Sections

ഭര്‍ത്താവും ഭാര്യയും കുടുംബശ്രീക്കാരി അമ്മച്ചിയും കച്ചവടക്കാരനായ അച്ഛനും ചേര്‍ന്നപ്പോള്‍ കുടുംബത്ത് മാത്രമല്ല സോഷ്യല്‍ മീഡിയയിലും ഇവര്‍ വൈറല്‍ 

Wednesday, Mar 02, 2022
Reported By Ambu Senan
kelvin george

കെല്‍വിനും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരമായ കഥ 'ദി ലോക്കല്‍ ഇക്കോണമി'യുമായി പങ്ക് വെയ്ക്കുകയാണ്

 

സോഷ്യല്‍ മീഡിയയുടെ ശക്തി പല സന്ദര്‍ഭങ്ങളിലും നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. റീല്‍സിലൂടെയും ഷോര്‍ട്ട് വീഡിയോകളിലൂടെയും രസകരമായ വീഡിയോകള്‍ പലതും നമ്മള്‍ കാണാറുണ്ട്. ടിക്ടോക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ആലുവക്കാരന്‍ കെല്‍വിന്‍ ജോര്‍ജ് കൂടുതല്‍ ശ്രദ്ധേയനായത് കെല്‍വിന്റെ അമ്മ റോസ്ലി കൂടി വീഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയപ്പോഴാണ്. ഇന്ന് വീഡിയോയില്‍ അമ്മ ഇല്ലെങ്കില്‍ ലൈക് ഇല്ലാത്ത അവസ്ഥയായി കെല്‍വിന്. അമ്മയും ഭാര്യ ലിജിയും കെല്‍വിനുമാണ് വീഡിയോകളിലെ പ്രധാന കഥാപാത്രങ്ങള്‍. അച്ഛന്‍ ജോര്‍ജ് വല്ലപ്പോഴും വന്നു പോകുന്ന അതിഥി താരമാണ്. വീട്ടിലെ നുറുങ് തമാശകള്‍ റീല്‍സും വീഡിയോയുമായി ഷെയര്‍ ചെയ്ത് വീട്ടമ്മയായ കെല്‍വിന്റെ അമ്മയെ തേടി മലയാള സിനിമയില്‍ നിന്ന് വിളി വരെ വന്നിരിക്കുന്നു.  കെല്‍വിനും കുടുംബവും സോഷ്യല്‍ മീഡിയയിലെ താരമായ കഥ 'ദി ലോക്കല്‍ ഇക്കോണമി'യുമായി പങ്ക് വെയ്ക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താങ്കളുടെയും കുടുംബത്തിന്റെയും ഒരു ലഘു വിവരണം പറയാമോ?

എന്റെ പേര് കെല്‍വിന്‍. ആലുവായിലാണ് ഞങ്ങളുടെ വീട്. അമ്മയുടെ പേര് റോസ്ലി. അച്ഛന്‍ ജോര്‍ജ്. അച്ഛന് ഫ്രൂട്‌സിന്റെ കച്ചവടമാണ്. ഭാര്യ ലിജി നേഴ്‌സ് ആയിരുന്നു. ഞങ്ങള്‍ക്ക് 2 മക്കളാണ്. എനിക്ക് ഒരു അനിയനും അനിയത്തിയുമാണ്. റോള്‍വിനും ന്യൂവിനും. ഞാന്‍ ഇന്റീരിയര്‍ ഡിസൈന്‍ വര്‍ക്ക് സ്വന്തമായി ചെയ്യുന്നു. മുന്‍പ് ഞാന്‍ ഗള്‍ഫിലായിരുന്നു.  

എങ്ങനെയാണ് ഈ സോഷ്യല്‍ മീഡിയ ലോകത്തേക്ക് എത്തിയത്?

