Sections

ഒതുങ്ങിക്കൂടി നില്‍ക്കുന്ന ആളായിരുന്നു....പക്ഷെ ഇന്ന് ചളിയോട് ചളി; ഈ ഹോബി ഒരു മാജിക് പോലെ എന്നെ മാറ്റി- ഗ്രീഷ്മ ബോസ്‌

Friday, May 13, 2022
Reported By Jeena S Jayan
greeshma bose,video creator,interview

തൃശൂര്‍ കൊടകരയിലുള്ള സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പാസ്സായ ഗ്രീഷ്മ പഠനത്തിനു പിന്നാലെ ഇപ്പോള്‍ എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.വീഡിയോ ക്രിയേഷന്‍ ഗ്രീഷ്മയ്ക്ക് തന്റെ ഹോബിയാണ്.ഒരുപക്ഷെ അവര്‍ ഏറ്റവും ഇഷ്ടത്തോടെ എന്‍ജോയ് ചെയ്ത് ചെയ്യുന്ന ഹോബി.അമ്മ ഷീലയും അച്ഛന്‍ ചന്ദ്രബോസും മകളുടെ സ്വപ്‌നങ്ങളില്‍ കൈപിടിച്ച് ഒപ്പം ഉണ്ട്.ഗ്രീഷ്മയുടെ കഥ അവള്‍ തന്നെ പറയട്ടെ.....

 

എഞ്ചിനീയറിംഗ് മേഖലയില്‍ നിന്ന് മറ്റൊരുപാട് തൊഴിലിടങ്ങളിലേക്ക് എത്തപ്പെടുന്നവര്‍ ഒരുപാടാണ്.സിനിമയില്‍ പോലും എഞ്ചിനീയര്‍മാരുടെ തള്ളിക്കയറ്റമാണ്.ഇവരൊക്കെ ആ ജോലി ഉപേക്ഷിച്ചാണ് മറ്റൊന്ന് തെരഞ്ഞെടുത്തത്.പക്ഷെ നമ്മള്‍ ഇന്ന് പരിചയപ്പെടുന്ന ആള് പ്രൊഫഷന്‍ വിടാതെ തന്റെ ഹോബിയില്‍ ആനന്ദിക്കുകയാണ്...ആറാടുകയാണ്.

എറണാകുളം നോര്‍ത്ത് പറവൂര്‍ക്കാരി ഗ്രീഷ്മ, എന്ന കോമഡി ചേച്ചി പുള്ളിക്കാരി സ്വയം പരിചയപ്പെടുത്തുന്നത് ഈ ടാഗ് ലൈനോടെയാണ്.ആള് സിവില്‍ എഞ്ചിനീയര്‍ ആണ്.ജോലിയും അതുതന്നെ പക്ഷെ നിങ്ങളില്‍ പലര്‍ക്കും ഗ്രീഷ്മയെ അറിയുന്നത് കോമഡി വൈന്‍സും ഷോര്‍ട് വീഡിയോസും ഒക്കെ ചെയ്തു ചിരിപ്പിച്ചു കൊല്ലുന്ന വീഡിയോ ക്രിയേറ്റര്‍ എന്ന നിലയിലാകും. സിനിമകളില്‍ സലീംകുമാറിനെ പോലെയുള്ള പുരുഷ താരങ്ങളുടെ മാത്രം കുത്തകയായി കരുതുന്ന മുഖഭാവങ്ങളും,തഗ്ഗ് കോമഡികളുമായി സോഷ്യല്‍മീഡിയയില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറുകയാണ് ഈ പെണ്ണ്...

തൃശൂര്‍ കൊടകരയിലുള്ള സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പാസ്സായ ഗ്രീഷ്മ പഠനത്തിനു പിന്നാലെ ഇപ്പോള്‍ എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.വീഡിയോ ക്രിയേഷന്‍ ഗ്രീഷ്മയ്ക്ക് തന്റെ ഹോബിയാണ്.ഒരുപക്ഷെ അവര്‍ ഏറ്റവും ഇഷ്ടത്തോടെ എന്‍ജോയ് ചെയ്ത് ചെയ്യുന്ന ഹോബി.അമ്മ ഷീലയും അച്ഛന്‍ ചന്ദ്രബോസും മകളുടെ സ്വപ്‌നങ്ങളില്‍ കൈപിടിച്ച് ഒപ്പം ഉണ്ട്.ഗ്രീഷ്മയുടെ കഥ അവള്‍ തന്നെ പറയട്ടെ.....

