- Trending Now:
തിരുവനന്തപുരം: ടെക്നോപാർക്ക് ഫേസ്-1 ൽ റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ബ്രിഗേഡ് ഗ്രൂപ്പ് നിർമ്മിക്കുന്ന വേൾഡ് ട്രേഡ് സെൻററിൻറെ (ഡബ്ല്യുടിസി) ശിലാസ്ഥാപനം നടന്നു. ബെംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പിൻറെ ടെക്നോപാർക്കിലെ പ്രധാന പദ്ധതിയായ ഡബ്ല്യുടിസിയുടെ ശിലാസ്ഥാപന ചടങ്ങിലും ഭൂമിപൂജയിലും ഫലകം അനാച്ഛാദന ചടങ്ങിലും സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് പങ്കെടുത്തു.
20 നിലകളും ഗ്രൗണ്ട് ഫ്ളോറും നാല് ബേസ്മെൻറും അടങ്ങുന്നതാണ് വേൾഡ് ട്രേഡ് സെൻറർ. ആഗോള ബിസിനസ് ഹബ്ബായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഡബ്ല്യുടിസി പ്രാദേശിക ഐടി ആവാസവ്യവസ്ഥ മെച്ചപ്പെടുത്താനും തിരുവനന്തപുരത്തേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.
ടെക്നോപാർക്ക് ഫേസ്-1 കാമ്പസിൽ 1.85 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബ്രിഗേഡ് സ്ക്വയറും ബ്രിഗേഡ് ഗ്രൂപ്പ് ആരംഭിച്ചു. പാർക്ക് സെൻററിന് സമീപത്തായുള്ള ഈ ഐടി കെട്ടിടം ബ്രിഗേഡ് എൻറർപ്രൈസസ് ലിമിറ്റഡിൻറെ എക്സിക്യൂട്ടീവ് ചെയർമാൻ എംആർ ജയ് ശങ്കറിൻറെ സാന്നിധ്യത്തിൽ ടെക്നോപാർക്ക് സിഇഒ സന്ദീപ് കുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്തു.
കമ്പനികൾക്ക് അഭിവൃദ്ധി പ്രാപിക്കാൻ മികച്ച കണക്റ്റിവിറ്റിയും പ്രൊഫഷണലുകളുടെ സാന്നിധ്യവും നഗരത്തിലുണ്ടെന്ന് സന്ദീപ് കുമാർ ഐഎഎസ് പറഞ്ഞു. കമ്പനികൾക്ക് പ്രവർത്തിക്കാൻ ആവശ്യമായ സ്ഥലലഭ്യത ടെക്നോപാർക്ക് വാഗ്ദാനം ചെയ്യുന്നു. വ്യവസായത്തിന് പ്രോത്സാഹനം നൽകുന്നതാണ് പുതിയ ഐടി നയം. കൊച്ചി ഇൻഫോപാർക്കിലെ സ്ഥലക്ഷാമം നയത്തിലെ മാറ്റങ്ങളിലൂടെ പരിഹരിക്കാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സംരംഭത്തെക്കുറിച്ച് കമ്പനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും സംസ്ഥാനത്ത് പ്രൊഫഷണലുകളുടെ വലിയ സാന്നിധ്യമുള്ളത് ഗുണകരമാണെന്നും ജയ് ശങ്കർ പറഞ്ഞു. ദക്ഷിണേന്ത്യയുടെ പ്രാഥമിക വളർച്ചാ എഞ്ചിനായി കേരളം വളർന്നു വരികയാണ്. വേൾഡ് ട്രേഡ് സെൻറർ പോലുള്ള ലോകോത്തര സാധ്യതകൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നും കൊച്ചിയിൽ സാന്നിധ്യം വിപുലീകരിച്ചും ആഗോള നിക്ഷേപം ആകർഷിക്കുകയും വരും ദശകങ്ങളിൽ സംസ്ഥാനത്തിൻറെ വ്യാവസായിക ഭൂപ്രകൃതിയെ പുനർനിർവചിക്കുകയും ചെയ്യുന്ന സുസ്ഥിര ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരങ്ങളെ ആഗോള സാമ്പത്തിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലാണ് ബ്രിഗേഡ് ഗ്രൂപ്പ് ശ്രദ്ധവയ്ക്കുന്നത്. ടെക്നോപാർക്ക് ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന സുപ്രധാന കെട്ടിടമായിരിക്കും ഡബ്ല്യുടിസി. കൊച്ചി ഇൻഫോപാർക്കിൽ നിലവിലുള്ള ഡബ്ല്യുടിസിയോട് ചേർന്ന് മറ്റൊരു ടവർ കൂടി കൂട്ടിച്ചേർത്തുകൊണ്ട് വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഇത് ഡബ്ല്യുടിസിയിലെ നിലവിലുള്ള പ്രവർത്തന ടവറുകൾ ഉൾപ്പെടെ മൊത്തം ഒരു ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഐടി ഓഫീസ് സ്ഥലമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള കമ്പനികൾക്ക് കേരളത്തിൽ അഭിവൃദ്ധി പ്രാപിക്കുന്നതിനുള്ള സമഗ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി തിരുവനന്തപുരത്തെ ഐടി അടിസ്ഥാനസൗകര്യ വികസനങ്ങൾക്കായുള്ള പദ്ധതികൾ വെളിപ്പെടുത്തിക്കൊണ്ടുള്ള ബ്രിഗേഡ് ഗ്രൂപ്പിൻറെ മാർഗരേഖ ഡബ്ല്യുടിസി പ്രസിഡൻറ് ഹൃഷികേശ് നായർ വിശദീകരിച്ചു.
ടെക്നോപാർക്ക് മുൻ സിഇഒമാരായ ജി. വിജയരാഘവൻ, കേണൽ സഞ്ജീവ് നായർ (റിട്ട.), എസ് രാംനാഥ്, ഔറേയ എഫ്എം സർവീസസ് എംഡി വിനീത് വർമ, ബ്രിഗേഡ് എൻറർപ്രൈസസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ റോഷിൻ മാത്യു, ടിഎംഎ പ്രസിഡൻറ് എസ്.എൻ രഘുചന്ദ്രൻ നായർ എന്നിവരും പങ്കെടുത്തു.
1986 ൽ സ്ഥാപിതമായ ബ്രിഗേഡ് ഗ്രൂപ്പ് ഇന്ത്യയിലെ മുൻനിര പ്രോപ്പർട്ടി ഡെവലപ്പർമാരിൽ ഒന്നാണ്. ബിസിനസ് പങ്കാളികൾക്ക് ക്രിയാത്മകമായ അനുഭവങ്ങൾ സൃഷ്ടിക്കുന്നതിലും ഉപഭോക്താക്കളുടെ വിശ്വാസം നേടുന്നതിലും അവർക്ക് ഏകദേശം നാല് പതിറ്റാണ്ടോളം വൈദഗ്ധ്യമുണ്ട്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മൈസൂരു, കൊച്ചി, തിരുവനന്തപുരം, ഗിഫ്റ്റ് സിറ്റി തുടങ്ങി ഇന്ത്യയിലുടനീളമുള്ള നഗരങ്ങളിൽ റെസിഡൻഷ്യൽ, ഓഫീസ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസ മേഖലകളിൽ നിരവധി സുപ്രധാന കെട്ടിടങ്ങളുടെ നിർമ്മാണത്തിലും വികസനത്തിലും ഭാഗമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.