Sections

മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന വ്യക്തിഗത വായ്പകളുടെ ആകെ ആസ്തി ആയിരം കോടി രൂപ കടന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 13,000 കോടി രൂപയും കടന്നു

Tuesday, Dec 30, 2025
Reported By Admin
Muthoot Microfin Personal Loan AUM Crosses ₹1,000 Crore

കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സി മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളിൽ ഒന്നായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന വ്യക്തിഗത വായ്പാ ആസ്തികൾ ആയിരം കോടി രൂപ കടന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 13,000 കോടി രൂപയും കടന്നിട്ടുണ്ട്.

വൈവിധ്യമാർന്ന വായ്പാ പദ്ധതികൾ ശക്തിപ്പെടുത്തുന്നതിൽ മുത്തൂറ്റ് മൈക്രോഫിൻ കൈവരിക്കുന്ന സുസ്ഥിര വളർച്ചയാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നത്. കമ്പനിയുടെ ബിസിനസിൻറെ അടിത്തറയായി മൈക്രോഫിനാൻസ് തുടരുകയും ചെയ്യുന്നുണ്ട്. അച്ചടക്കത്തോടു കൂടിയ അണ്ടർറൈറ്റിങ്, അടിസ്ഥാന തലത്തിൽ സൂക്ഷ്മതയോടു കൂടിയ പദ്ധതി നടപ്പാക്കൽ, വിവിധ മേഖലകളിലെ ഗുണനിലവാരത്തിൽ ചെലുത്തുന്ന മികച്ച ശ്രദ്ധ എന്നിവയുടെ പിൻബലത്തോടു കൂടിയാണ് വ്യക്തിഗത വായ്പാ മേഖലയിലുള്ള ഈ വളർച്ച.

വായ്പാ വിതരണം കൂടുതൽ മികച്ച രീതിയിലാക്കൽ, ഉപഭോക്താക്കളുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കൽ, ശേഖരണ സംവിധാനം കൂടുതൽ ഫലപ്രദമാക്കൽ തുടങ്ങിയവയിലൂടെ മുത്തൂറ്റ് മൈക്രോഫിൻ സുസ്ഥിരമായ പ്രകടനമാണ് തുടരുന്നത്. 2025 സെപ്റ്റംബർ 30-ലെ കണക്കുകൾ പ്രകാരം 3.36 ദശലക്ഷം സജീവ ഉപഭോക്താക്കൾക്കാണ് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 392 ജില്ലകളിലെ തങ്ങളുടെ 1,718 ശാഖകളിലൂടെ കമ്പനി സേവനം നൽകുന്നത്. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും പ്രത്യേക ശ്രദ്ധ ചെലുത്തിക്കൊണ്ടാണിത്.

തങ്ങളുടെ വളർച്ചാ പാതയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മുത്തൂറ്റ് മൈക്രോഫിൻ ചെയർമാനും നോൺ എക്സിക്യൂട്ടീവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. മൈക്രോഫിനാൻസ് തങ്ങളുടെ മുഖ്യ ബിസിനസായി തുടരുന്നതിനിടെ വ്യക്തിഗത വായ്പകളുടെ വളർച്ചയിൽ ചെലുത്തുന്ന ശ്രദ്ധ കൂടുതൽ ശക്തവും സന്തുലിതവുമായ രീതിയിൽ മുന്നോട്ടു പോകാൻ വഴിയൊരുക്കും. ഉത്തരവാദിത്തത്തോടു വളരാനും ശക്തമായ ഭരണക്രമവുമായി മുന്നോട്ടു പോകാനും ഉപഭോക്താക്കൾക്കും ബന്ധപ്പെട്ട മറ്റെല്ലാവർക്കും സുസ്ഥിര മൂല്യങ്ങൾ പ്രദാനം ചെയ്യാനും തങ്ങൾക്കുള്ള ദീർഘകാല പ്രതിബദ്ധതയാണ് ഈ പുരോഗതിയിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അച്ചടക്കത്തോടു കൂടി വായ്പകൾ കൈകാര്യം ചെയ്ത് ശ്രദ്ധാപൂർവ്വം അതു നടപ്പാക്കുന്നതിലുള്ള വിജയമാണ് വ്യക്തിഗത വായ്പാ മേഖലയിൽ സുസ്ഥിരമായ വളർച്ച കൈവരിച്ചതിലൂടെ കാണാനാവുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സദഫ് സയീദ് പറഞ്ഞു. അച്ചടക്കത്തോടു കൂടിയ വായ്പാ അവലോകനവും ശക്തമായ ശേഖരണ സംവിധാനവും ആരോഗ്യകരമായ പ്രകടനം ഉറപ്പാക്കുന്നതിലുള്ള ശ്രദ്ധയും വഴിയാണ് ഇതു കൈവരിക്കാനായത്. ബിസിനസ് ആവേഗം മെച്ചപ്പെടുത്തുകയും പ്രവർത്തന ചട്ടക്കൂടുകൾ ശക്തമാക്കുകയും ചെയ്ത് തങ്ങൾ ഗുണമേൻമയുള്ള വളർച്ച നിലനിർത്തുകയും എല്ലാവരേയും ഔപചാരിക സാമ്പത്തിക ചട്ടക്കൂടിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താങ്ങാനാവുന്നതും ഉത്തരവാദിത്തത്തോടു കൂടിയതുമായ വായ്പകൾ വഴി വനിതാ സംരംഭകരെ ശാക്തീകരിക്കുന്നതിൽ മുത്തൂറ്റ് മൈക്രോഫിൻ ശ്രദ്ധ തുടരുകയാണ്. ദീർഘകാല വളർച്ച സാധ്യമാക്കുന്ന മേഖലകളിലേക്ക് വായ്പകൾ വിപുലീകരിക്കുന്നുമുണ്ട്. റിസ്ക് മാനേജുമെൻറ് മേഖലയിലും കാര്യക്ഷമത വർധിപ്പിക്കുന്നതിലും ഡിജിറ്റൽ സംവിധാനങ്ങളും ഉപഭോക്തൃ അനുഭവങ്ങളും മെച്ചപ്പെടുത്തുന്നതിലും കമ്പനി നിക്ഷേപം തുടരുന്നുമുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.