ഗ്രീഷ്മ ഇന്‍സ്റ്റഗ്രാമില്‍ അത്യാവശ്യം അറിയപ്പെടുന്ന കോമഡി കണ്ടന്റ് ക്രിയേറ്റര്‍ ആണ്  ? എങ്ങനെയാണ് ഇത്തരം ഒരു ഐഡിയയിലേക്ക് എത്തുന്നത് ?

പലരെയും പോലെ ഞാനും ആദ്യം ടിക് ടോക്കിലാണ് വീഡിയോകള്‍ ഒക്കെ പോസ്റ്റ് ചെയ്തിരുന്നത്.ആദ്യമൊക്കെ ചുമ്മാ ഡബ്‌സ് മാഷായിരുന്നു.സ്വന്തം ശബ്ദം കൊടുക്കുന്നതിനെ കുറിച്ചൊന്നും ചിന്തിച്ചിരുന്നു പോലുമില്ല.ടിക്ക് ടോക്ക് പോയെ പിന്നെ ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ ചെയ്യാന്‍ തുടങ്ങി അപ്പോഴും ഡബ്‌സ് മാഷ് തന്നെ തുടര്‍ന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ഡബ്‌സ് കണ്ടതു കൊണ്ട് ആളുകള്‍ക്ക് വലിയ എന്റര്‍ടെയ്ന്‍മെന്റൊന്നും കിട്ടില്ലാന്ന് തോന്നിതുടങ്ങി.എനിക്ക് തന്നെ വിരസത വരാന്‍തുടങ്ങി.ഒരു മാറ്റം വേണം എന്ന് അതിശക്തമായ ചിന്തകള്‍ വന്നുതുടങ്ങിയതോടെ ചെറിയ ചെറിയ വിഷയങ്ങള്‍ കണ്ടെത്തി സ്വയം വീഡിയോകള്‍ ക്രിയേറ്റ് ചെയ്തു തുടങ്ങി.വളരെ പതിയെ വന്നൊരു മാറ്റം തന്നെയാണ് ഇത് ഒടുവില്‍ അതങ്ങ് ക്ലിക്കായി..പിന്നെ കയറി കയറി  വീഡിയോ റീച്ചാകാന്‍ തുടങ്ങുകയായിരുന്നു.

വളരെ ഗൗരവമേറിയ എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളാണ്.പക്ഷെ നിങ്ങളുടെ വീഡിയോ കണ്ടാല്‍ ചിരിയോടെ അല്ലാതെ നിര്‍ത്താനാകില്ല.ഗ്രീഷ്മ ശരിക്കും ആളെങ്ങനെ ആണ് ?

ഹാ..ഹാ...അതെ ഞാന്‍ ഒരു സിവില്‍ എഞ്ചിനീയര്‍ തന്നെയാണ്.എറണാകുളത്ത് ബില്‍ടെക് എന്നു പറയുന്ന ഒരു കമ്പനിയില്‍ പ്രൊജക്ട് എഞ്ചിനീയറായി ജോലി ചെയ്യുകയാണ്..ശരിക്കും പറഞ്ഞാല്‍ വീഡിയോ ക്രിയേഷനും എന്റെ പ്രൊഫഷനും തമ്മില്‍ വലിയ അന്തരമുണ്ട്.അതുപോലെ തന്നെ എന്റെ വീഡിയോകളില്‍ കാണുന്ന ഞാനേയല്ല പ്രൊഫഷണല്‍ ലൈഫിലേക്ക് വരുമ്പോള്‍.

ഞാന്‍ ഈ പറയുന്നത് പോലെ വല്ലാതെ തമാശയൊക്കെ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ആളൊന്നുമല്ല.എന്റെ കംഫര്‍ട്ട് സോണില്‍ പക്ഷെ ഞാന്‍ തമാശയൊക്കെ പറയാറുണ്ട്.ഒറ്റവാക്കില്‍ പറഞ്ഞാല്‍ നല്ല ചളിയടിയാണ്.എന്നാല്‍ പുറത്ത് അത്യാവശ്യം സീരയസാണ് എന്നാല്‍ അത്ര ഗൗരവക്കാരിയുമല്ല.


അമ്മയുമായി ചേര്‍ന്നുള്ള വീഡിയോകള്‍ വേറെ ലെവലാണ്,അമ്മ എങ്ങനെയാണ് ഇതിലേക്ക് വരുന്നത് ? താന്‍ അഭിനയിച് വീഡിയോകള്‍ സ്വയം കാണുമ്പോള്‍ അമ്മ എന്താണ് പറയാറ് ?

