Sections

എസ് ഡിആർ സാങ്കേതിക വിദ്യ: ആഗോളശ്രദ്ധ നേടി കെഎസ് യുഎം സ്റ്റാർട്ടപ്പ്

Friday, Feb 13, 2026
Reported By Admin
Kerala Startup Intot Leads Global SDR Technology in Automotive

രണ്ട് ദശലക്ഷത്തിലധികം വാഹനങ്ങളിൽ എസ് ഡിആർ


തിരുവനന്തപുരം: ഓട്ടോമോട്ടീവ് രംഗത്തെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ ഒന്നായ സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയോ (എസ് ഡിആർ) മേഖലയിൽ ആഗോളശ്രദ്ധ ആകർഷിച്ച് മലയാളി സ്റ്റാർട്ടപ്പ്. കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇൻടോട്ട് ടെക്നോളജീസാണ് പുത്തൻ സാങ്കേതികവിദ്യയിലൂടെ ഡീപ് ടെക് മേഖലയിൽ ചുവടുറപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള ദശലക്ഷത്തിലധികം വാഹനങ്ങളിൽ ഇവരുടെ എസ് ഡിആർ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നു. രാജിത് നായർ, പ്രശാന്ത് തങ്കപ്പൻ എന്നിവരാണ് കൊച്ചി ഇൻഫോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇൻടോട്ട് ടെക്നോളജീസിനു പിന്നിൽ.

ഡിജിറ്റൽ റേഡിയോ റിസീവറിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചിപ്പുകൾക്ക് പകരം സോഫ്റ്റ് വെയർ ഉപയോഗിച്ച് സിഗ്നൽ റിസീവിംഗ് സാധ്യമാക്കുകയാണ് ഇൻടോട്ട് ടെക്നോളജീസ്. ഡിജിറ്റൽ റേഡിയോ സേവനങ്ങൾ (ഡിആർഎം, ഡിഎബി, എച്ച്ഡി റേഡിയോ തുടങ്ങിയവ) ലഭ്യമാക്കുന്ന നൂതന എസ് ഡിആർ (സോഫ്റ്റ് വെയർ ഡിഫൈൻഡ് റേഡിയൊ ) സാങ്കേതികവിദ്യയാണിത്. ഈ സാങ്കേതികവിദ്യാ ഉത്പന്നത്തിന് നിലവിൽ പന്ത്രണ്ട് പേറ്റൻറുകൾ സ്വന്തമാണ്.

ഇൻനോട്ട് വികസിപ്പിച്ച സോഫ്റ്റ് വെയർ റേഡിയോ സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നതിനൊപ്പം ഈ ഡിജിറ്റൽ സിഗ്നലിനെ ഡീകോഡ് ചെയ്ത് ശബ്ദമാക്കി മാറ്റുകയും ചെയ്യും. സ്മാർട്ട്ഫോണിൽ ഒരു പുതിയ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് പോലെ ലളിതമായി ഡിജിറ്റൽ റേഡിയോ സേവനം ലഭ്യമാക്കാൻ ഇൻനോട്ടിൻറെ സോഫ്റ്റ് വെയർ സഹായിക്കും. കുറഞ്ഞ ചെലവ്, കൂടുതൽ കാര്യക്ഷമത, കുറഞ്ഞ ഊർജ്ജ ഉപഭോഗം തുടങ്ങിയവ ഇതിൻറെ മേൻമകളാണ്.

ലോകത്തിൻറെ ഭാവി നിശ്ചയിക്കുന്ന ഡീപ് ടെക് സാങ്കേതിക മേഖലയിൽ ഇൻടോട്ട് ടെക്നോളജീസ് പോലുള്ള സ്റ്റാർട്ടപ്പുകളിലൂടെ ചുവടുറപ്പിക്കാൻ കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. ഒരു സ്റ്റാർട്ടപ്പിൻറെ ആശയരൂപീകരണം മുതൽ അത് ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത് വരെയുള്ള ഓരോ ഘട്ടത്തിലും സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയ്ക്ക് മികച്ച ഉദാഹരണമാണ് ഇൻടോട്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോർബ്സ് ഇന്ത്യയുടെ 'സെലക്ട് 200 ഡീപ് ടെക് ' കമ്പനികളുടെ പട്ടികയിൽ ഇടം നേടാൻ ഇൻടോട്ട് ടെക്നോളജീസിന് സാധിച്ചത് മികച്ച നേട്ടമാണ്. രാജ്യത്തെ ടെക്നോളജി മേഖലയിലെ സുപ്രധാന സംഘടനയായ നാസ്കോമിൻറെ 2023 ലെ എമെർജ് 50 പുരസ്ക്കാരവും ഇൻടോട്ടിന് ലഭിച്ചിട്ടുണ്ട്. ആഴത്തിലുള്ള ഗവേഷണത്തിലൂടെ ടെക് ലോകം നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്ന നൂതന ഉത്പന്നം വികസിപ്പിച്ചതിനായിരുന്നു പുരസ്കാരലബ്ദി. 2020 ൽ ഡിജിറ്റൽ റേഡിയോ മോണ്ടിയേൽ എൻറർപ്രൈസ് അവാർഡ് നേടിയ ഇൻടോട്ട്, വേൽഡ് ഡിജിറ്റൽ ഓഡിയോ ബ്രോഡ്കാസ്റ്റിംഗിലെ കമ്മിറ്റിയംഗം കൂടിയാണ്.

ആഗോളതലത്തിൽ രണ്ട് ദശലക്ഷത്തിലധികം വാഹനങ്ങളിൽ എസ് ഡിആർസാങ്കേതികവിദ്യ ഉപയോഗിക്കുന്ന തലത്തിലേക്ക് വളർന്നതിലൂടെ ഈ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഇൻനോട്ടിന് സാധിച്ചതായി ഇൻനോട്ട് ടെക്നോളജീസ് സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ രാജിത് നായർ പറഞ്ഞു. വാഹനങ്ങളുടെ ഡിജിറ്റൽ കോക് പിറ്റ് ഇലക്ട്രോണിക്സ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രമുഖ അമേരിക്കൻ ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് കമ്പനിയായ വിസ്റ്റിയോൺ കോർപ്പറേഷൻ കഴിഞ്ഞ വർഷം ഇൻടോട്ടിനെ ഏറ്റെടുത്തിരുന്നു. അത്യാധുനിക 'സോഫ്റ്റ് വെയർ ഡിഫൈൻഡ് വെഹിക്കിൾ' (എസ് ഡിവി) നിർമ്മാണത്തിൽ വിസ്റ്റിയോണിന് മുൻതൂക്കം ലഭിക്കാൻ ഇത് സഹായകമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.