Sections

ഇ-ബൈക്ക് നിര്‍മിച്ച് ദേശീയ തലത്തില്‍ ശ്രദ്ധേയരായി മലയാളി വിദ്യാര്‍ത്ഥികള്‍

Friday, Nov 18, 2022
Reported By admin
e bike

ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് 'Zephyr'എന്ന് പേരിട്ടിരിക്കുന്ന ഇ-ബൈക്ക്

 

ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ചെയ്ത് ദേശീയ തലത്തില്‍ ശ്രദ്ധേയരായി മലയാളി വിദ്യാര്‍ത്ഥികള്‍. ദേശീയ ഇ-ബൈക്ക് ഡിസൈന്‍ മത്സരത്തില്‍ തിരുവനന്തപുരം ശ്രീകാര്യം എന്‍ജിനീയറിങ് കോളജിലെ (CET) വിദ്യാര്‍ത്ഥികള്‍ക്കാണ് മികച്ച നേട്ടം. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനീയേഴ്‌സ് നടത്തിയ മത്സരത്തില്‍ ദേശീയതലത്തില്‍ എട്ടാം സ്ഥാനമാണ് സിഇടിയിലെ Excelerators എന്ന പത്തംഗ സംഘം നേടിയത്. 15,000 രൂപയുടെ ക്യാഷ് പ്രൈസാണ് ലഭിച്ചത്. 

അവസാന വര്‍ഷ വിദ്യാര്‍ത്ഥികളടങ്ങിയ ടീമിന്റെ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് 'Zephyr'എന്ന് പേരിട്ടിരിക്കുന്ന ഇ-ബൈക്ക്. പരമാവധി 35 കിലോമീറ്റര്‍ വേഗതയുള്ള അഫോഡബിളായ സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക് ഇരുചക്ര വാഹനം കൊണ്ടുവരിക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.

ലിഥിയം-അയണ്‍ ബാറ്ററിയുള്ള 1kw ഇലക്ട്രിക് മോട്ടോറാണ് Zephyr നല്‍കുന്നത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 60km റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഇതിന് 1720 mm നീളവും 640 mm വീതിയും 1280 mm വീല്‍ബേസുള്ള അലോയ് വീലുകളുമുണ്ട്. ടെക്നോപാര്‍ക്കിലെ IT കമ്പനിയായ അക്യുബിറ്റ്സിന്റെ സ്പോണ്‍സര്‍ഷിപ്പും വിദ്യാര്‍ത്ഥികള്‍ തന്നെ കണ്ടെത്തിയ ഫണ്ടും ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ ചിലവായത് ഏകദേശം ഒരു ലക്ഷം രൂപയായിരുന്നു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് അബ്ദുള്‍ ഹക്കീം വി.പി, അഖില്‍ സെബാസ്റ്റ്യന്‍, അജ്മല്‍ പി.എസ്, അലന്‍ രാജേഷ് അലക്സ്, ഗോകുല്‍ വിജയന്‍, കെ.എസ്. കൃഷ്ണപ്രസാദ്, മുഹമ്മദ് തന്‍സീം.എ, സുഹൈബ് എം, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ശ്രീകേഷ് എ. എന്നിവരായിരുന്നു ടീം അംഗങ്ങള്‍. 

സ്റ്റിയറിംഗ്, സസ്‌പെന്‍ഷന്‍ സിസ്റ്റങ്ങള്‍, ഷാസി, ബോഡി പാനലുകള്‍, ബ്രേക്ക്, ട്രാന്‍സ്മിഷന്‍, ഡ്രൈവ്‌ട്രെയിന്‍, വീലുകള്‍, ഇലക്ട്രിക്കല്‍ സിസ്റ്റം എന്നിങ്ങനെ പ്രോജക്റ്റിന്റെ വിവിധ സബ്‌സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ ടീമിനെ കോര്‍ ഗ്രൂപ്പുകളായി തിരിച്ചിരുന്നു. ഒക്ടോബര്‍ 17 മുതല്‍ 19 വരെ ചെന്നൈയിലെ SRM യൂണിവേഴ്സിറ്റിയില്‍ നടന്ന മത്സരത്തില്‍ രാജ്യത്തെ നാല്‍പ്പതോളം ടീമുകള്‍ പങ്കെടുത്തു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.