Sections

നിങ്ങളുടെ കൗമാര പ്രായത്തിലുള്ളു കുട്ടികളുടെ കാര്യങ്ങളിൽ എങ്ങനെ ഫലപ്രദമായി ഇടപെടാം?

Tuesday, Dec 05, 2023
Reported By Soumya
Teenagers

പതിമൂന്ന് തുടങ്ങി പത്തൊമ്പത് വരെയുള്ള കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഘട്ടം, ഏതൊരു മാതാപിതാക്കളേയും സംബന്ധിച്ച് കൈകാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള സമയമാണ്. മാതാപിതാക്കളുടെ ഉപദേശങ്ങൾ ചെവിക്കൊള്ളാനുള്ള മനസില്ലായ്മ, `എനിക്കറിയാം' എന്ത് ചെയ്യണമെന്ന ഭാവം ഇവയൊക്കെ മാതാപിതാക്കളുടെ ഉറക്കം കെടുത്തുന്നവയാണ്. ഞങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ല എന്ന മനോഭാവവും അതിരു കവിഞ്ഞ ആത്മവിശ്വാസവും ഈ കാലഘട്ടത്തിന്റെ പ്രത്യേതകളാണ്. കൗമാരക്കാരുടെ വളർച്ചയുടെ ഈ കാലഘട്ടത്തെ നേരിടാൻ മാതാപിതാക്കളെ സാഹായിക്കുന്ന പല ഉപദേശങ്ങളും നിർദ്ദേശങ്ങളും ഇന്ന് ലഭ്യമാണ് അവയിൽ ചിലത് ഇവിടെ പറയുന്നത്.