അമ്മ ഒരിക്കലും ഇങ്ങനെ വീഡിയോ ചെയ്യണം എന്നൊക്കെ ചിന്തിച്ച് ഇതിലേക്ക് വന്നയാളല്ല.ഞാന്‍ ചെയ്യുന്ന വീഡിയോകളൊക്കെ അമ്മ ആസ്വദിച്ച് കാണാറുണ്ട്.അത് ഞാന്‍ ശ്രദ്ധിച്ചിരുന്നു.അങ്ങനെയിരിക്കെ ഒരിക്കല്‍ ഞാന്‍ അമ്മയോട് വീഡിയോ ചെയ്യാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു.എന്റെ കൂടെ വീഡിയോ ചെയ്യാന്‍ ട്രൈ ചെയ്തൂടേ എന്ന് ചോദിച്ചതിന്റെ പിന്തുടര്‍ച്ചയാണ് അമ്മയുടെ എന്‍ട്രി.

എന്റെ വീഡിയോ ഇത്രയധികം കാണാന്‍ അമ്മ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ അമ്മയ്ക്ക് വീഡിയോ ചെയ്യാനും ഇന്‍ട്രസ്റ്റ് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയതിന്റെ പുറത്താണ് അമ്മയോട് ചോദിക്കുന്നത്.ആദ്യം ചെറിയ ചെറിയ ഡബ്‌സ് മാഷുകള്‍ തന്നെയാണ് ചെയ്തത്.പിന്നെ അമ്മ വലിയ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയതോടെ സ്വന്തം ശബ്ദത്തില്‍ തന്നെ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങി.ഇപ്പോള്‍ സത്യം പറഞ്ഞാല്‍ ഓരോ വിഷയമൊക്കെ അമ്മ ഇങ്ങോട്ട് എന്നോട് പറഞ്ഞ് വീഡിയോ ചെയ്യാന്‍ പ്രേരിപ്പിക്കാറുണ്ട്.

ആദ്യമൊക്കെ സാധാരണ എല്ലാ അമ്മമാരെയും പോലെ ചമ്മലൊക്കെ അമ്മയ്ക്കുമുണ്ടായിരുന്നു.വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ പരിചയക്കാരൊക്കെ കണ്ടാ അവരെന്തു പറയും എന്നുള്ള ചിന്തകളും ആശങ്കകളും ഒക്കെ ധാരാളമുണ്ടായിരുന്നു.പിന്നെ അതുമാറി.ഇപ്പോള്‍ ആള് കൂളാണ്. 

ഇപ്പോള്‍ യൂട്യൂബിലും ഫെയ്സ്ബുക്കിലും ഒക്കെ കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ബഹളമാണ്.എന്ത് കൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ മാത്രം മതിയെന്ന് തിരൂമാനിച്ചത് ?

ഇന്‍സ്റ്റഗ്രാമില്‍ മാത്രം വീഡിയോ ചെയ്യുന്നത് മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ താല്‍പര്യമില്ലാത്തതുകൊണ്ടൊന്നുമല്ല.ശരിക്കും അതിനുള്ള സമയം എനിക്ക് ഇല്ലാത്തതുകൊണ്ടാണ്.

എന്റെ പ്രൊഫഷന്റെ കൂടെയാണ് വീഡിയോകള്‍ ചെയ്യുന്നത്.ജോലി സ്ഥലത്തെ പരിപാടികളൊക്കെ കഴിഞ്ഞ് നിരവധി പ്ലാറ്റ്‌ഫോമുകളില്‍ ഒരെ സമയം ശ്രദ്ധിക്കാന്‍ എനിക്ക് സാധിക്കാറില്ല.അത് സ്വയം തിരിച്ചറിയുന്നതു കൊണ്ടാണ് ത്ല്‍ക്കാലം ഇന്‍സ്റ്റഗ്രാമില്‍ മാത്രം നില്‍ക്കാം എന്ന് തീരുമാനിച്ചത്.ജോലിയ്‌ക്കൊപ്പം തന്നെ കരിയറിനെ ബാധിക്കാതെ വീഡിയോ ക്രിയേഷന്‍ എന്ന ഹോബിയും ഒപ്പംകൊണ്ടു പോകണം എന്നാണ് എന്റെ ആഗ്രഹം.

ഈ വീഡിയോകള്‍ക്ക് വേണ്ടിയുള്ള ആശയം  കണ്ടെത്തലും തയ്യാറെടുപ്പുകളും ഒക്കെ എങ്ങനെയാണ് ?

