Sections

ഹഡിൽ ഗ്ലോബൽ 2025: നിക്ഷേപം സമാഹരണം നടത്തി സി ഇലക്ട്രിക്ക്, ക്രിങ്ക് , ഒപ്പം എന്നീ സ്റ്റാർട്ടപ്പുകൾ

Monday, Dec 15, 2025
Reported By Admin
Three Kerala Startups Raise Funding at Huddle Global 2025

തിരുവനന്തപുരം: ഉൽപ്പന്ന വികസനം ത്വരിതപ്പെടുത്തുന്നതിനും വിപണി വിപുലീകരണത്തിനുമായി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് സ്റ്റാർട്ടപ്പുകൾ നിക്ഷേപം സമാഹരിച്ചു. ക്രിങ്ക്, സി ഇലക്ട്രിക് ഓട്ടോമോട്ടീവ്, ഒപ്പം എന്നീ സ്റ്റാർട്ടപ്പുകളാണ് നേട്ടം കരസ്ഥമാക്കിയത്. കോവളത്ത് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലുകളിൽ ഒന്നായ ഹഡിൽ ഗ്ലോബൽ 2025-ലാണ് കമ്പനികൾ ഇക്കാര്യം പ്രഖ്യാപിച്ചത്.

ജോലിസ്ഥലവും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കി കുടുംബങ്ങളെ ശാക്തീകരിക്കുന്ന നൂതന എഐ പ്ലാറ്റ്ഫോമാണ് ക്രിങ്ക്. ഡീപ്-ടെക് ഇവി സ്റ്റാർട്ടപ്പാണ് സി ഇലക്ട്രിക് ഓട്ടോമോട്ടീവ്. കേരളത്തിലെ ആദ്യ മാനസികാരോഗ്യ ഓൺലൈൻ പ്ലാറ്റ്ഫോമാണ് ഒപ്പം.

ആസ്റ്റർ മിഡിൽ ഈസ്റ്റ് സിഇഒ ഡോ. ഷെർബാസ് ബിച്ചു, അബാദ് ഗ്രൂപ്പ് എന്നിവരിൽ നിന്നായി 1.8 കോടി രൂപയുടെ ഫണ്ടിംഗാണ് ക്രിങ്ക് നേടിയത്. റുസ്തം ഉസ്മാൻ, മറിയം വിധു വിജയൻ, ശ്രുതി പി ആർ എന്നിവർ ചേർന്നാണ് ഈ സ്റ്റാർട്ടപ്പ് തുടങ്ങിയത്. സമാധാനപൂർണമായ കുടുംബജീവിതം ബിസിനസിന് അത്യന്താപേക്ഷിതമാണെന്ന ആശയത്തിലാണ് ക്രിങ്ക് പ്രവർത്തിക്കുന്നത്. കുടുംബജീവിതവും ഔദ്യോഗികജീവിതവും സന്തുലിതമായി കൊണ്ടുപോകാൻ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം. എഐ സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും ചേർത്ത് വച്ച് ജീവനക്കാർ നേരിടുന്ന വെല്ലുവിളികൾക്ക് ദീർഘകാല പരിശീലനവും പിന്തുണയും ക്രിങ്ക് നൽകുന്നു.

മനഃശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിലുള്ള നൂതന മൂല്യനിർണ്ണയ രീതികൾ കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ധാർമ്മികമായ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ഇടപെടലുകളാണ് ഇവർ നടത്തുന്നത്. തൊഴിലും കുടുംബവും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ കുടുംബങ്ങൾ വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മറിയം വിധു പറഞ്ഞു. വെറുമൊരു വെൽനസ് ആപ്പ് എന്നതിലുപരി, വർത്തമാനകാല കുടുംബജീവിതത്തിൻറെ സങ്കീർണ്ണതകൾ മനസ്സിലാക്കി കൃത്യമായ സഹായം നൽകുന്ന വിശ്വസ്തനായ പരിശീലകനായി മാറാനാണ് ക്രിങ്ക് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന പുതുതലമുറ ഇലക്ട്രിക് പവർട്രെയിൻ സംവിധാനങ്ങൾ വികസിപ്പിക്കുന്ന സി ഇലക്ട്രിക് ഓട്ടോമോട്ടീവിൽ പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ സീഫണ്ടാണ് നിക്ഷേപം നടത്തിയത്. ഇവി അസംബ്ലിംഗിൽ നിന്ന് മാറി പവർട്രെയിൻ സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലേക്കുള്ള മാറ്റമാണിതെന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ നിരത്തുകളിൽ ഇതിനകം ഒന്നരലക്ഷത്തിലധികം യൂണിറ്റുകൾ സി ഇലക്ട്രിക് വിന്യസിച്ചിട്ടുണ്ട്.

മോട്ടോർ കൺട്രോളും വെഹിക്കിൾ കൺട്രോളും സംയോജിപ്പിച്ച് പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച (അസംബിൾ ചെയ്യാത്ത) പവർട്രെയിൻ ഇൻറലിജൻസ് സ്റ്റാക്കാണ് സി ഇലക്ട്രിക് നിർമ്മിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഫേംവെയർ, കൺട്രോൾ അൽഗോരിതം, സേഫ്റ്റി ലോജിക്, ഡയഗ്നോസ്റ്റിക്സ്, സിസ്റ്റം-ലെവൽ ഒപ്റ്റിമൈസേഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യയിലെ ഇവി അവസരങ്ങൾ വെറും നിർമ്മാണത്തിലല്ല, മറിച്ച് വാഹനങ്ങളെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലാണെന്ന് സീഫണ്ട് മാനേജിംഗ് പാർട്ണർ മനോജ് കുമാർ അഗർവാൾ പറഞ്ഞു. സിസ്റ്റങ്ങൾ അസംബിൾ ചെയ്യുന്നതിന് പകരം കോർ പവർട്രെയിൻ ഇൻറലിജൻസ് നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി ഇലക്ട്രിക് ആരംഭിച്ചതെന്ന് സഹസ്ഥാപകനും സിഇഒയുമായ ബാവിൽ വർഗീസ് പറഞ്ഞു. സ്വന്തമായി ഫേംവെയറും കൺട്രോൾ അൽഗോരിതവും ഉള്ളതിനാൽ ഒഇഎമ്മുകൾക്ക് സ്വന്തം നിയന്ത്രണത്തിലുള്ള ഇവി പ്ലാറ്റ്ഫോമുകൾ നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കാൻ ആവശ്യമായ സമയവും അറിവും സീഫണ്ടിനുണ്ടെന്നും ഈ പങ്കാളിത്തം വളർച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ മാനസികാരോഗ്യ കൺസൽട്ടിംഗ് കമ്പനിയാണ് ഒപ്പം. എയ്ഞജൽ നിക്ഷേപകരിൽ നിന്നും എയ്ഞ്ജൽ ശൃംഖലയിൽ നിന്നും ഇവർ ഒന്നരക്കോടി രൂപയാണ് നിക്ഷേപമായി കരസ്ഥമാക്കിയത്. പ്രാദേശിക ഭാഷയിൽ 24 മണിക്കൂറും മാനസികാരോഗ്യ കൺസൽട്ടേഷൻ ഇതിലൂടെ സാധ്യമാണ്. ഇബ്രാഹിം ഹഫാസ്, അബ്ദുള്ള കുഞ്ഞി, മുബാഷിറ റഹ്മാൻ എന്നിവരാണ് ഈ സ്റ്റാർട്ടപ്പിൻറെ സ്ഥാപകർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.