- Trending Now:
തിരുവനന്തപുരം: ആഗോള രാഷ്ട്രീയ മാറ്റങ്ങൾ വിപണികളെ പരിവർത്തനപ്പെടുത്തുന്ന സാഹചര്യത്തിൽ, ലോകവ്യാപകമായി വളരുന്നതിന് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ മറ്റ് രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് യൂറോപ്പിൽ നിന്നും കാനഡയിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ ഏഴാം പതിപ്പിൽ 'അതിരുകളില്ലാത്ത വ്യാപാരം' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഫിൻലാൻഡിൽ നിരവധി അവസരങ്ങളുണ്ടെങ്കിലും വിപണി ചെറുതും ചെലവേറിയതുമാണെന്ന് മുംബൈയിലെ ഫിൻലാൻഡ് കോൺസൽ ജനറൽ എറിക് അഫ് ഹോൾസ്റ്റോം പറഞ്ഞു. അതേസമയം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് അവിടെയുള്ള കമ്പനികളുമായി ചേർന്ന് പ്രവർത്തിച്ച് യൂറോപ്യൻ വിപണി ലക്ഷ്യമിടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇതേ അഭിപ്രായത്തിലൂന്നി സംസാരിച്ച ഇന്ത്യയിലെ സ്വിസ്നെക്സ് സിഇഒയും കോൺസൽ ജനറലുമായ ഏയ്ഞ്ചല ഹോങ്കർ ഇന്ത്യക്കാർക്ക് സാങ്കേതികവിദ്യയിലും വിദ്യാഭ്യാസത്തിലും ധാരാളം അവസരങ്ങൾ നൽകാൻ സ്വിറ്റ്സർലൻഡിന് സാധിക്കുമെന്ന് ചൂണ്ടിക്കാട്ടി. പുതിയതായി ആരംഭിച്ച ക്വാണ്ടം കമ്പ്യൂട്ടിംഗ് കേന്ദ്രം ഗവേഷകർക്ക് ഏറെ പ്രയോജനപ്രദമാണ്. ഇത് പൊതുവിപണിക്ക് വേണ്ടിയുള്ളതല്ലെങ്കിലും ഭാവിയിലേക്ക് വളരുന്ന സാങ്കേതികവിദ്യയാണെന്നും ഇതിൽ മറ്റുള്ളവരുമായി യോജിച്ച് പ്രവർത്തിക്കുന്നതിന് സ്വിറ്റ്സർലൻഡിന് താത്പര്യമുണ്ടെന്നും അവർ വ്യക്തമാക്കി.
അമേരിക്കയുമായുള്ള ബന്ധത്തിൽ വെല്ലുവിളികൾ നേരിടുന്ന കാനഡ, ഇന്ത്യയിൽ കൂടുതൽ സാന്നിധ്യവും സഹകരണവും ലക്ഷ്യമിടുന്നതായി ബംഗളൂരുവിലെ കാനഡ കോൺസുലേറ്റ് ജനറൽ മാർട്ടിൻ ബറാട്ട് പറഞ്ഞു. കാനഡയിൽ വലിയ ഇന്ത്യൻ സമൂഹമുണ്ടെങ്കിലും സിഖുകാരുമായാണ് കൂടുതൽ സഹകരിക്കുന്നതെന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നുള്ളവരുമായി ബന്ധം ശക്തമാക്കുന്നതിന് കാനഡ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന എഐ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് കാനഡയിൽ നിന്ന് വലിയൊരു പ്രതിനിധി സംഘം ന്യൂഡൽഹിയിൽ എത്തുമെന്നും അതിനുശേഷം കൂടുതൽ സഹകരണ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ രംഗത്തെ പ്രമുഖർ ഈ സംഘത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂറോപ്പിലേക്കുള്ള വാതിലാണ് തന്റെ രാജ്യമെന്നും യൂറോപ്യൻ വിപണി ലക്ഷ്യമിടുന്ന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരങ്ങൾ അവിടെ ലഭ്യമാണെന്നും ഓസ്ട്രിയൻ ട്രേഡ് കമ്മീഷണർ ഹാൻസ് ഹോർട്ട്നഗൽ പറഞ്ഞു. യൂറോപ്പിൽ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ് അവിടെയുള്ള സംസ്‌കാരവും സംവിധാനങ്ങളും മനസിലാക്കണമെന്നും അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസ്ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിലിന്റെ നാഷണൽ അസോസിയേറ്റ് ചെയർ പ്രസിഡന്റ് ഇർഫാൻ മാലിക് മോഡറേറ്ററായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.