Sections

കാർഷിക സംരംഭങ്ങൾക്ക് ശക്തി പകർന്നുകൊണ്ട് മില്ലറ്റ് കയറ്റുമതിക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്

Saturday, Feb 25, 2023
Reported By admin
lulu

ആരോഗ്യ സംരക്ഷണത്തിന് ആളുകൾക്കിടയിൽ മില്ലറ്റിന് പ്രഥമസ്ഥാനമാണുള്ളത്


ഇന്ത്യൻ സംരംഭക കാർഷിക മേഖലയ്ക്ക് ശക്തി പകർന്നുകൊണ്ട് ഇന്ത്യയിൽ നിന്നുള്ള മില്ലറ്റ് (ചെറുധാന്യം) കയറ്റുമതിക്ക് കേന്ദ്രവും, ലുലു ഗ്രൂപ്പും തമ്മിൽ ധാരണയായി. ഇന്ത്യൻ സംരംഭക - സ്റ്റാർട്ടപ്പ് - കാർഷിക മേഖലകളിൽ സ്ത്രീ ശക്തിക്കുള്ള പ്രാധാന്യം എടുത്തു കാട്ടുക കൂടിയാണ് ഈ ധാരണ.

മില്ലറ്റുകളും മൂല്യവർധിത ഉൽപ്പന്നങ്ങളും റെഡി ടു ഈറ്റ് വിഭവങ്ങളും വനിതാ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, കാർഷിക കൂട്ടായ്മകൾ എന്നിവരിൽ നിന്നുമാണ് സംഭരിച്ച് കയറ്റുമതി ചെയ്യുക. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൽച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റിയും (APEDA) ലുലു ഗ്രൂപ്പും തമ്മിലാണ് കയറ്റുമതി ധാരണയിലെത്തിയത്.

ദുബായിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ വെച്ചാണ് തീരുമാനം. അഗ്രികൽച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ഡോ. എം. അംഗമുത്തു, ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ APEDA ഡയറക്ടർ തരുൺ ബജാജും, ലുലു ഗ്രൂപ്പ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിഐ. സലീമും ധാരണയിൽ ഒപ്പു വെച്ചു.

മില്ലറ്റിന്റെ ഉപയോഗം പൊതുജനങ്ങൾക്കിടയിൽ വ്യാപകമാക്കുന്നതിനും, വിദേശ രാജ്യങ്ങളിൽ കൂടുതൽ പ്രചാരം ലഭിക്കുന്നതിനും കേന്ദ്ര സർക്കാർ 2023 മില്ലറ്റ് വർഷമായി ആചരിക്കുകയാണ്. പുതിയ കേന്ദ്ര ബജറ്റിലും മില്ലറ്റിന്റെ പ്രചരണത്തിനായി സർക്കാർ വക കൊള്ളിച്ചിരുന്നു. ആരോഗ്യ സംരക്ഷണത്തിന് ആളുകൾക്കിടയിൽ മില്ലറ്റിന് പ്രഥമസ്ഥാനമാണുള്ളത്. ഭക്ഷ്യാവശ്യങ്ങൾക്കായി കൃഷി ചെയ്യുന്ന ധാന്യവിളകളിൽ ഉൾപ്പെടുന്നവയാണ് മില്ലറ്റ് അല്ലെങ്കിൽ ചെറുധാന്യങ്ങൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.