  • കുറച്ചൊക്കെ അവരുടെ ഇഷ്ടങ്ങൾക്ക് വിട്ടുകൊടുക്കുക. ഈ ലോകം എന്താണെന്നും ഇവിടെ തങ്ങളുടെ സ്ഥാനം എന്താണെന്ന് അവർക്ക് മനസ്സിലാക്കാനുള്ള അവസരം കൊടുക്കുക. ഇത് ആത്മവിശ്വാസം വളർത്താനും ഇടയാക്കും. ഇതോടൊപ്പം മോശം കൂട്ടുകെട്ടുകളിൽ നിങ്ങളുടെ കുട്ടികൾ അകപ്പെടാതെ നോക്കേണ്ടത് രക്ഷകർത്താക്കളുടെ ഉത്തരവാദിത്തമാണ്.
  • സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഇത്തരം കൊച്ചു കലഹങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കലാണ് നല്ലത്. സ്വയം തീരുമാനമെടുക്കുന്നതും നടപ്പാക്കുന്നതുമൊക്കെ അടിച്ചമർത്താതിരിക്കുക. അടിച്ചമർത്തിയാൽ ജീവിതത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ വിസമ്മതിച്ച്, തീരുമാനമെടുക്കാൻ ഭയപ്പാടുമായി വീട്ടിലൊതുങ്ങിക്കഴിയുന്ന കുട്ടിയെയാകും നിങ്ങൾ സൃഷ്ടിക്കുക.
  • സ്നേഹത്തോടെയല്ലാത്ത ഉപദേശങ്ങൾ ഒരിക്കലും ഗുണകരമാവില്ല. അവരുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ പോലും മാതാപിതാക്കൾ കൂടെയുണ്ടെന്ന ധാരണ വളർത്തിയെടുക്കണം.
  • മറ്റുള്ളവരുടെ മുന്നിൽവെച്ച്, പ്രത്യേകിച്ച് കൂട്ടുകാരുടെ മുന്നിൽവെച്ച് വഴക്ക് പറയാതിരിക്കുക. കുടുംബ സദസ്സുകളിൽ കുട്ടികളുടെ കുറവുകൾ അവരുടെ മുന്നിൽവെച്ചോ അല്ലാതെയോ ചർച്ച ചെയ്യാതിരിക്കുക.
  • ചെറിയ കാര്യങ്ങൾക്ക് വേണ്ടി അവരെ ശല്യം ചെയ്യാതിരിക്കുക. തല മൊട്ടയടിക്കുക, മുടി കളറു ചെയ്യുക, മുറി അടുക്കും ചിട്ടയിലും ഇടാതിരിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളെ അവഗണിക്കുക.
  • നിങ്ങളുടെ മക്കളുടെ കൂട്ടുകാരേയും കൂട്ടുകാരികളേയും അത്താഴത്തിന് ക്ഷണിക്കുക.വേന്ദ്രന്മാരായ നിങ്ങളുടെ മക്കളുടെ സുഹൃത്തുക്കളെ മനസ്സിലാക്കാൻ ഈ സ്നേഹ വിരുന്നിൽക്കൂടി കഴിയും. അതുപോലെ മാതാപിതാക്കളും കുഞ്ഞുങ്ങളുമായുള്ള ഇടപഴകലുകൾ മനസിലാക്കാൻ ഇത് മറ്റു കുട്ടികളെയും സഹായിക്കും.
  • മക്കളുടെ മേൽ ഏത് തരത്തിലുള്ള അച്ചടക്ക നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന് മാതാപിതാക്കൾ മുൻകൂട്ടി തീരുമാനിക്കണം. മാതാപിതാക്കളുടെ അഭിപ്രായങ്ങൾ ഒരുപോലെ ആയിരിക്കണം. നിങ്ങൾ കുട്ടികളോട് ടിവി കാണേണ്ട എന്ന് പറയുമ്പോഴും, പുറത്തു പോകണ്ട അതുപോലെ മറ്റും പറയുമ്പോൾ മാതാപിതാക്കൾ ഒരുപോലെ ആയിരിക്കണം അതിന് അഭിപ്രായം പറയേണ്ടത്. ഈ അഭിപ്രായത്തെ ചൊല്ലി മാതാപിതാക്കൾ തമ്മിൽ ഒരു ഭിന്നത ഉണ്ടാകാൻ പാടില്ല.
  • സമയത്തിന് വീട്ടിലെത്തുക എന്ന നിബന്ധന വയ്ക്കുമ്പോൾ നിങ്ങളുടെ മക്കൾ എവിടെ പോകുന്നു, ആരുടെ ഒപ്പമാണ് പോകുന്നത് എന്നിവയെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങൾക്കുണ്ടാകണം. ഫോണ് എപ്പോഴും ഓൺ ചെയ്തു വയ്ക്കുവാനും പോകുന്ന സ്ഥലം വിളിച്ചു നിങ്ങളെ അറിയിക്കാനും മക്കളെ ഓർമ്മപ്പെടുത്തണം. ഇത് അവരിൽ ഉത്തരവാദിത്ത ബോധം ഉണ്ടാക്കും.
  • കലഹത്തിൻറെ അന്തരീക്ഷം മാറുമ്പോൾ ക്ഷമയോടെ കുട്ടികളെ സമീപിച്ച് സ്നേഹത്തോടെ കാര്യങ്ങൾ ചർച്ചചെയ്യുക. അവരുടെ പെരുമാറ്റംമൂലം നിങ്ങൾക്കുണ്ടാവുന്ന പ്രയാസങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുക. ഇത്തരം സമീപനം ഒരിക്കൽ ഫലിച്ചില്ലെന്ന് കരുതി പിന്മാറാതെ നിരന്തരം ശ്രമിക്കുക. നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ അവർ ഒടുവിൽ കീഴടങ്ങുക തന്നെ ചെയ്യും.
  • യൗവനവുമായി ബന്ധപ്പെട്ട അപകടങ്ങളെക്കുറിച്ച് മക്കളോട് സംസാരിക്കുക. മയക്കുമരുന്ന്, മദ്യം, ലൈംഗിക പ്രവർത്തികളിലൂടെ ഉണ്ടാകുന്ന വിനകൾ, സുഹൃത്തുക്കളുടെതന്നെയുള്ള ബലാൽസംഗത്തിന് ഇരയാകൽ, കൗമാരത്തിലെ ഗർഭധാരണം തുടങ്ങിയവ വരുത്തുന്ന അപകടങ്ങൾ ഇവയെക്കുറിച്ചെല്ലാം മക്കളോട് സംസാരിക്കുക.
  • അപകടങ്ങൾ ഒഴിവാക്കാൻ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുക. മദ്യപിച്ച് വണ്ടി ഓടിക്കുന്ന ഒരു ഡ്രൈവറോടൊപ്പം വരുന്നതിനേക്കാൾ നീ ഒരു ടാക്സി പിടിച്ചോ അല്ലെങ്കിൽ അച്ഛൻ അമ്മമാരെ വിളിച്ച് അറിയിക്കുകയോ ചെയ്യണമെന്ന് പറയുക.
  • കോളേജിൽനിന്ന് വരുന്ന മക്കളോട് അന്നത്തെ വിശേഷങ്ങൾ ചോദിക്കുകയും അല്ലെങ്കിൽ അന്നത്തെ ദിവസത്തെ രസകരമായ കാര്യങ്ങൾ പറയുവാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
  • ആയിരം വാക്കുകളേക്കാൾ പ്രവർത്തികൾ ഉത്തമം എന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ മുന്നിൽ പരസ്പരം മാതാപിതാക്കൾ മാന്യമായ രീതിയിൽ പെരുമാറുകയും മദ്യപാനം പുകവലി എന്നിവ പോലുള്ളവ ഒഴിവാക്കുകയും ചെയ്യുക. ഉദാഹരണമായി അച്ഛൻ അമ്മയെ ബഹുമാനിക്കുന്നത് കണ്ടാകും ഒരു ആൺകുട്ടി സ്ത്രീകളോട് എങ്ങനെ ബഹുമാനമായി പെരുമാറണം എന്ന് പഠിക്കുന്നത്.
  • നിങ്ങളുടെ മക്കൾക്ക് ഇഷ്ടപ്പെട്ട കളികളെയും കളിക്കാരെയുംക്കുറിച്ച് അറിഞ്ഞിരിക്കുന്നത് അവരുമായുള്ള ആശയവിനിമയം എളുപ്പമാക്കും.

ഓർക്കുക കൗമാരം ഒരു വിഷമഘട്ടമാണ്. ക്ഷമയും സ്നേഹവുമാണ് അത് മറികടക്കാനുള്ള മരുന്ന്. ഒരിക്കലും കടുത്തതും നിരന്തരവുമായ ശിക്ഷകൾ ഗുണംചെയ്യില്ല.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.