ആദ്യം ടിക്ടോക്കിലായിരുന്നു തുടങ്ങിയത്. ഗള്‍ഫില്‍ നിന്ന് തിരികെ നാട്ടില്‍ വന്നപ്പോഴാണ് ഇവിടെ ആകെ ടിക്ടോക് തരംഗമായിരുന്നു. അപ്പോള്‍ നമ്മുടെ ഒരു കൂട്ടുകാരനായിരുന്നു ഇതില്‍ ഒരു കൈ നോക്കാന്‍ ഉപദേശിച്ചത്. അങ്ങനെയാണ് ടിക് ടോക് സ്റ്റാര്‍ട്ട് ചെയ്തത്. അതിന് കാരണം പണ്ട് തൊട്ടേ നമ്മള്‍ എന്തെങ്കിലും തമാശ പറഞ്ഞാല്‍ കൂട്ടുകാര്‍ക്ക് അത് ഇഷ്ടപെടുമായിരുന്നു. അപ്പോള്‍ ആ ഒരു നര്‍മ്മ ബോധം നേരത്തെ തൊട്ടേ ഉണ്ട്. അങ്ങനെ ടിക് ടോക്കില്‍ അക്കൗണ്ട് തുടങ്ങി ഒന്ന് രണ്ട് വീഡിയോ ഇടാന്‍ തുടങ്ങി.അത് ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ തുടങ്ങി.

                                                               

അങ്ങനെ സ്ഥിരമായി വിഡിയോകള്‍ ഇടാന്‍ തുടങ്ങി. ടിക്ടോക്കില്‍ 200K ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അത് ഹാക്ക് ആയി പോയി. പിന്നെ തുടങ്ങിയ അക്കൗണ്ടില്‍ സെല്‍ഫി സ്റ്റിക്കിന്റെ ഒരു വീഡിയോ ഇട്ട്. അത് വൈറലായി. അങ്ങനെ 400K മുകളില്‍ ഫോളോവേഴ്സ് വന്നു. അത് മീഡിയ ഒക്കെ കവര്‍ ചെയ്തിരുന്നു. പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക്ക് നിരോധിച്ചു. പിന്നെ ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലുമായി വീഡിയോ ഇടാന്‍ തുടങ്ങി.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kelvin (@kelvin.2255)

കുടുംബം എങ്ങനെയാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്?

അമ്മയും ഞാനും ഭാര്യയുമാണ് വിഡിയോയില്‍ പ്രധാനമായും വരുന്നത്. അച്ഛന് താല്പര്യമുണ്ടെങ്കിലും ജോലി തിരക്ക് ഉള്ളത് കൊണ്ട് അങ്ങനെ കിട്ടാറില്ല. അനിയന്‍ അങ്ങനെ വിഡിയോയില്‍ വരാറില്ല. അവന്‍ പൊതുവെ ഒരു ഗൗരവക്കാരനാണ്. അനിയത്തി പിന്നെ ഇവിടെ ഇല്ലാത്തത് കൊണ്ട് വിഡിയോയില്‍ ഇല്ല. അവള്‍ക്ക് നല്ല താല്‍പര്യമാണ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kelvin (@kelvin.2255)

പിന്നെ ക്യാമറയും കാര്യങ്ങളും ഒരു ട്രൈപോഡില്‍ സെറ്റ് ചെയ്ത് വെച്ചേക്കുവാണ്. എന്റെ അളിയന്‍ മുന്‍പ് ക്യാമറാമാനായിരുന്നു. ആള് കാനഡക്ക് പോയപ്പോള്‍ ഇത് തന്നിട്ട് പോയി. അതിലാണ് ഫുള്‍ പണി. എന്റെ ഭാഗം ഈ ട്രൈപോഡില്‍ വെച്ചെടുക്കും പിന്നെ ബാക്കിയുള്ളവരുടെ ഞാന്‍ തന്നെ എടുക്കും. 

അമ്മ എങ്ങനെയാണ് വിഡിയോ ചെയ്യാന്‍ തുടങ്ങിയത്?

