Sections

മിൽമ പാൽവില വർധന ആവശ്യപ്പെട്ട് എറണാകുളം മേഖലയുടെ സമരം

Sunday, Apr 19, 2026
Reported By Admin
Milma Milk Price Hike Demand Intensifies: Protest Held in Thiruvananthapuram

കൊച്ചി: മിൽമ ഫെഡറേഷൻ തീരുമാനിച്ച പാൽവില വർധനവ് ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം മേഖല ക്ഷീരോൽപാദക യൂണിയനിലെ മിൽമ ഫെഡറേഷൻ ഭരണസമിതി അംഗങ്ങൾ ചെയർമാനും മാനേജിങ് ഡയറക്ടർക്കും കത്ത് നൽകി. ഫെഡറേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ എറണാകുളം യൂണിയൻ വില വർധനവ് സംബന്ധിച്ച് കത്ത് നൽകിയിരുന്നു. വില വർധനവിനെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കുകയും ആറ് രൂപ വരെ വർധിപ്പിക്കാവുന്നതാണെന്ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്ന് മിൽമ ഫെഡറേഷൻ യോഗം ചേർന്നു വില വർധിപ്പിക്കാൻ തീരുമാനിച്ചു. തീരുമാനം നടപ്പാക്കാൻ ചെയർമാനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ അനുകൂല ഭരണകക്ഷി അംഗങ്ങളും ചെയർമാനും പ്രഖ്യാപനം മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു.

ഇനിയും ഈ നിലയിൽ മുന്നോട്ട് പോകുവാൻ കഴിയില്ല. കാലിതീറ്റയുടെ വിലവർധനവും നിത്യോപയോഗ സാധനങ്ങളുടെ വില വർധനവും കൂലിച്ചെലവിൻറെ വർധനയും മൂലം ക്ഷീര മേഖല കടക്കെണിയിലാണ്. കടുത്ത വേനലും ചൂടും വർധിച്ചതോടെ പശുക്കളുടെ പാലുല്പാദനം ഗണ്യമായി കുറഞ്ഞതും വൻ തിരിച്ചടിയായി. ചെറുകിട കർഷകർ ഈ രംഗത്തുനിന്ന് പൂർണമായി കൊഴിഞ്ഞു പോകുകയാണ്. ഇനിയും ഈ രംഗത്ത് അവശേഷിക്കുന്നവരെ സംരക്ഷിക്കേണ്ടത് മിൽമയുടെ കടമയാണ്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാൽ വിലവർധനവ് ഉടൻ നടപ്പാക്കണമെന്നാണ് അംഗങ്ങളുടെ ആവശ്യം. എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള, ഫെഡറേഷൻറെ ഭരണ സമിതി അംഗങ്ങളായ ടി.എൻ സത്യൻ, താര ഉണ്ണികൃഷ്ണൻ, കെ. കെ. ജോൺസൻ എന്നിവർ ചേർന്നാണ് മിൽമക്ക് കത്ത് നൽകിയത്. തീരുമാനം ഉടൻ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മിൽമ ഫെഡറേഷൻ ഓഫീസിനു മുന്നിൽ ചെയർമാൻറെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.