Sections

വ്യവസായത്തിൽ കേരളം ലോകത്തിന് തന്നെ മാതൃക: മന്ത്രി 

Saturday, Mar 11, 2023
Reported By admin
kerala

ഒരു ലക്ഷം ലക്ഷ്യമിട്ടപ്പോൾ ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞു


ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ വ്യവസായത്തിൽ കേരളം ലോകത്തിന് തന്നെ മാതൃകയാവുകയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി ആർ അനിൽ. തിരുവനന്തപുരം ജില്ലയിലെ ചെറുകിട വ്യവസായ സംരംഭകരെ പങ്കെടുപ്പിച്ചുള്ള 'അനന്തപുരി മേള 2023' പുത്തരിക്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരു ലക്ഷം സംരംഭങ്ങൾ പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.

ഒരു ലക്ഷം ലക്ഷ്യമിട്ടപ്പോൾ ഒരു ലക്ഷത്തി നാല്പതിനായിരം സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞു. നിരവധി ഉത്പന്നങ്ങൾ സമൂഹത്തിന് പരിചയപ്പെടുത്താനും ജനപ്രീതിയുണ്ടാക്കാനും ഇതിലൂടെ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനായി. വ്യവസായങ്ങൾക്ക് ഇപ്പോൾ കേരളത്തിൽ അനുകൂല കാലാവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മേളയിൽ ജില്ലയിലെ ചെറുകിട സംരംഭകരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവീന ആശയങ്ങളുമായി സംരംഭക രംഗത്തെത്തുന്നവർക്ക് പ്രോത്സാഹനം നൽകുകയും ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തുകയുമാണ് മേളയുടെ ലക്ഷ്യം.

നാല് ദിവസം നീണ്ട് നിൽക്കുന്ന മേള മാർച്ച് 13ന് സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ കെ എസ് എസ് ഐ എ ജില്ലാ സെക്രട്ടറി എം. പ്രേംകുമാർ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർമാരായ ശരത് വി എസ്, എസ്. ഗൗതം യോഗീശ്വർ, അനൂപ് എസ്, ഉപജില്ലാ വ്യവസായ ഓഫീസർ അഭിലാഷ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.