Sections

ഓട്ടോയ്ക്ക് ഇനി മോഡേൺ ലുക്ക്, മഹീന്ദ്ര ഉഡോ ഇ-ഓട്ടോ പുറത്തിറക്കി

Friday, Feb 13, 2026
Reported By Admin
Mahindra Launches UDO Electric Auto for Last-Mile Mobility

കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാണിജ്യവാഹന നിർമാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ്, ലാസ്റ്റ് മൈൽ ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ?ഉഡോ? എന്ന പേരിൽ പുതിയ ഇലക്ട്രിക് ഓട്ടോറിക്ഷ പുറത്തിറക്കി. ഹിന്ദിയിൽ ഉഡോ എന്നാൽ പറക്കുക എന്നാണ് അർഥം. വിമാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ?ഉഡോ?, ഒരു ഓട്ടോപ്ലെയിൻ ആയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങൾക്ക് ചിറകു നൽകാനും ജീവിതത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ അവരെ സഹായിക്കാനും മഹീന്ദ്ര ഉഡോ ലക്ഷ്യമിടുന്നു. 384299.00 രൂപയാണ് എക്സ്-ഷോറൂം വിലയെങ്കിലും പരിമിതമായ കാലയളവിലേക്ക് ഉഡോ 358999.00 രൂപയ്ക്ക് ലഭ്യമാകും.

1948 മുതൽ മാറ്റമില്ലാതെ തുടരുന്ന പരമ്പരാഗത ഓട്ടോ ഡിസൈനുകളിൽ നിന്ന് മാറിയാണ് ഉഡോയുടെ രൂപകൽപന. മഹീന്ദ്രയുടെ ചീഫ് ഡിസൈൻ ആൻഡ് ക്രിയേറ്റീവ് ഓഫീസർ പ്രതാപ് ബോസും സംഘവുമാണ് ഉഡോ ഓട്ടോറിക്ഷയുടെ വിപ്ലവകരമായ രൂപകൽപനയ്ക്ക് പിന്നിൽ. ഈ സെഗ്മെൻറിലെ ആദ്യത്തെ മോണോകോക്ക് നിർമാണ രീതിയിൽ ഡിസൈൻ ചെയ്ത ഉഡോ, ആകർഷകവും വായുഗതിക്ക് അനുയോജ്യവുമായ രൂപഭംഗിയാൽ വേറിട്ടുനിൽക്കുന്നു. ബോൾഡ് ഹെഡ്ലാമ്പുകൾ, സ്റ്റൈലിഷ് മിററുകൾ, വലിയ വിൻഡ്ഷീൽഡ് എന്നിവ വാഹനത്തെ കൂടുതൽ ആകർഷണീയമാക്കുന്നു. ഡ്രൈവർക്കായി പൈലറ്റ് സീറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ വിഭാഗത്തിലെ ഏറ്റവും സുഖപ്രദമായ സീറ്റും, യാത്രക്കാർക്കുള്ള വിശാലമായ ഫസ്റ്റ് ക്ലാസ് ഇരിപ്പിടവും ലോഞ്ചിന് സമാനമായ അനുഭവം നൽകും.

11.7 കെഡബ്ല്യുഎച്ച് ലിഥിയം അയൺ ബാറ്ററി പാക്ക് ആണ് ഉഡോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 10 കി.വാട്ട് പീക്ക് പവറും 52 എൻഎം ടോർക്കും നൽകുന്നു. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാം. മണിക്കൂറിൽ 55 കിലോമീറ്ററാണ് പരമാവധി വേഗത. വാഹനത്തിന് 1.5 ലക്ഷം കിലോമീറ്റർ അല്ലെങ്കിൽ 6 വർഷത്തെ വാറൻറി ലഭിക്കും. കൂടാതെ ഒരു ലക്ഷം കിലോമീറ്റർ വരെ സൗജന്യ സർവീസും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നു. റേഞ്ച്, റൈഡ്, റേസ് എന്നിങ്ങനെ സ്മാർട്ട് ഡ്രൈവ് മോഡുകൾ ഉള്ള ഉഡോ ഈ വിഭാഗത്തിലെ ഏറ്റവും ഊർജക്ഷമതയുള്ള വാഹനം കൂടിയാണ്. വാഹനത്തിൻറെ നിയന്ത്രണം സുഗമമാക്കുന്ന റിവേഴ്സ് ത്രോട്ടിൽ, ക്രീപ്പ് മോഡ് എന്നീ ഫീച്ചറുകൾ ഈ സെഗ്മെൻറിൽ ആദ്യമാണ്. ശക്തമായ ഡ്രം ബ്രേക്കുകൾ ആണ് മറ്റൊരു സവിശേഷത.

ലാസ്റ്റ് മൈൽ ഗതാഗതത്തെ വൈദ്യുതീകരിക്കുക വഴി ഉപഭോക്താക്കളുടെ ജീവിതം അർഥവത്തായ രീതിയിൽ മെച്ചപ്പെടുത്തുക എന്നതാണ് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയിൽ തങ്ങളുടെ ലക്ഷ്യമെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡിൻറെ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സുമൻ മിശ്ര പറഞ്ഞു. ഈ വിഭാഗത്തിൽ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്നുമുള്ള ഞങ്ങളുടെ വിശ്വാസത്തെയാണ് പൂർണമായും പുനർരൂപകൽപന ചെയ്ത മഹീന്ദ്ര ഉഡോ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.