Sections

കേരളത്തിലെ ചെറുനഗരങ്ങളിൽ സ്റ്റാർട്ടപ്പുകൾക്ക് അനന്തസാധ്യത

Friday, Feb 24, 2023
Reported By admin
startup

നിരവധി പരിപാടികൾ സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കി വരികയാണ്


വൻകിട നഗരങ്ങളിൽ മാത്രമല്ല, സംസ്ഥാനത്തിന്റെ ചെറുനഗരങ്ങളിലും ടെക്നോളജി സ്റ്റാർട്ടപ്പുകൾക്ക് അനന്തസാധ്യതയാണുള്ളതെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിച്ച ഇഗ്നൈറ്റ് പരിപാടിയിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. ചെറുനഗരങ്ങളിൽ സ്റ്റാർട്ടപ്പ് നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും സംരംഭകരെ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്നതിനുമായി കെ.എസ്.യു.എം ആവിഷ്കരിച്ച പരിപാടിയായ ഇഗ്നൈറ്റിൽ എഴുപതിൽപ്പരം സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്. അതിവേഗം നാഗരികവത്കരണം സംഭവിച്ചു കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ചർച്ചയിൽ സംസാരിച്ച കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക ചൂണ്ടിക്കാട്ടി.

കേരളത്തിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സംവിധാനം നിലവിലുണ്ട്. ചെറുനഗരങ്ങളിൽ ടെക്നോളജി സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനെ കെ.എസ്.യു.എമ്മിന്റെ എല്ലാ സഹകരണവുമുണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കാനുള്ള ധനശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും ഈ നഗരങ്ങളിലുണ്ട്. ഇവർക്ക് സ്റ്റാർട്ടപ്പ് നിക്ഷേപങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുന്നതിനു വേണ്ടിയുള്ള നിരവധി പരിപാടികൾ സ്റ്റാർട്ടപ്പ് മിഷൻ നടപ്പാക്കി വരികയാണ്. കൊല്ലം, പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിലെ ഇൻകുബേഷൻ സെന്ററുകളും ഈ ദൗത്യത്തിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപക ശ്രദ്ധ പിടിച്ചു പറ്റുന്ന രീതിയിൽ എങ്ങിനെ സ്വന്തം സ്റ്റാർട്ടപ്പിനെ അവതരിപ്പിക്കാമെന്ന വിഷയത്തിൽ നടന്ന പിച്ച് ക്ലിനിക്കിൽ പ്രീമാജിക്കിന്റെ സ്ഥാപകൻ അനൂപ് മോഹൻ സംസാരിച്ചു. ശൈശവ ദശയിലുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങളെ എങ്ങിനെ ഉയർത്തിക്കൊണ്ടു വരാം എന്ന വിഷയത്തിൽ ഫ്രഷ് ടു ഹോം സ്ഥാപകൻ മാത്യു ജോസഫ് അനുഭവങ്ങൾ പങ്ക് വച്ചു. സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നതിന്റെ സങ്കീർണതകളും വിശദാംശങ്ങളുമാണ് മലബാർ എയ്ഞ്ജൽ നെറ്റ് വർക്കിന്റെ സഹസ്ഥാപകൻ പി.കെ. ഗോപാലകൃഷ്ണൻ സംസാരിച്ചത്.

വിവിധ വിഷയങ്ങൾ പ്രതിപാദിക്കുന്ന റൗണ്ട് ടേബിൾ ചർച്ചയും ഇഗ്നൈറ്റിന്റെ ഭാഗമായി നടത്തി. ജില്ലാ കളക്ടർ ഡോ. എസ് ചിത്ര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമീണ മേഖലകളിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷൻ ചിറക് വിരിക്കുമ്പോൾ എന്ന വിഷയത്തിൽ അനൂപ് അംബിക സംസാരിച്ചു. കെ.എസ്.യു.എം പ്രൊജക്ട് ഡയറക്ടർ കാർത്തിക് പരശുറാം, ഇൻകുബേഷൻ മാനേജർ വിഗ്നേഷ് രാധാകൃഷ്ണൻ, വിവിധ സ്റ്റാർട്ടപ്പ് പ്രതിനിധികൾ എന്നിവരും പരിപാടിയിൽ സംസാരിച്ചു പ്രാരംഭ ദശയിൽ നേരിടുന്ന പ്രശനങ്ങൾ, സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നീ വിഷയങ്ങളിൽ റൗണ്ട് ടേബിൾ ചർച്ച നടന്നു.

എഴുപതോളം സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യയിലെ നാലു പ്രധാനപ്പെട്ട വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളും പങ്കെടുത്തു. ഇരുപതോളം സ്റ്റാർട്ടപ്പുകൾ നിക്ഷേപകരുമായി സംവദിച്ചു. പ്രോഡക്ട് എക്സ്പോയിൽ പത്ത് സ്റ്റാർട്ടപ്പുകളാണ് പങ്കെടുത്തത്. ഐഐഎടി പാലക്കാട്, പാലക്കാട് മാനേജ്മെന്റ് അസോസിയേഷൻ, ദർശന, കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം എന്നിവരായിരുന്നു പരിപാടിയുടെ പങ്കാളികൾ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.