Sections

വിനോദസഞ്ചാര മേഖലയിൽ കഥപറച്ചിലിന്റെ മാധ്യമമായി തോൽപ്പാവക്കൂത്ത്; ശ്രദ്ധേയമായി കെ.ടി.എം പ്രദർശനം

Tuesday, Sep 29, 2026
Reported By Admin
KTM 2026 Showcases Tholpavakoothu for Cultural Tourism

കൊച്ചി: കേരളത്തിന്റെ പരമ്പരാഗത പാവക്കൂത്തുകളിലൊന്നായ തോൽപ്പാവക്കൂത്തിനെ വിനോദസഞ്ചാരത്തിലെ കഥപറച്ചിൽ മാധ്യമമായി ഉപയോഗിക്കാനുള്ള പുത്തൻ സാധ്യതകൾ അവതരിപ്പിച്ച് കേരള ട്രാവൽ മാർട്ട് (കെടിഎം). തോൽപ്പാവക്കൂത്തിനെ ക്ഷേത്രമതിലുകൾക്ക് പുറത്തേക്ക് കൊണ്ടുവരുന്നതിനൊപ്പം സഞ്ചാരികളെ സംസ്ഥാനത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലേക്കും അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ആകർഷിക്കാൻ ഇതിലൂടെ ലക്ഷ്യമിടുന്നു.

വില്ലിംഗ്ടൺ ഐലൻഡിൽ നടക്കുന്ന കേരള ട്രാവൽ മാർട്ടിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുള്ള 'ഷാഡോ പപ്പട്രി' എന്ന പ്രത്യേക സ്റ്റാളിലൂടെ സന്ദർശകർക്ക് ഈ കലാരൂപത്തെ അടുത്തറിയാനാകും. തോൽപ്പാവക്കൂത്തിന്റെ ചരിത്രം, പരമ്പരാഗത പാവകൾ, അവതരണവുമായി ബന്ധപ്പെട്ട രീതികൾ എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ ഇവിടെ അവസരമുണ്ട്.

തോൽപ്പാവക്കൂത്തിന്റെ പരമ്പരാഗത കേന്ദ്രമായ വള്ളുവനാട്ടിൽ നിന്നുള്ള കലാകാരന്മാരുടെ കുടുംബമാണ് ഈ സ്റ്റാളിന് നേതൃത്വം നൽകുന്നത്.

തോൽപ്പാവക്കൂത്തിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ജനകീയമാക്കുന്നതിനും സാംസ്കാരിക വിനോദസഞ്ചാരത്തെ കൂടുതൽ അനുഭവവേദ്യമാക്കുന്നതിൽ ഈ കലാരൂപത്തിനുള്ള സാധ്യതകൾ കണ്ടെത്തുന്നതിനുമാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നതെന്ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ 'തോൽപ്പാവക്കൂത്ത് സംഘം' നടത്തുന്ന വിപിൻ വിശ്വനാഥ പുലവർ പറഞ്ഞു. കഥപറച്ചിൽ കലാരൂപമായ തോൽപ്പാവക്കൂത്തിലൂടെ വള്ളുവനാടിനെയും അവിടുള്ള വൈവിധ്യമാർന്ന അനുഭവങ്ങളെയും സ്ഥലങ്ങളെയും സഞ്ചാരികൾക്ക് പരിചയപ്പെടുത്താൻ് ആഗ്രഹിക്കുന്നതായി വിപിൻ പറഞ്ഞു. ഇതൊരു കഥപറച്ചിൽ മാധ്യമമായി മാറുന്നതോടെ കൂടുതൽ യുവാക്കൾക്കും പുതുതലമുറയ്ക്കും തൊഴിൽ കണ്ടെത്താനുള്ള അവസരങ്ങൾ ഇതിലൂടെ ലഭിക്കും. കെടിഎമ്മിൽ പങ്കെടുക്കാനായത് മികച്ച അനുഭവമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകളെ കാണാനും അവരുമായി സംവദിക്കാനും തോൽപ്പാവക്കൂത്ത് പരിചയപ്പെടുത്താനും അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അദ്ദേഹത്തിന്റെ ഭാര്യ രമ്യ ദേവിക്കൊപ്പം ആറുവയസ്സുകാരിയായ മകൾ മഹാലക്ഷ്മിയും സ്റ്റാളിലുണ്ട്. മൂന്നാം വയസ്സിൽ പിതാവിനൊപ്പം ചേർന്നാണ് മഹാലക്ഷ്മി തോൽപ്പാവക്കൂത്ത് അവതരിപ്പിച്ചു തുടങ്ങിയത്.

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി പരമ്പരാഗതമായി അവതരിപ്പിച്ചിരുന്ന തോൽപ്പാവക്കൂത്ത് കാലക്രമേണ ക്ഷേത്രപരിസരങ്ങളിൽ നിന്ന് തുറസ്സായ വേദികളിലേക്ക് വ്യാപിക്കുകയായിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.