Sections

വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവും ഏറെ പ്രധാനപ്പെട്ടത്

Saturday, Feb 25, 2023
Reported By admin
business

സംരംഭങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്


കേരളത്തിന്റെ വികസനത്തിൽ ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുസ്ഥിര വികസന ലക്ഷ്യങ്ങൾ ഭാവി കേരളത്തിന് എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കുള്ള ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇപ്പോൾതന്നെ ഒരു വർഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങൾ തുടങ്ങാനാണ് നമ്മൾ ലക്ഷ്യംവച്ചിരുന്നതെങ്കിൽ അത് ഒരുലക്ഷത്തി മുപ്പത്തി മൂവായിരത്തിൽ എത്തിക്കാൻ നമുക്കായി. ഇത് പതിനൊന്ന് മാസത്തോളംകൊണ്ട് കൈവരിച്ച നേട്ടമാണ്. ഇനിയുള്ള ഒരു മാസത്തിൽക്കൂടി ഇതേ വേഗതയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ ലക്ഷ്യംവച്ചതിനേക്കാൾ ഒരുപാട് മുന്നിലെത്താൻ നമുക്കു കഴിയും. അതിനുതകുന്ന ഇടപെടലുകൾ ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാവണം. സംരംഭങ്ങൾ തുടങ്ങുന്നതിനെക്കുറിച്ചു ബോധവത്ക്കരണം നൽകുന്നതോടൊപ്പം സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട അനുമതികൾ താമസംകൂടാതെ തന്നെ ലഭ്യമാക്കുകയും വേണം. അതിനുതകുന്ന നിയമഭേദഗതികൾ സർക്കാർ കൊണ്ടുവന്നിട്ടുണ്ട് എന്നത് എല്ലാവർക്കും അറിവുള്ളതാണ്.

നൂതനാശയങ്ങളെയും ഉത്പന്നങ്ങളാക്കി മാറ്റാൻ നമുക്കു കഴിയണം. അത് ലക്ഷ്യംവച്ചാണ് ഒരു സ്റ്റാർട്ടപ്പ് പ്രോത്സാഹന നയം തന്നെ സംസ്ഥാന സർക്കാർ രൂപീകരിച്ചത്. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് അഫോർഡബിൾ ടാലന്റിൽ ഏഷ്യയിൽ ഒന്നാമത്തെയും ലോകത്ത് നാലാമത്തെയും സ്ഥലമാണ് കേരളം. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഹബ്ബ് നമ്മുടെ നാട്ടിലാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനവും കേരളമാണ്. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി കൂടുതൽ മുന്നേറാൻ നമുക്കു കഴിയേണ്ടതുണ്ട്. അതിന് നിലമൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കണം.

സംരംഭങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം തന്നെ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 2026 ഓടെ 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകിയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിലെത്തിയത്. അതിൽത്തന്നെ 20 ലക്ഷം തൊഴിലവസരങ്ങൾ നൂതന വ്യവസായങ്ങളുടെ രംഗത്താണ് സൃഷ്ടിക്കപ്പെടുക. ഇതിനായുള്ള പ്രവർത്തനങ്ങൾ കെ-ഡിസ്കിന്റെ നേതൃത്വത്തിലുള്ള നോളജ് ഇക്കണോമി മിഷനിലൂടെ ആവിഷ്ക്കരിച്ചു വരികയാണ്. ബാക്കിയുള്ളവ പ്രാദേശിക സർക്കാരുകളിലൂടെയും കാർഷിക - സഹകരണ മേഖലകളിലൂടെയും ഒക്കെയാണ് ഒരുക്കേണ്ടത്.

ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പിന് സഹായം നൽകാൻ കഴിയും. നിലവിൽ പുതുതായി വരുന്ന സംരംഭങ്ങളിൽ അതിദരിദ്രർക്ക് തൊഴിൽ ലഭ്യമാക്കാനും വ്യവസായ വകുപ്പിനു കഴിയും. ആ കുടുബങ്ങളിലെ പുതിയ തലമുറയുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ - സാമൂഹ്യക്ഷേമ - പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വികസന, ന്യൂനപക്ഷക്ഷേമ വകുപ്പുകൾക്ക് കഴിയും. അങ്ങനെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ദാരിദ്ര്യനിർമ്മാർജ്ജന പ്രക്രിയ സാധ്യമാകുന്നത്. അതാണ് ഞാൻ നേരത്തെ സൂചിപ്പിച്ച പരസ്പര പൂരകത്വം. അതുകൊണ്ടുതന്നെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങളൊന്നും ഈ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടിട്ടില്ല എന്നു ചിന്തിച്ചുകൊണ്ട് ഒരു വകുപ്പിനും, ഒരു ഉദ്യോഗസ്ഥനും ഇതിൽ നിന്നും മാറിനിൽക്കാനാകില്ല.

ഏറെ പ്രധാനമാണ് വ്യവസായവത്ക്കരണവും നൂതന ആശയങ്ങളുടെ പ്രോത്സാഹനവും. വ്യവസായവത്ക്കരണം എന്നാൽ വമ്പൻ വ്യവസായങ്ങൾ തുടങ്ങുകയും അവയിൽ കുറച്ചു പേർക്ക് ജോലി നൽകുകയും ചെയ്യുക മാത്രമല്ല. വൻകിട വ്യവസായങ്ങളോടൊപ്പം തന്നെ ചെറുകിട - ഇടത്തരം വ്യവസായങ്ങളും പ്രാദേശിക സംരംഭങ്ങളും ആരംഭിച്ചുകൊണ്ട് സമഗ്രമായ വ്യാവസായിക മുന്നേറ്റം ഉറപ്പാക്കൽ കൂടിയാണ്. അങ്ങനെ ഉത്പാദനവും, ഉത്പാദനക്ഷമതയും വർധിപ്പിക്കാൻ കഴിയണം. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന അധിക വിഭവങ്ങൾ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താൻ ഉപകരിക്കും എന്നുകൂടി നാം ഓർക്കണം എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.