വലിയ പണിയെടുത്ത് ആശയം കണ്ടെത്തുന്നു എന്നൊന്നും വീമ്പുപറയാന്‍ ഞാന്‍ ഇല്ല.അങ്ങനെ വലിയ ആലോചനകളൊന്നു നടക്കാറില്ല.പെട്ടെന്ന് എന്തെങ്കിലും ഒക്കെ തോന്നു അതങ്ങട് ചെയ്യും.പലപ്പോഴും മറ്റെന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിക്കുമ്പോഴാകും ങ്ഹാ...വീഡിയോ പറ്റിയൊരു തുമ്പ് കിട്ടുന്നത്.

മിക്കവാറും എന്റെ റിയല്‍ ലൈഫില്‍ നടക്കുന്ന അല്ലെങ്കില്‍ റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന കണ്ടന്റുകളാണ് ഞാന്‍ ചെയ്യുന്നതൊക്കെ.അമ്മയും ഞാനുമായിട്ടുള്ള വീഡിയോകളൊക്കെ സാധാരണ നടക്കുന്ന സംഗതികള്‍ തന്നെയാണ്.വളരെ പെട്ടെന്ന് നടക്കുന്ന ചിന്തകളാണ് വീഡിയോ ആയി മാറുന്നത്.

ഇന്‍സ്റ്റഗ്രാമിലൊക്കെ അത്യാവശ്യം നല്ല ഉഗ്രന്‍ ഫോട്ടോകള്‍ കാണാമല്ലോ, ആള് ഉഗ്രന്‍ ഒരു ഫൊട്ടോഗ്രഫര്‍ കൂടിയാണ്.അതെ കുറിച്ച് ?

ഫോട്ടോഗ്രഫര്‍ ആണോന്ന് ചോദിച്ചാല്‍..ഞാന്‍ ഫോട്ടോഗ്രഫറൊന്നുമല്ല പക്ഷെ എനിക്ക് ഫോട്ടോയെടുക്കാന്‍ ഇഷ്ടമാണ്. എനിക്ക് ഫോട്ടോഗ്രഫിയുടെ എബിസിഡി അറിയല്ല,പക്ഷെ ഇഷ്ടമാണ്.എനിക്കൊരു ക്യാമറയുണ്ട്.അതില്‍ ചിത്രങ്ങളെടുക്കും ചിലത് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഗ്രീഷ്മയുടെ വീഡിയോകള്‍ കാണുമ്പോള്‍ എല്ലാവരും എന്താണ് കമന്റ് ചെയ്യാറ് ? വിമര്‍ശനങ്ങള്‍ എന്തെങ്കിലും കേള്‍ക്കേണ്ടി വരാറുണ്ടോ ?

എനിക്ക് അങ്ങനെ വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും ഒക്കെ വരുന്നത് നന്നെ കുറവാണ്.വല്ലപ്പോഴും വരാറുണ്ട്.ചില കണ്ടന്റുകള്‍ക്ക് ഇങ്ങനെയുള്ള കമന്റുകള്‍ കാണാറുണ്ട്.പക്ഷെ ഞാന്‍ എന്റെ നിലപാടുകളില്‍ നിന്ന് എനിക്ക് ശരിയെന്ന് തോന്നുന്നതാണ് ചെയ്യുന്നത്.പക്ഷെ അതംഗീകരിക്കാന്‍ കഴിയാത്ത വിരുദ്ധ അഭിപ്രായമുള്ളവരുണ്ടാകുമല്ലോ, വിമര്‍ശനങ്ങളൊക്കെ അതിന്റെ ഭാഗമായി തന്നെയെടുക്കാറാണ് പതിവ്.എനിക്ക് അത്രയും രൂക്ഷമായ വിമര്‍ശനങ്ങളൊന്നും ഉണ്ടായിട്ടില്ല കേട്ടോ...

അച്ഛന്‍ അമ്മയുടെയും മോളുടെയും വീഡിയോകള്‍ക്ക് നല്‍കുന്ന പിന്തുണ ?

ഞങ്ങളെ ഞങ്ങളുടെ ഇഷ്ടത്തിന് വിട്ടു തരുകയാണ് അച്ഛന്‍ ചെയ്യുന്നത്.പുള്ളിക്കാരന്‍ വീഡിയോ കാര്യങ്ങളിലൊന്നും ഇടപടാറേയില്ല.എനിക്കും അമ്മയ്ക്കും ഇഷ്ടമുണ്ടെങ്കില്‍ ചെയ്യാം ഇല്ലെങ്കില്‍ ചെയ്യേണ്ട അത്രയെയുള്ളു അച്ഛന്.

