Sections

കേരള ടൂറിസത്തിന്റെ ആയുർവേദ പ്രചാരണ പരിപാടികൾക്ക് മിഡിൽ ഈസ്റ്റിൽ മികച്ച സ്വാധീനമെന്ന് കെടിഎമ്മിലെ വിദേശ പ്രതിനിധികൾ

Tuesday, Sep 29, 2026
Reported By Admin
KTM 2026 Highlights Kerala’s Ayurveda Tourism Appeal

കൊച്ചി: കേരളത്തിന്റെ ആയുർവേദ പാരമ്പര്യവും ആയുർവേദ ടൂറിസവും അറബ്, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കേരള ട്രാവൽ മാർട്ടിൽ (കെടിഎം-2026) വിദേശ പ്രതിനിധികൾ. പാരമ്പര്യ നിഷ്ഠയോടെ ആയുർവേദം പരിശീലിച്ചുപോരുന്ന പ്രദേശമെന്ന കേരളത്തിന്റെ പ്രത്യേകതയാണ് തങ്ങളെ ആകർഷിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. കേരള ടൂറിസത്തിന്റെ കാമ്പയിനുകൾ മിഡിൽ ഈസ്റ്റിൽ ആയുർവേദത്തിന് ഏറെ പ്രചാരം നൽകിയ കാര്യവും പ്രതിനിധികൾ എടുത്തുപറഞ്ഞു.

യുദ്ധത്തെ തുടർന്നുള്ള അനിശ്ചിതത്വം നിലനിൽക്കുമ്പോഴും പശ്ചിമേഷ്യൻ, അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കെടിഎമ്മിൽ ശ്രദ്ധേയമാണ്. അറബ് രാജ്യങ്ങളിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നുമായി ഏറ്റവുമധികം ബയേഴ്സ് എത്തിയത് യുഎഇയിൽ നിന്നാണ്, 23 പേർ. ഒമാനിൽ നിന്ന് 13 പേരുണ്ട്. ഇസ്രായേൽ -8, സൗദി അറേബ്യ -6, കുവൈറ്റ് -5, ഖത്തർ -4, തുർക്കി 2, ലെബനൻ -1 എന്നിങ്ങനെയാണ് മറ്റ് പങ്കാളിത്തം.

അറബ് രാജ്യങ്ങളിൽ ഈയടുത്ത കാലത്താണ് ആയുർവേദത്തിന് വലിയ തോതിൽ പ്രചാരം കൂടിയതെന്ന് ഒമാനിൽനിന്നുള്ള ട്രാവൽ-ടൂറിസം കമ്പനി ഉടമയും ബയറുമായ അമീൻ അൽഷാഖ്സി പറഞ്ഞു. കേരള ടൂറിസത്തിന്റെ വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ കാമ്പയിനുകളിലൂടെയുമാണ് ആയുർവേദത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ആളുകൾ ആയുർവേദത്തിന്റെ രോഗശാന്തി ശേഷി തിരിച്ചറിഞ്ഞതോടെ അതിൽ താൽപ്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. ഭൂപ്രകൃതിയും സവിശേഷമായ കാലാവസ്ഥയും കേരളത്തിലെ ആയുർവേദ മേഖലയ്ക്ക് അനുഗ്രഹമാണെന്നും ഇത് മിഡിൽ ഈസ്റ്റിലെ ക്ലയന്റുകളെ ആകർഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആയുർവേദ- വെൽനസ് ടൂറിസം മേഖലയിൽ നിന്നുള്ള ഹോട്ടലുകൾ, റിസോർട്ടുകൾ, രോഗശാന്തി കേന്ദ്രങ്ങൾ എന്നിവയുടെ വിപുലമായ സാന്നിധ്യമാണ് ഇത്തവണ കെടിഎം എക്സ്പോയിലുള്ളത്.

മികച്ച കാലാവസ്ഥയും വായു ഗുണനിലവാരവും പരിസ്ഥിതി ശുചിത്വവുമെല്ലാം രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ കേന്ദ്രമായി കേരളത്തെ ഉയർത്തുന്ന ഘടകങ്ങളാണെന്ന് യുഎഇയിൽ നിന്നുള്ള ബയേഴ്സ് പറഞ്ഞു. അറബ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ ക്ലയന്റുകളെ കേരളത്തിലെ ആയുർവേദ മേഖലയിലേക്ക് ആകർഷിക്കാൻ കെടിഎം പോലുള്ള പരിപാടികൾ പ്രയോജനപ്പെടുമെന്നും അവർ ചൂണ്ടിക്കാട്ടി.

ആയുർവേദ- വെൽനസ് ടൂറിസം മേഖലയിൽ കേരളം കൂടുതൽ വളർച്ച കൈവരിക്കുന്ന ഘട്ടമാണിതെന്ന് കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ലോകമെമ്പാടും ഹെൽത്ത് ടൂറിസത്തിന് പ്രചാരമേറുകയാണെന്നും അതുകൊണ്ടുതന്നെ ഈ മേഖലയിലെ പ്രധാന ലക്ഷ്യസ്ഥാനമായ കേരളത്തിന്റെ സാധ്യതകൾ വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാർ ആരോഗ്യ ടൂറിസത്തെ ടൂറിസം നയത്തിലെ ഒരു പ്രത്യേക മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയെ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയ സംരംഭങ്ങളും പുറത്തിറക്കി. 'കേരള ഹോം ഓഫ് ആയുർവേദ' എന്ന പേരിൽ ആഗോള തലത്തിൽ കേരളത്തെയും ഇവിടത്തെ ആയുർവേദ സമ്പ്രദായത്തെയും വെൽനസ് ടൂറിസത്തെയും അടയാളപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ കെടിഎമ്മിലെ വിദേശ പ്രതിനിധികൾ സംസ്ഥാനത്തെ ആയുർവേദ മേഖലയ്ക്ക് നൽകുന്ന പ്രാധാന്യം നല്ല സൂചനയാണ് കാണിക്കുന്നതെന്നാണ് കെടിഎമ്മിലെ കേരളത്തിൽ നിന്നുള്ള സെല്ലേഴ്സ് പ്രതിനിധികളുടെ അഭിപ്രായം.

രാജ്യത്തെ മുൻനിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന്റെ പതിമൂന്നാം പതിപ്പിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടൺ ഐലന്റിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിലാണ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം സംരംഭകരുടെ 383 സെല്ലർ സ്റ്റാളുകളും കേരളം, തമിഴ്നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയിൽ സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 27 വരെയാണ് കെടിഎം നടക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.