്നു.

പാൽ ഉൽപാദനച്ചെലവ് വർധിച്ചതും വരുമാനം കുറഞ്ഞതും ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പാൽവില വർധിപ്പിച്ചത്.

ഈയിടെ ഗൾഫ് മേഖലയിലുണ്ടായ പ്രതിസന്ധികളും തുടർന്നുള്ള ഇന്ധന വിലക്കയറ്റവും പാലിൻറെയും പാൽ ഉൽപന്നങ്ങളുടെയും ഗതാഗതം, വിതരണം, പാക്കേജിംഗ് ചെലവുകൾ എന്നിവ കുത്തനെ ഉയരാൻ കാരണമായി. പാലും പാലുൽപന്നങ്ങളും പാക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന എൽഡിപിഇ ഫിലിം, പ്ലാസ്റ്റിക്ക് ബോട്ടിലുകൾ, കപ്പുകൾ എന്നിവയുടെ വിലയും വർധിച്ചു.

നിലവിലെ സാഹചര്യത്തിൽ ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചു നിർത്തുന്നതിന് പാൽ വില വർധനവ് അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീര സഹകരണ മേഖലയെ നിലനിർത്തുന്നതിനും ഇത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പുതുക്കിയ വില അതിൽ അച്ചടിക്കും. ഇത് തീരുന്നതിനനുസരിച്ച് പുതുക്കിയ വില പ്രിൻറ് ചെയ്ത കവറുകളിൽ പാൽ വിപണിയിലെത്തും. ഉപഭോക്താക്കൾ ഇതിനോട് സഹകരിക്കണമെന്ന് മിൽമ അഭ്യർഥിച്ചു.

വിവിധ ഇനങ്ങളുടെ പുതുക്കിയ വില ഇപ്രകാരം:

  • ഡബിൾ ടോൺഡ് മിൽക്ക് 500 എം.എൽ (മിൽമ സ്മാർട്ട്): 27 രൂപ.
  • മിൽമ ടോൺഡ് മിൽക്ക് 500 എം.എൽ ചോയ്സ്: 27 രൂപ.
  • മിൽമ ടോൺഡ് മിൽക്ക് 5000 എം.എൽ - ചോയ്സ്: 270 രൂപ.
  • ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 500 എം.എൽ: 28 രൂപ.
  • ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് 515 എം.എൽ: 30 രൂപ.
  • മിൽമ പ്രൈഡ് (ഒരു ലിറ്റർ ഹോമോജെനൈസ്ഡ്): 60 രൂപ.
  • മിൽമ പ്രൈഡ് 500 എം.എൽ (ഹോമോജെനൈസ്ഡ്): 30 രൂപ.
  • ഹോമോജെനൈസ്ഡ് ടോൺഡ് മിൽക്ക് ഒരു ലിറ്റർ: 56 രൂപ.
  • മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് മിൽക്ക് 500 എം.എൽ (നോൺ ഹോമോജെനൈസ്ഡ്): 30 രൂപ.
  • മിൽമ റിച്ച് സ്റ്റാൻഡഡൈസ്ഡ് മിൽക്ക് 500 എം.എൽ (ഹോമോജെനൈസ്ഡ്): 32 രൂപ.
  • പാസ്ചറൈസ്ഡ് ഹോമോജെനൈസ്ഡ് കൗ മിൽക്ക് 750 എം.എൽ (ബോട്ടിൽ): 60 രൂപ.
  • കൗ മിൽക്ക് ഒരു ലിറ്റർ (ബോട്ടിൽ): 75 രൂപ.
  • സൂപ്പർ റിച്ച് (സ്റ്റാൻഡഡൈസ്ഡ് എച്ച്എം) ഒരു ലിറ്റർ: 65 രൂപ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.