ഞാന്‍ വീഡിയോ ചെയ്യുമ്പോഴും എഡിറ്റ് ഒക്കെ ചെയ്‌തോണ്ടിരിക്കുമ്പോള്‍ അമ്മ ഇങ്ങനെ വന്നു നോക്കും. പിന്നെ എന്റെ വീഡിയോ ഒക്കെ അമ്മ ഷെയര്‍ ചെയ്യും. അമ്മ ഇവിടെ കുടുംബശ്രീ യൂണിറ്റ് പ്രസിഡന്റാണ്. അങ്ങനെ എന്റെ വീഡിയോ കാണുമ്പോള്‍ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങള്‍ ദേ ആന്റിടെ മോന്‍, ആള്‍ കൊള്ളാല്ലോ എന്നൊക്കെ പറയും. അങ്ങനെ ഒരു ദിവസം അമ്മ പറഞ്ഞു 'ഡാ എന്റേം കൂടെ ഒരു വീഡിയോ എടുക്കെടാ' എന്ന്. അതിനെന്താ അമ്മച്ചി എന്ന് പറഞ്ഞു അന്ന് വീഡിയോ എടുക്കാന്‍ തുടങ്ങിയതാ. ഇന്ന് അമ്മയ്ക്കാണ് ഫാന്‍സ് മുഴുവന്‍.

 

പിന്നെ അമ്മയാണ് ഇപ്പോള്‍ ഓരോ ഐഡിയയായിട്ട് വരുന്നത്. ദേ ഇപ്പോള്‍ ഒരു സിനിമയുടെ ഓഡിഷന് അമ്മയെ വിളിച്ചു. ആന്റണി പെപ്പെയുടെ പുതിയ ചിത്രമാണ്. ഓഡിഷന്‍ കഴിഞ്ഞു. ഇനി എന്താകുമെന്ന് അറിയണം. അങ്ങനെ ഈ വീടും പരിസരവുമായി നടന്ന അമ്മ സോഷ്യല്‍ മീഡിയയുടെ പവര്‍ കാരണം മലയാള സിനിമ വരവ് എത്തി. വലിയ സന്തോഷമാണ് ഇതൊക്കെ.
    

ഈ വീഡിയോ ഒക്കെ സ്‌ക്രിപ്റ്റ് എഴുതിയിട്ടാണോ ചെയ്യുന്നത്?

അല്ല. ഇവിടെ നാട്ടുമ്പുറത്ത് ഒക്കെ നടക്കുന്നതും വീട്ടിലെ തമാശകളുമാണ് ഞങ്ങള്‍ വീഡിയോ ചെയ്യാന്‍ വിഷയമാക്കുന്നത്. സ്‌ക്രിപ്റ്റ് ഒന്നും എഴുതില്ല. എല്ലാം പഴയ പ്രിയദര്‍ശന്‍ പടങ്ങളിലെ പോലെ അപ്പോള്‍ തന്നെയുള്ള ഡയലോഗ് ഡെലിവെറിയാണ്. ഞങ്ങള്‍ മൂന്ന് പേരും കൂടെ ചര്‍ച്ച ചെയ്ത് അങ്ങ് ഷൂട്ട് ചെയ്യും. മൊബൈല്‍ ഫുള്‍ ചാര്‍ജാക്കി ഷൂട്ട് അങ്ങ് തുടങ്ങും. പിന്നെ മൊബൈലില്‍ തന്നെയാണ് എഡിറ്റിംഗ്. 

ആദ്യമായി വീഡിയോ ബന്ധുക്കള്‍ക്കും കൂട്ടുകാര്‍ക്കും അയയ്ച്ചു കൊടുത്തപ്പോഴുള്ള പ്രതികരണം എന്തായിരുന്നു?

