Sections

നിശാഗന്ധി നൃത്തോത്സവം ഇന്ന് (ഫെബ്രുവരി 13 ന്) ആരംഭിക്കും

Friday, Feb 13, 2026
Reported By Admin
Padma Shri Darshana Jhaveri Wins Nishagandhi Award

  • നിശാഗന്ധി പുരസ്‌കാരം മണിപ്പൂരി നർത്തകി പദ്മശ്രീ ദർശന ജാവേരിയ്ക്ക്
  • മന്ത്രി പി എ മുഹമ്മദ് റിയാസ് പുരസ്‌കാരം സമ്മാനിക്കും
  • കഥകളി മേളയ്ക്കും അരങ്ങുണരും

തിരുവനന്തപുരം: നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിൻറെ ഈ വർഷത്തെ നിശാഗന്ധി പുരസ്‌കാരം പ്രശസ്ത മണിപ്പൂരി നർത്തകി പദ്മശ്രീ ദർശന ജാവേരിയ്ക്ക് ലഭിച്ചു.

കനകക്കുന്ന് കൊട്ടാരം മൈതാനത്ത് വെള്ളിയാഴ്ച (ഫെബ്രുവരി 13) വൈകുന്നേരം 6 ന് കേരള ടൂറിസം സംഘടിപ്പിക്കുന്ന നിശാഗന്ധി നൃത്തോത്സവത്തിൻറെ ഉദ്ഘാടന ചടങ്ങിൽ ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് നിശാഗന്ധി പുരസ്‌കാരം സമ്മാനിക്കും.
 
മണിപ്പൂരി നൃത്തത്തിൻറെ പാരമ്പര്യം പ്രചരിപ്പിക്കുന്നതിനും വേരറ്റ് പോകാതെ കാത്തുസൂക്ഷിക്കുന്നതിനുമായി ജീവിതം മാറ്റിവെച്ച പദ്മശ്രീ ദർശന ജാവേരിയുടെ കലാസപര്യയ്ക്കുള്ള അംഗീകാരമായാണ് നിശാഗന്ധി പുരസ്‌കാരം സമ്മാനിക്കുന്നത്. ഏകദേശം 60 വർഷമായി മണിപ്പൂരി നൃത്തമേഖലയിലുള്ള പത്മശ്രീ ദർശന ജാവേരിയുടെ സംഭാവനകൾ നിസ്തുലമാണ്.

ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരള ടൂറിസം സെക്രട്ടറി കെ. ബിജു ചെയർമാനും കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ കൺവീനറുമായ ജൂറിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്.

ഫെബ്രുവരി 13 മുതൽ 20 വരെ നടക്കുന്ന നൃത്തോത്സവത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, മണിപ്പൂരി, സത്രിയ, കഥക്, ഒഡീസി തുടങ്ങി നൃത്തരംഗത്തെ പ്രഗത്ഭ കലാകാരൻമാർ അണിനിരക്കും.

ഏഴു ദിവസം നീണ്ടുനിൽക്കുന്ന കഥകളി മേളയ്ക്കും കനകക്കുന്ന് വേദിയാകും. എല്ലാ ദിവസവും വൈകിട്ട് 5.30 ന് കനകക്കുന്ന് കൊട്ടാരത്തിനകത്തെ വേദിയിലാണ് കഥകളി നടക്കുക.

'ലവണാസുരവധം' (ഫെബ്രുവരി 13), 'രാവണോദ്ഭവം' (ഫെബ്രുവരി 14), 'നളചരിതം മൂന്നാം ദിവസം'(ഫെബ്രുവരി 15), 'ബകവധം' (ഫെബ്രുവരി 16), 'കർണ്ണ ശപഥം' (ഫെബ്രുവരി 17), 'ദുര്യോധനവധം' (ഫെബ്രുവരി 18), 'ദക്ഷയാഗം' (ഫെബ്രുവരി 19), 'തോരണ യുദ്ധം' (ഫെബ്രുവരി 20) എന്നിവ ഇതിൻറെ ഭാഗമായി നടക്കും.

ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് പത്മശ്രീ ഡോ. നർത്തകി നടരാജ്  ഡോ.രാജശ്രീ വാര്യർ എന്നിവർ ഭരതനാട്യം അവതരിപ്പിക്കും. തുടർന്ന് 8.30 ന് ലതാസന ദേവിയും സംഘവും അവതരിപ്പിക്കുന്ന മണിപ്പൂരി നൃത്തമുണ്ടാകും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന ക്ലാസിക്കൽ നൃത്ത രൂപങ്ങളാണ് നൃത്തോത്സവത്തിൽ അരങ്ങേറുക.

നിശാഗന്ധി നൃത്തോത്സവത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.