Sections

കേരള സ്റ്റാർട്ടപ് മിഷൻറെ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് സംഗമത്തിന് കോവളത്ത് തുടക്കം

Saturday, Dec 13, 2025
Reported By Admin
Kerala Unveils Vision 2031 at Huddle Global 2025

  • ത്രിദിന പരിപാടിയിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ വിജ്ഞാന സമ്പദ് വ്യവസ്ഥയിലൂന്നിയുള്ള 'വിഷൻ 2031' അവതരിപ്പിച്ചു

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് സംഗമമായ ഹഡിൽ ഗ്ലോബലിൻറെ ഏഴാം പതിപ്പിന് കോവളത്ത് തുടക്കമായി. രാജ്യത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ വളർച്ചയിൽ കേരളത്തിൻറെ നേതൃപരമായ പങ്ക് തുറന്നുകാട്ടുന്ന പരിപാടിയാണ് 'ഹഡിൽ ഗ്ലോബൽ 2025'.

സ്റ്റാർട്ടപ്പുകൾക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡിൽ ഗ്ലോബൽ സഹായകമാകും. ആഗോളതലത്തിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ സെഷനുകളും ചർച്ചകളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിർവചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും.

കേരളത്തിൻറെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നിൽക്കണ്ടുള്ള വിഷൻ 2031 പ്രവർത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടന സെഷനിൽ സംസാരിച്ചു. എഐ, ഓട്ടോമേഷൻ, ഷിപ്പിംഗ് വിതരണ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാൻ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. തുറമുഖ വളർച്ച, വ്യാവസായിക ശേഷി, ഉൾനാടൻ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന തന്ത്രപ്രധാന വികസന മേഖലകളിലൊന്നായി വിഴിഞ്ഞം-കൊല്ലം-പുനലൂർ ട്രയാങ്കിൾ ഉയർന്നുവരുന്നു. വിഴിഞ്ഞം തുറമുഖം അതിൻറെ കവാടമായും ദക്ഷിണ കേരളവും തമിഴ്നാടും നിർമ്മാണ, സമുദ്ര സേവന കേന്ദ്രമായും, പുനലൂർ-തെങ്കാശി ബെൽറ്റ് എഞ്ചിനീയറിംഗ്, കാർഷിക വ്യാവസായിക കേന്ദ്രമായും ഇതിൻറെ ഭാഗമാകുന്നു. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ക്ലീൻ ടെക് വ്യവസായങ്ങൾ എന്നിവയ്ക്ക് സമാനതകളില്ലാത്ത സാധ്യതകൾ ഇത് വാഗ്ദാനം ചെയ്യുന്നു.

എഐ, റോബോട്ടിക്സ്, സെമികണ്ടക്ടർ സാങ്കേതികവിദ്യകൾ, ഭക്ഷ്യ സാങ്കേതികവിദ്യകൾ, ഒപ്റ്റിക്സ്, ഡിജിറ്റൽ എഞ്ചിനീയറിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള സാങ്കേതിക കമ്പനികൾ, നൂതന ഗവേഷണ ലാബുകൾ, പ്രമുഖ സർവകലാശാലകൾ എന്നിവ കൊണ്ടുവരുന്നതിനാണ് ഡിജിറ്റൽ, സയൻസ് പാർക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കെഎസ്യുഎമ്മിൻറെ ഗ്രാൻറ്, സീഡ് ഫണ്ടിംഗ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ സംരംഭ മൂലധനം ആകർഷിക്കുന്നതിനുമായി ഫണ്ട്-ഓഫ്-ഫണ്ടിനൊപ്പം സർക്കാർ കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്സി) വീണ്ടും മൂലധനവൽക്കരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. വളർന്നുവരുന്ന സ്റ്റാർട്ടപ്പുകളുടെ സ്കെയിലിംഗിനെ സഹായിക്കുന്ന സ്വകാര്യ സീഡ് ഫണ്ടിനായി സർക്കാർ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്റ്റാർട്ടപ്പ് സ്ഥാപകൻ കെ.സി ചന്ദ്രശേഖരൻ നായർ എഴുതിയ 'ഇൻകുബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആൻഡ് സ്റ്റാർട്ടപ്സ്' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. മുതിർന്ന ആനിമേഷൻ വിദഗ്ധനും ആനെസി ഇൻറർനാഷണൽ ആനിമേഷൻ ഫെസ്റ്റിവലിലെ അവാർഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്നോപാർക്കിലെ ടൂൺസ് ആനിമേഷൻ സിഇഒ പി.ജയകുമാറിൻറെ സാന്നിധ്യത്തിൽ മന്ത്രി ആദരിച്ചു.