ഇന്‍സ്റ്റഗ്രാം പ്രൊഫൈലിന് അപ്പുറത്തേക്ക് വീഡിയോ ക്രിയേഷന്‍ വ്യാപിപ്പിക്കാനുള്ള ഭാവി പദ്ധതികളെന്തെങ്കിലും ഗ്രീഷ്മ ആലോചിക്കുന്നുണ്ടോ ?

വീഡിയോ ഇപ്പോള്‍ ചെയ്യുന്നതിനെക്കാള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണം എന്ന് തന്നെയാണ് ആഗ്രഹം.ഭാവിയില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുവാണെങ്കില്‍ പോലും സ്റ്റാന്‍ഡ് അപ് കോമഡി പോലുള്ളവയോടാണ് താല്‍പര്യം.ഇതുവരെയും അതിനായുള്ള കാര്യങ്ങളിലേക്കൊന്നും ഞാന്‍ കടന്നിട്ടില്ല.പക്ഷെ ചെയ്യും എന്നെങ്കിലും അതുമാത്രമെ പറയാറായിട്ടുള്ളു.

വീഡിയോ ക്രിയേറ്റര്‍ എന്ന ടാഗില്‍ അറിയപ്പെടാന്‍ തുടങ്ങിയതിനു ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍? ആളുകള്‍ തിരിച്ചറിയുന്നുണ്ടോ ? മറക്കാനാകാത്ത എതെങ്കിലും ഒരു സംഭവം?

വീഡിയോ ക്രിയേറ്റര്‍ ആയതിനു ശേഷം ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്.പ്രധാനമായിട്ടും ആളുകളോടുള്ള എന്റെ ഇടപഴകലൊക്കെ നന്നായി.ഞാനങ്ങനെ അധികം സംസാരിക്കാത്ത,ഒതുങ്ങിക്കൂടിയിരിക്കുന്ന ആളായിരുന്നു.പക്ഷെ ഇപ്പോള്‍ ഞാന്‍ മാറിയിട്ടുണ്ട്.നന്നായി സംസാരിക്കാന്‍ കഴിയുന്നുണ്ട്.

പുറത്ത് ഇറങ്ങുമ്പോള്‍ ചിലരൊക്കെ തിരിച്ചറിയാറുണ്ട്.അവരോട് സന്തോഷത്തോടെ തന്നെ മറുപടി പറയാനും ഒപ്പം നില്‍ക്കാനും ഒക്കെ കുറച്ചുകൂടി ആക്ടീവായതു പോലെ എനിക്ക് തന്നെ തോന്നിയിട്ടുണ്ട്.

ഗ്രീഷ്മയുടെ സ്വപ്നം എന്താണ്? ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി?

പ്രൊഫഷന്‍ ആണ് മെയിന്‍..അതില്‍ തുടരാനാണ് ആഗ്രഹം അതിനൊപ്പം കണ്ടന്റ് ക്രിയേഷനും കൊണ്ടു പോകണം ഒരു വീഡിയോ ക്രിയേറ്റര്‍ ആയിക്കൂടെ അറിയപ്പെടണം എന്ന സ്വപ്‌നമുണ്ട്..ഒന്നിനു വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കാനുള്ള സാഹചര്യമുണ്ടാകരുതെന്നാണ്.

എന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി എന്റെ അമ്മ തന്നെയാണ്.ഞാനീ വീഡിയോകളൊക്കെ ചെയ്യുന്നതിനുള്ള കാരണവും കരുത്തും ഒക്കെ എനിക്ക് പകര്‍ന്നു തരുന്നത് അമ്മയാണ്.അമ്മയുടെ സപ്പോര്‍ട്ടില്ലെങ്കില്‍ ഒരിക്കലും എനിക്ക് ഇതിനൊന്നും സാധിക്കില്ലായിരുന്നു.

അമ്മ ഷീലയെ കുറിച്ച് പറയുമ്പോള്‍ ഗ്രീഷ്മ അറിയാതെ വാചാലയാകുന്നു.അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും സൗഹൃദവും അവര്‍ ചെയ്യുന്ന വീഡിയോകളില്‍  നിന്നു തന്നെ തിരിച്ചറിയാവുന്നതെയുള്ളു.അച്ഛന്റെ അനുഗ്രഹത്തോടെ ഈ അമ്മയും മകളും അവരുടെ ചെറു വീഡിയോകളുമായി നമ്മളെയൊക്കെ ചിരിപ്പിച്ച് ചിരിപ്പിച്ച് മുന്നോട്ട് പോകട്ടെ.....

ഇന്‍സ്റ്റഗ്രാം : https://www.instagram.com/greeshmabose/
 

Story highlights: Greeshma Bose is a engineer along with a reclusive creator of digital content


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.