Sections

മുത്തൂറ്റ് ഫിനാൻസിന് ചരിത്രനേട്ടം: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ 7,048 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു

Friday, Feb 13, 2026
Reported By Admin
Muthoot Finance Profit Jumps 91% in First 9 Months

  • മുത്തൂറ്റ് ഫിനാൻസിന് മൂന്നാം പാദത്തിൽ 2,656 കോടി രൂപയുടെ റെക്കോർഡ് അറ്റാദായം

കൊച്ചി: കേരളം ആസ്ഥാനമായ ബാങ്ക് ഇതര ധനകാര്യ സ്ഥാപനവും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻബിഎഫ്സിയുമായ മുത്തൂറ്റ് ഫിനാൻസ് നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദങ്ങളിൽ 7,048 കോടി രൂപയുടെ അറ്റാദായം നേടി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 3,693 കോടി രൂപയെ അപേക്ഷിച്ച് 91 ശതമാനം വർധനവാണ് കമ്പനി കൈവരിച്ചിട്ടുള്ളത്.

മുത്തൂറ്റ് ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന സംയോജിത വായ്പ്പാ ആസ്തികൾ 48 ശതമാനം വാർഷിക വർദ്ധനവോടെ എക്കാലത്തെയും ഉയർന്ന നിലയിലായ 1,64,720 കോടി രൂപയിലെത്തി. സംയോജിത ലാഭം എക്കാലത്തെയും ഉയർന്ന നിലയിലായ 7209 കോടി രൂപയിലെത്തി. 84 ശതമാനം വാർഷിക വർധനവാണ് ഇത് സൂചിപ്പിക്കുന്നത്.

മുത്തൂറ്റ് ഫിനാൻസിൻറെ മാത്രം വായ്പകൾ 51 ശതമാനം വർധനവോടെ 1,47,552 കോടി രൂപയിലെത്തി. സ്വർണ്ണ പണയ വായ്പകൾ 50 ശതമാനം വർധിച്ചു 1,39,658 കോടി രൂപയിലെത്തി. കമ്പനി ലോക്കറിൽ ഈടായി സൂക്ഷിച്ചിട്ടുള്ള സ്വർണ്ണത്തിൻറെ മൂല്യം 2,50,100 കോടിയിലെത്തിയതായും 2025 ഡിസംബർ 31ൽ അവസാനിച്ച മൂന്നാം പാദത്തിലെ കണക്കുകൾ സൂചിപ്പിക്കുന്നു.

തങ്ങൾ കൈകാര്യം ചെയ്യുന്ന ആകെ വായ്പാ ആസ്തികളുടെ കാര്യത്തിൽ 1,64,000 കോടി രൂപ എന്ന നിർണായകമായ ഒരു നാഴികക്കല്ലു കടന്ന മികച്ച പ്രകടനമായിരുന്നു എന്ന് സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ്ബ് മുത്തൂറ്റ് പറഞ്ഞു. ആഭ്യന്തര സാമ്പത്തിക പശ്ചാത്തലങ്ങളുടെ പിന്തുണ, കേന്ദ്ര ബജറ്റ് നൽകിയ മികച്ച ആത്മവിശ്വാസം റിസർവ് ബാങ്കിൻറെ നയങ്ങൾ തുടങ്ങിയവ ഈ നിർണായക വളർച്ചയ്ക്ക് സഹായകമായി. ഇവയ്ക്ക് പുറമെ ജിഎസ്ടി നിരക്കു കുറക്കൽ ഉപഭോഗത്തെ പിന്തുണക്കുന്നതിൽ നിർണായക പങ്കാണു വഹിച്ചത്. 7500-ൽ ഏറെ ശാഖകളിലൂടെയുള്ള 50,000-ത്തിൽ ഏറെ പ്രതിബദ്ധരായ ജീവനക്കാരുടെ സേവനം സുസ്ഥിരമായ പ്രകടനത്തിനു പിൻബലമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്പനിയുടെ അറ്റാദായം ചരിത്രത്തിലെ മികച്ച വളർച്ചയായ 50,065 കോടി രൂപയിലെത്തിയതായി പ്രവർത്തന ഫലത്തെ കുറിച്ചു സംസാരിച്ച മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. മുഖ്യ മേഖലയായ സ്വർണ പണയത്തിലുള്ള 50 ശതമാനമെന്ന മികച്ച വളർച്ച ഇതിന് കരുത്തേകി. കഴിഞ്ഞ ഒൻപതു മാസങ്ങളിൽ സ്വർണ പണയ വായ്പകൾ 36,702 കോടി രൂപ വർധിച്ച് 1,39,658 കോടി രൂപയെന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. സ്വർണ പണയ വായ്പകൾക്ക്, പ്രത്യേകിച്ച് ഉൽസവ കാലങ്ങളിലുള്ള വർധിച്ചു വരുന്ന ഡിമാൻഡ് ഈ വർധനവിനു പിന്തുണയേകി. ഏറെ സൗകര്യപ്രദമായ, വിശ്വസനീയമായ, സുരക്ഷിത വായ്പാ സേവനമായി സ്വർണ പണയത്തെ സ്വീകരിക്കുന്നതിലുള്ള വർധനവാണ് ഈ വിജയത്തിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.