Sections

ആരോഗ്യകരമായ ജീവിതശൈലിക്കായി ഒഴിവാക്കേണ്ട ഭക്ഷണസാധനങ്ങൾ

Tuesday, Mar 26, 2024
Reported By Soumya
Unhealthy Food

ദിവസവും മൂന്നോ നാലോ നേരം നിങ്ങൾ ഭക്ഷണം കഴിക്കാറുണ്ടാകും. ചിലപ്പോഴെങ്കിലും ആ ഭക്ഷണം ശരീരത്തിന് ഒരു ഗുണവും ചെയ്യാത്തതാണ്. രുചി തോന്നുന്നതു കൊണ്ടു കഴിക്കുന്നു എന്നു മാത്രം. ആരോഗ്യം കളയും എന്നല്ലാതെ അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ഭക്ഷണം ശരിയായ രീതിയിൽ കഴിക്കണം. ഡയറ്റും വർക്കൗട്ടും ചെയ്യുന്നില്ലെങ്കിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരണം. ഗുണം നോക്കാതെ രുചി മാത്രം നോക്കി കഴിക്കുമ്പോൾ കൂടെ വരുന്നത് കൊളസ്ട്രോളും രക്തസമ്മർദവും പ്രമേഹവും ഒക്കെയാകാം. അനാരോഗ്യ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽത്തന്നെ നഷ്ടപ്പെട്ട ആരോഗ്യം തിരികെ വരും. തീർച്ചയായും ഒഴിവാക്കേണ്ട ചില ഭക്ഷണസാധനങ്ങൾ ഏതൊക്കെയാണ് എന്നറിയാം.

  • വറുത്ത ഭക്ഷണങ്ങൾ അമിതമായാലുള്ള ഫലം ധമനികളിൽ രക്തം കട്ടപിടിക്കലും ഹൃദ്രോഗവും ഒക്കെയാണ്. ഉയർന്ന കൊളസ്ട്രോളും ഹൃദയ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയും കൂടുതൽതന്നെ.
  • ബേക്കൺ, സോസേജ് പോലുള്ള പ്രോസസ് ചെയ്ത ഇറച്ചി ആരോഗ്യത്തിന് ഒട്ടും നന്നല്ല. ദീർഘനാൾ കേടുകൂടാതിരിക്കാൻ ഉപ്പിന്റെ രൂപത്തിൽ ധാരാളം സോഡിയവും ഇവയിലടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദത്തിനും കാൻസറിനുമുള്ള സാധ്യത കൂട്ടുന്നു. ഇറച്ചി നിങ്ങൾക്കിഷ്ടമാണെങ്കിൽ പ്രോസസ് ചെയ്തതിന്റെ പുറകെ പോകാതെ ഫ്രഷ് ആയത് തിരഞ്ഞെടുക്കാം.
  • ധാരാളം അന്നജം അടങ്ങിയതിനാൽ ബ്രഡ് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇതിലടങ്ങിയ കാലറിയും കാർബോഹൈഡ്രേറ്റും പഞ്ചസാരയായി മാറും. പോഷകങ്ങളും റൊട്ടിയിൽ കാര്യമായി ഇല്ല.
  • ശീതളപാനീയങ്ങളും പായ്ക്കറ്റിൽ ലഭിക്കുന്ന ജ്യൂസും കൃത്രിമ മധുരങ്ങൾ ധാരാളമായി അടങ്ങിയതാണ്. ഇത് ആരോഗ്യത്തിനു ദോഷം ചെയ്യും. പഞ്ചസാരയും കാലറിയും കൂടുതൽ ശരീരത്തിൽ ചെല്ലുക വഴി പ്രമേഹവും പല്ലുകൾക്കു കേടുപാടുകളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. എനർജി ഡ്രിങ്കുകൾ പോലും ശരീരത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല.
  • പ്രഭാതഭക്ഷണമായി കഴിക്കുന്ന പല ധാന്യങ്ങളും (cereals) യഥാർഥത്തിൽ ആരോഗ്യകരമല്ല. അവയിൽ ജീവകങ്ങളും ധാതുക്കളും പോഷകങ്ങളും ധാരാളം ഉണ്ടാകാം. എങ്കിലും അവയിലടങ്ങിയ മധുരം അനാരോഗ്യകരമാണ്. നാരുകൾ ആകട്ടെ ഒട്ടും ഇല്ല താനും.
  • പ്രകൃതിദത്ത മധുരം ഉപയോഗിക്കണം. കൃത്രിമമധുരങ്ങൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കും പ്രമേഹത്തിനും മറ്റ് ഗുരുതര രോഗങ്ങൾക്കും കാരണമാകും. ചായയിലും കാപ്പിയിലും ചേർക്കുന്ന പഞ്ചസാര പോലും 'വെളുത്ത വിഷം' എന്നാണറിയപ്പെടുന്നത് എന്നോർക്കുക.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.