Sections

ഡിജിറ്റൽ ബാങ്കിങ് മേഖലയിൽ പ്രതീക്ഷയേകി ഇസാഫും ഏസ്മണിയും കൈകോർക്കുന്നു

Monday, Dec 18, 2023
Reported By Admin
ISAF Bank and ACE Money

യുപിഐ എടിഎം - ഏജൻസി ബാങ്കിംഗ് സേവനങ്ങൾക്ക് തുടക്കമായി


കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും പ്രമുഖ ഫിൻടെക് സ്ഥാപനമായ റേഡിയന്റ് ഏസ്മണിയും കൈകോർക്കുന്നു. ഡിജിറ്റൽ ബാങ്കിങ് സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് ഇരു സ്ഥാപനങ്ങളും ഏജൻസി ബാങ്കിംഗ് സേവനങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി കരാറിലേർപ്പെട്ടിരിക്കുന്നത്. കൂടാതെ യുപിഐ സംവിധാനം ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്ന യുപിഐ എടിഎം സേവനങ്ങൾക്കും ഏസ്മണി ഇതോടൊപ്പം തുടക്കം കുറിച്ചു.

കേരളം - തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇസാഫിന്റെ ബിസിനസ് കറസ്പോണ്ടന്റായി ഏസ്മണി പ്രവർത്തിക്കും. പ്രധാനമായും റീട്ടെയിൽ സ്ഥാപനങ്ങളായിരിക്കും കരാറിന്റെ ഗുണഭോക്താക്കൾ. വ്യാപാരികൾക്ക് അവരുടെ കടകളിൽ നിലവിലുള്ള സേവനങ്ങൾക്കൊപ്പം ഏജൻസി ബാങ്കിംഗ് സേവനങ്ങൾ കൂടി ഉൾപ്പെടുത്തി ബിസിനസ് കറസ്പോണ്ടന്റ് (ബിസി) പോയിന്റുകളായി ഉയർത്താം. ഇത് വഴി റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ഒരു ബാങ്കിങ് സെന്റർ പോലെ പ്രവർത്തിക്കാൻ കഴിയും. ഉപഭോക്താക്കൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ആധാർ കാർഡുമായി ബിസിനസ് കറസ്പോണ്ടന്റ് പോയിന്റുകളെ സമീപിക്കാം. അക്കൗണ്ടിലേക് പണം നിക്ഷേപിക്കാനും ഇതേ രീതിയിൽ സാധിക്കും. കൂടാതെ ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ, വിവിധ റീചാർജുകൾ, ബിൽ അടവുകൾ തുടങ്ങിയവയും ഇതോടൊപ്പം ലഭ്യമാകും. ഇത്തരത്തിൽ ഒരു സംവിധാനം സ്വന്തം സ്ഥാപനത്തോട് ചേർക്കുന്നത് വഴി റീട്ടെയിൽ വ്യാപാരികൾക്ക് കൂടുതൽ വരുമാനവും ഉപഭോക്താക്കൾക്ക് കൂടുതൽ സേവനങ്ങളും ഉറപ്പാക്കാനാകും. ഏസ്മണിയുടെ നിലവിലുള്ള മറ്റ് സേവനങ്ങളായ അക്കൗണ്ട് ഓപ്പണിങ്, ഇൻഷുറൻസ്, പാൻ കാർഡ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ്, മറ്റ് ഓൺലൈൻ സേവനങ്ങൾ എന്നിവയും ബിസിനസ് കറസ്പോണ്ടന്റ് (ബിസി) പോയിന്റുകൾ വഴി ലഭ്യമായിരിക്കും.

കൂടാതെ യുപിഐ സംവിധാനത്തിന്റെ വർധിച്ചു വരുന്ന സ്വീകാര്യത കണക്കിലെടുത്ത് കേരളത്തിൽ ആദ്യമായി ക്യൂആർ കോഡ് സ്കാനിംഗ് വഴി അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കുന്ന യുപിഐ എടിഎം സേവനവും ഏസ്മണി വിപണിയിൽ അവതരിപ്പിച്ചു. ഒരു തവണ സ്കാനിംഗ് വഴി 1000 രൂപയും ഒരു ദിവസം പരമാവധി 3000 രൂപയുമാണ് നിലവിൽ ലഭ്യമായ പരിധി. ഏത് യുപിഐ ആപ്പ് വഴിയും ഇത്തരത്തിൽ പണം പിൻവലിക്കാനാകും.ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടുന്നതിനും കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ഇത് ഒരു നല്ല അവസരമാണെന്നും, ഇത്തരത്തിൽ ഒരു ആശയം പ്രാവർത്തികമാക്കുന്നത് വഴി ബാങ്കിങ് മേഖലയുടെ ഡിജിറ്റൽ മുന്നേറ്റത്തിന് ഊർജ്ജം പകരാനാണ് ആഗ്രഹിക്കുന്നത് എന്നും ഏസ്മണി മാനേജിങ് ഡയറക്ടർ നിമിഷ ജെ വടക്കൻ പറഞ്ഞു.

ബിസി പോയിന്റുകൾ ആരംഭിക്കുന്നതിനും മറ്റു വിവരങ്ങൾക്കുമായി ഏസ്മണിയുടെ കൊച്ചി ഓഫീസിലോ കസ്റ്റമർ കെയർ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
ഏസ്മണി എസ്സിക്യൂട്ടീവ് ഡയറക്ടർ ജിമ്മിൻ ജെ കുറിച്ചിയിൽ, മാനേജിങ് ഡയറക്ടർ നിമിഷ ജെ വടക്കൻ, എവിപി - ബ്രാൻഡിംഗ് ശ്രീനാഥ് തുളസീധരൻ എന്നിവർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.