എല്ലാരും നല്ല പ്രോത്സാഹനമായിരുന്നു. ഫാമിലി ഗ്രൂപ്പിലും കൂട്ടുകാരുടെ ഗ്രൂപ്പില്‍ നിന്നുമൊക്കെ നല്ല പ്രതികരണമായിരുന്നു. ചിലരൊക്കെ വീഡിയോ കണ്ടിട്ട് ഇങ്ങോട്ടേക്ക് കാണാന്‍ വരും. കുടുംബശ്രീ കൂടുന്നത് മിക്കപ്പോഴും ഇവിടെയായിരിക്കും. അങ്ങനെ കുടുംബശ്രീയിലെ ഒരു ചേച്ചിയുടെ ബന്ധു നമ്മുടെ വീഡിയോ കണ്ടിട്ട് ഇവരെ അറിയാമോന്ന് അവരോട് ചോദിച്ച്. നമ്മളുമായി അത്ര പരിചയമാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് നമ്മളെ കാണണമെന്ന് പറഞ്ഞു. അങ്ങനെ അടുത്ത ദിവസം ഇങ്ങോട്ടേക്ക് വരുന്നുണ്ട്. നമ്മള്‍ അത്ര ഫേമസ് ആയില്ലെങ്കിലും ഇതൊക്കെ വലിയ സന്തോഷമാണ്. അമ്മയ്ക്ക് ഇതൊക്കെ ഭയങ്കര കാര്യമാണ്. 

 

ജോലി, വീഡിയോ മേക്കിങ് ഒക്കെ അല്ലാതെ എന്താണ് കെല്‍വിന്റെ പരിപാടി?

ഞാന്‍ നല്ലൊരു വോളിബോള്‍ പ്ലെയറാണ്. ആറടി ഉയരമുണ്ട് എനിക്ക്. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ വോളിബോള്‍ കളിയ്ക്കാന്‍ തുടങ്ങിയതാ. അങ്ങനെ സ്‌പോര്‍ട്‌സ് ക്വട്ടയില്‍ ഞാന്‍ ആര്‍മിയില്‍ കയറി. മൂന്ന് വര്‍ഷത്തോളം അവിടെ ഉണ്ടായിരുന്നു. പിന്നീട് കേരളത്തിന് വേണ്ടി മൂന്ന് പ്രാവശ്യം വോളിബോള്‍ കളിച്ചിട്ടുണ്ട്. ചെന്നൈ കമാന്‍ഡോ പോലീസില്‍ 5 മാസത്തോളം കളിച്ചു, കൊശമറ്റം ടീമിലും ഉണ്ടായിരുന്നു. വോളിബോള്‍ കളി ഇപ്പോഴും തുടര്‍ന്ന് പോകുന്നു. 

ഇനി എന്താണ് ഭാവി പരിപാടികള്‍?

വീഡിയോ മേക്കിങ് ഇങ്ങനെ തന്നെ തുടര്‍ന്ന് പോകണം. പിന്നെ ഇപ്പോള്‍ ഒരു യൂട്യൂബ് ചാനല്‍ കൂടിയുണ്ട്. അതിലും കൂടി എന്തെങ്കിലും വ്യത്യസ്തമായ കണ്ടെന്റ് ഇടണമെന്നുണ്ട്. വൈഫ് കുറെ ഐഡിയ പറയുന്നുണ്ട്. ഇനി യൂട്യൂബ് കൂടി റെഡി ആക്കണം. നമ്മള്‍ ഈ വീടിന്റെ ഉള്ളില്‍ തന്നെയുള്ള പരിപാടിയല്ല, ഇനി പുറത്തേക്ക് ഇറങ്ങണം. പ്രധാന പ്രശ്നം ഷൂട്ട് ചെയ്യുമ്പോള്‍ ക്യാമറ കൈകാര്യം ചെയ്യാന്‍ ആളില്ലായെന്നതാണ്. അതിന് ഒരു പരിഹാരം കണ്ട് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്  ഫോമിലും സജീവമാകണം.    
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.