'സ്റ്റാർട്ട് ആക്ഷൻസ് സ്പീക്ക് ലൗഡർ ദാൻ വേർഡ്സ് റിപ്പോർട്ട് ഓൺ എ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം' എന്ന വിഷയത്തിൽ സംസ്ഥാന ഇലക്ട്രോണിക്സ്- ഐടി സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു പ്രഭാഷണം നടത്തി. എഐ, ഇൻറർ-സയൻസ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ ആഴത്തിലുള്ള വൈദഗ്ധ്യവും എഞ്ചിനീയറിംഗ്, ഡാറ്റ, സൈബർ സുരക്ഷ എന്നിവയിലെ വിശാലമായ കഴിവുകളും സംയോജിപ്പിച്ച് വ്യവസായ പങ്കാളികൾക്ക് ശക്തമായ സാന്നിധ്യവും സ്ഥിരമായ നവീകരണവും നൽകുന്ന തൊഴിൽ ശക്തിയെ സൃഷ്ടിക്കുകയാണെന്ന് സാംബശിവ റാവു പറഞ്ഞു. മികച്ച പ്രൊഫഷണലുകളുടെ സാന്നിധ്യം, ഉയർന്ന ജീവിത നിലവാരം, താങ്ങാവുന്ന ചെലവ് എന്നിവ കേരളത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഉന്നത നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് സർക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്. ഉത്തരവാദിത്ത നിക്ഷേപത്തിൻറെയും സാങ്കേതിക മേഖലയുടെയും പ്രോത്സാഹനത്തിൽ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെയും ജർമ്മനിയിലെയുമുള്ള സ്റ്റാർട്ടപ്പുകൾക്ക് സാങ്കേതികവിദ്യയുടെ വിവിധ മേഖലകളിൽ ശക്തമായ സഹകരണം സ്ഥാപിക്കാൻ കഴിയുമെന്ന് 'അതിർത്തികളില്ലാത്ത നൂതനാശയങ്ങൾ: ആഗോള സ്വാധീനത്തിനായി ഇന്ത്യ-ജർമ്മനി പങ്കാളിത്തം കെട്ടിപ്പടുക്കൽ' എന്ന വിഷയത്തിൽ സംസാരിച്ച ജർമ്മൻ അംബാസഡർ ഡോ. ഫിലിപ്പ് അക്കർമാൻ ചൂണ്ടിക്കാട്ടി. ഏതൊരു നൂതന പങ്കാളിത്തവും അതിർത്തികൾക്കപ്പുറമായിരിക്കണമെന്നും ജർമനിയിൽ ഇന്ത്യയിൽ നിന്നുള്ള ഏകദേശം 60,000 വിദ്യാർത്ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകളിലൂടെയും ഒത്തുചേരലുകളിലൂടെയും കാര്യമായ നേട്ടങ്ങൾക്കായി ഹഡിൽ ഗ്ലോബൽ പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്താൻ 'നല്ലൊരു നാളെയ്ക്കായി സംരംഭകരും ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നു' എന്ന വിഷയത്തിൽ സംസാരിക്കവേ കെഎസ്യുഎം സിഇഒ അനൂപ് അംബിക സ്റ്റാർട്ടപ്പുകളോടും സംരംഭകരോടും അഭ്യർത്ഥിച്ചു.

'മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാൻ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളർത്തണം' എന്ന വിഷയത്തിൽ സോഹോ കോർപ്പറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു സംസാരിച്ചു. മികച്ച പ്രൊഫഷണലുകളുടെ സാന്നിധ്യവും ഉയർന്ന ജീവിത നിലവാരവുമാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന സവിശേഷതകളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിലിക്കൺ വാലി മാതൃക പകർത്തുന്നത് എല്ലാ സ്ഥലങ്ങളിലും പ്രവർത്തനക്ഷമമാകില്ല. ശരിയായ രീതിയിൽ കഴിവുകളെ സമീപിക്കുന്നതും ഗവേഷണ വികസനത്തിലെ ദീർഘകാല ശ്രദ്ധയും വിജയത്തിൽ നിർണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാർട്ടപ്പ് സംഗമത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാർട്ടപ്പുകൾ, 100 ഏയ്ഞ്ചൽ നിക്ഷേപകർ, നൂറിലധികം മെൻറർമാർ, ഇരുന്നൂറിലധികം എച്ച്എൻഐകൾ, നൂറിലധികം കോർപറേറ്റുകൾ, നൂറ്റമ്പതിലധികം പ്രഭാഷകർ, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവർ പങ്കെടുക്കും. സ്റ്റാർട്ടപ്പുകൾക്ക് നൂതനാശയങ്ങൾ പ്രദർശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെൻറർഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള വേദിയായി ഹഡിൽ ഗ്ലോബൽ 2025 മാറും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.